Image

ആദ്യഗോളും തുണച്ചില്ല; കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ ‘സമനിലക്കളി

Published on 03 December, 2017
ആദ്യഗോളും തുണച്ചില്ല; കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ ‘സമനിലക്കളി

കൊച്ചി: കാത്തുകാത്തിരുന്ന് സീസണിലെ മൂന്നാം മല്‍സരത്തില്‍ വിരുന്നെത്തിയ ആദ്യ ഗോളിന്റെ ആവേശത്തിനിടയിലും ബ്‌ലാസ്‌റ്റേഴ്‌സിനെ വിടാതെ സമനിലക്കുരുക്ക്. തുടര്‍ച്ചയായ മൂന്നാം ഹോം മല്‍സരത്തിനിറങ്ങിയ കേരളാ ബ്‌ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി എഫ്‌സിയാണ് ഇത്തവണ സമനിലയില്‍ തളച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ഗോള്‍രഹിത സമനില ആയിരുന്നെങ്കില്‍ മുംബൈയ്‌ക്കെതിരെ ഒരു ഗോളടിച്ച് ഒന്നു തിരിച്ചുവാങ്ങിയാണ് സമനില വഴങ്ങിയതെന്ന വ്യത്യാസം മാത്രം. 14ാം മിനിറ്റില്‍ മാര്‍ക്കോസ് സിഫ്‌നിയോസ് നേടിയ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ 77ാം മിനിറ്റില്‍ ബല്‍വന്ത് സിങ് നേടിയ ഗോളിലൂടെയാണ് മുംബൈ തളച്ചത്. അതേസമയം, അവസാന മിനിറ്റുകളില്‍ മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങിയ മലയാളി താരം സി.കെ. വിനീത് ചുവപ്പുകാര്‍ഡുമായി പുറത്തായത് ബ്‌ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. മല്‍സരം അവസാനിക്കാന്‍ ഒരു മിനിറ്റു ശേഷിക്കെയായിരുന്നു ഇത്.

സമനിലയോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കേരളാ ബ്‌ലാസ്‌റ്റേഴ്‌സ്. നാലു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി തൊട്ടു മുന്നിലുണ്ട്. ഈ മാസം ഒന്‍പതിന് ഗോവയ്‌ക്കെതിരെ അവരുടെ മൈതാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. അതിനുശേഷം 15ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കൊച്ചിയില്‍ തിരിച്ചെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക