Image

സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം

Published on 15 December, 2017
സോണിയ ഗാന്ധി  രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം.

സോണിയാ ഗാന്ധി കോണ്‍ഗ്രസ്‌ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്നുമാണ്‌ വിരമിക്കുന്നതെന്നും അല്ലാതെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയല്ലെന്നും പാര്‍ട്ടി വക്താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു.

നീണ്ട 19 വര്‍ഷത്തിനു ശേഷമാണ്‌്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷസ്ഥാനത്തു നിന്നും സോണിയാഗാന്ധി പടിയിറങ്ങുന്നത്‌. ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ്‌ അധ്യക്ഷപദവി വഹിച്ചതിന്റെ റെക്കോര്‍ഡും സോണിയ ഗാന്ധിക്കു തന്നെ. 1991ല്‍ പ്രധാനമന്ത്രിയായിരിക്കെ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജിവ്‌ ഗാന്ധി വെടിയേറ്റു മരിച്ചതോടെ കോണ്‍ഗ്രസ്‌ നേതൃത്വം പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷം 1998 മാര്‍ച്ചില്‍ ആ പദവി ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ 61ാമത്തെ പ്രസിഡന്റായിരുന്നു സോണിയ.

2004ലെ തെരഞ്ഞെടുപ്പു വിജയത്തിനൊടുവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന്‌ ഉറപ്പിച്ചെങ്കിലും സോണിയ ഗാന്ധി അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. ഡോ.മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ച സോണിയ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃസ്ഥാനവും യു.പി.എ അധ്യക്ഷസ്ഥാനവും ഏറ്റെടുത്തു.

അതേസമയം പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്നുള്ള വിരമിക്കല്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയില്ല. കോണ്‍ഗ്രസ്‌ നേതൃത്വംഅറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക