Image

മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍ (സ്മരണകളിലൂടെ/ അനുഭവങ്ങളിലൂടെ: അബ്ദുള്‍ പൂന്നയൂര്‍ക്കുളം)

അബ്ദുള്‍ പൂന്നയൂര്‍ക്കുളം Published on 23 December, 2017
മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍ (സ്മരണകളിലൂടെ/ അനുഭവങ്ങളിലൂടെ: അബ്ദുള്‍ പൂന്നയൂര്‍ക്കുളം)
1979 ല്‍ മഡ്രാസി(ചെന്നൈ)ല്‍ നിന്ന് മലേഷ്യയിലേക്കുള്ള ആദ്യയാത്ര വിമാനമാര്‍ഗമായിരുന്നു. ഒരു മാറ്റത്തിനുവേണ്ടി 1980 ല്‍ കരവഴി ബംഗ്ലാദേശ്, ബര്‍മ്മ, തായ്‌ലാന്റ്, മലേഷ്യ വഴി സിംഗപ്പൂരില്‍ എത്തി, അവിടെ നിന്ന് ഫിലിപൈന്‍സ്, ജപ്പാന്‍, ഹവായ് വഴി സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ എത്തണമെന്ന ഉദ്ദേശ്യത്തില്‍ കൊല്‍ക്കത്ത(കല്‍ക്കത്ത)യിലെത്തി.

കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് കണ്‍സുലേറ്റില്‍ നിന്ന് വെറും മൂന്നു ദിവസമേ ബംഗ്ലാദേശ് സന്ദര്‍ശനത്തിനു വിസ ലഭിച്ചുള്ളൂ. ബസില്‍ ഡാക്കയിലെത്തിയപ്പോഴേക്കും മൂന്നു ദിവസത്തെ വിസ തീര്‍ന്നു. രണ്ടു ദിവസം കഴിഞ്ഞു എന്റെ ലോഡ്ജില്‍ താമസിക്കുന്ന ഒരു B.A. ക്കാരനുമായി പരിചയപ്പെട്ടു. അയാളുമായി നഗരം ചുറ്റി. മിക്കയിടങ്ങളിലും മനുഷ്യര്‍ വലിക്കുന്ന ഓട്ടോ റിക്ഷകളില്‍ സഞ്ചരിച്ചു. ഒരു കാറുപോലും കണ്ടതായി ഓര്‍മയില്ല.

ഒരു പുലരിയില്‍ ഞങ്ങള്‍ അയാളുടെ സുഹൃത്തിന്റെ വീട്ടില്‍ പോയി, സംസാരിച്ചിരിക്കെ, ഒരു ഗ്ലാസ് വെള്ളം ചോദിച്ചു: മറുപടിയായി എന്തോ കാണിച്ചുതരാനെന്നോണം സുഹൃത്തും വീട്ടുടമസ്ഥനും എന്നെ വീടിന്നടുത്തുള്ള ഒരു കുളത്തിലേക്ക് കൊണ്ടുപോയിട്ട് പറഞ്ഞു: 'ആവശ്യമുള്ള വെള്ളം കുടിച്ചോളു.'

ഞാന്‍ അതിശയോക്തിയോടെ. ഈ കാവി വെള്ളമോ? സുഹൃത്ത് ലാഘവത്തോടെ: 'We all drink this water' എന്നു പറഞ്ഞു സുഹൃത്ത് കൈക്കുമ്പിള്‍ നിറയെ വെള്ളമെടുത്തു കുടിച്ചു. വീട്ടുടമയും അതാവര്‍ത്തിച്ചപ്പോള്‍ എനിക്കു ധൈര്യമായി.

വൈകീട്ട് നടക്കുന്നതിനിടെ താഴെക്കിടയിലുള്ള ഒരു കടയില്‍ കയറി ചായകുടിക്കവെ, അവിടെനിന്ന് ഒരു യാചനാസ്വരത്തിലുള്ള ഒച്ച കേട്ടു. അത് ഒരു കസ്റ്റമര്‍ ആ പീടികക്കാരനോട് ഒരു ഉരുളക്കിഴങ്ങിന്റെ കഷ്ണം ചോദിക്കുകയാണ്. അയാള്‍ക്കു പലഹാരത്തിന്റെ കൂടെ കൊടുത്ത സാമ്പാറില്‍ കഷ്ണം കിട്ടിയില്ലെന്ന് തോന്നുന്നു. അയാളൊരു പത്തു പതിനഞ്ചു മിനുട്ട് ഒരു തുണ്ട് ഉരുളക്കിഴങ്ങിനു ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ല!
അതു കഴിഞ്ഞു നാലു പതീറ്റാണ്ടായിട്ടും ആ കസ്റ്റമറുടെ: 'ഏക് ആലു കാ ടൂക്ടാ ദിയാ' എന്ന വിലാപം ഇന്നും എ്‌ന്റെ കാതില്‍ പതിക്കുന്നു.

പിറ്റേന്ന് ബര്‍മ്മയുടെ അന്നത്തെ തലസ്ഥാനമായ റംഗൂണിലെത്തി, ബര്‍മ്മ വെറും പതിനഞ്ചു ഡോളറേ അവരുടെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിച്ചുള്ളൂ.

60 ന്റെ അവസാനത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ വാതായനങ്ങള്‍ തുറക്കുന്നത്. അതിനുമുമ്പ് മലയാളികള്‍ പോയിരുന്നത് ബര്‍മ്മ, സിലോണ്‍, മലേഷ്യയിലേക്കാണ്.

ബര്‍മ്മയില്‍ ധാരാളം അതിമോഹനമായ ബുദ്ധക്ഷേത്രങ്ങളുണ്ട്. ബര്‍മ്മയില്‍ എവിടെയും പുതിയതായി ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ല. പല കെട്ടിടങ്ങളും എച്ചില്‍ പിടിച്ചുവരൂപമായി തോന്നിച്ചു. മൂന്നു ദിവസം ബര്‍മ്മയിലൂടെ ഓരോട്ട പ്രദക്ഷിണം ചെയ്തശേഷം ബര്‍മ്മയുടെ വടക്കേ അറ്റമായ 'മണ്ടലായ്' യിലേക്ക് ട്രയ്ന്‍ കയറി. മണ്ടലായ് രത്‌നങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണെത്രെ.
മണ്ടലായില്‍ വെച്ചു ഒരു രത്‌ന വില്പനക്കാരനുമായി സംസാരിക്കവേ അയാള്‍ രോഷത്തോടെ പറഞ്ഞു. ബര്‍മയില്‍ ഒരു സൈക്കിള്‍ പോലും നിര്‍മിക്കുന്നില്ല. ഇവിടെ പട്ടാള ഭരണമാണ് അര നൂറ്റാണ്ടോളമായി ഇവര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ല!

അയാള്‍ക്കും എന്നെപ്പോലെ ഇരുണ്ട നിറമായിരുന്നു. ഒരു പക്ഷേ അയാള്‍ ഒരു റോഹിങ്ക്യന്‍ മുസ്ലിമായിരിക്കാം.?

തിരിച്ചു ട്രയ്ന്‍ വഴി റംഗൂണിലേക്കുള്ള യാത്രയില്‍ തകരംകൊണ്ടു മറച്ച ചെറിയ വീടുകള്‍ ധാരാളം കണ്ടെങ്കിലും അത് റോഹിങ്ക്യകളുടേതോ എന്ന് സംശയം പോലും തോന്നിയില്ല. അന്ന് റോഹിങ്ക്യന്‍ പേര് കേട്ടതായി പോലും ഓര്‍മയില്ല.

പിറ്റേന്ന് രാവിലെ ട്രയ്‌നില്‍ തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോങ്കിലെത്തി. ബാങ്കോക്കിലെ ചില പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ബൗദ്ധദേവാലയങ്ങളും സന്ദര്‍ശിച്ചു. ബര്‍മ്മ, ബാങ്കോക്ക് ബൗദ്ധശ്രീകോവിലുകളിലെ ശാന്തസൗന്ദര്യത്തില്‍ ലയിച്ചു ധ്യാനനിരതനായിരിക്കുന്ന നിമിഷങ്ങള്‍ അനഘമായി തോന്നി.

അടുത്ത ദിവസം ബാങ്കോക്കില്‍ നിന്ന് മലേഷ്യയുടെ തലസ്ഥാനമായ കൂലാലംപൂരിലേക്ക് തീവണ്ടി കയറി. എന്റെ ഉപ്പ മുപ്പത്തഞ്ചു വര്‍ഷം മലേഷ്യയിലായിരുന്നു.
കൂലാലംപൂരില്‍ ഇറങ്ങി. അമ്മാമനെയും ഉപ്പയുടെ ചില സുഹൃത്തുക്കളേയും കണ്ടു. ട്രെയിന്‍ വഴി സിങ്കപ്പൂരില്‍ അനുജന്‍ സെയ്തുവിന്റെ അടുത്തെത്തി.

സിങ്കപ്പൂരില്‍ അന്ന് അബ്ദുള്ള എന്നയാള്‍ 'മലേഷ്യ മലയാളി' എന്ന പത്രം നടത്തിയിരുന്നു. അതില്‍ കല്‍ക്കത്തയിലേയും ബംഗ്ലാദേശിലേയും എന്റെ അനുഭവങ്ങള്‍ എഴുതിയിരുന്നത്, അന്നത്തെ സിംഗപ്പൂര്‍ ഇന്ത്യ ഹൈക്കമ്മീഷ്ണറും എഴുത്തുകാരനുമായ 'കലിക മോഹനചന്ദ്രന്‍' കാണാനിടയായി. അദ്ദേഹം എന്നെ കാണാന്‍ ഒരവസരമൊരുക്കി.
സിംഗപ്പൂരിലെ കാലാവസ്ഥ സുഖകരമായിരുന്നു. ചില ദിവസങ്ങളില്‍ ചാറ്റല്‍ മഴ, വെയില്‍, ഇളം വെയില്‍, മാരുതന്‍.

അടുത്ത യാത്രയുടെ രൂപരേഖ സെയ്തുവിനെ കേല്‍പ്പിച്ചു: ബ്രൂണായ്, ഫിലിപ്പെന്‍സ്, തൈവാന്‍, ജപ്പാന്‍, ഹവായ്, സാന്‍ഫ്രാന്‍സിസ്‌കൊ.
ബ്രൂണെയില്‍ ഒരാഴ്ച സന്ദര്‍ശിക്കാന്‍ ബ്രൂണൈയുടെ തലസ്ഥാനമായ ബന്തര്‍ ശ്രീ ബഗ് വാനില്‍ വിമാനമിറങ്ങി. വിസക്കപേക്ഷിച്ചപ്പോള്‍ ഇമിഗ്രഷന്‍ ഓഫീസര്‍ പറഞ്ഞു: കേരള പാസ്‌പോര്‍ട്ടു(കമ്മ്യൂണിസ്റ്റ് സ്‌റ്റേറ്റ്)ള്ളവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. ഉടനെ രാജ്യം വിടണം.
ഭാഗ്യത്തിനു ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയ്ക്ക് പറക്കാന്‍ ഒരു വിമാനം അപ്പോള്‍ എനിക്കെന്നപോലെ റെഡിയായി നിന്നിരുന്നു!

കഴിഞ്ഞ പ്രാവശ്യം ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു അമേരിക്കന്‍ വിസ ലഭിച്ചത്. അതുകൊണ്ട് വീണ്ടും മനിലയില്‍ എത്തി. ആറുമാസത്തിനു അമേരിക്കന്‍ വിസ ലഭിച്ചു. ഫിലിപ്പൈന്‍സില്‍ എന്റെ കൂടെ അബൂദാബിയില്‍ ജോലി ചെയ്തിരുന്ന 'എല്‍മോ' എന്ന സുഹൃത്തുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ തെക്കേ അറ്റമായ സമ്പോങ്ങ, ദവാവോ എന്നീ പ്രോവിന്‍സിലേക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ തവണ അവിടേക്ക് കപ്പല്‍ കയറി. ദവാവോ കേരളത്തിനോട് ഏറെ സാമ്യമുണ്ടായിരുന്നു.

ഫിലിപ്പൈന്‍സ് വിട പറയുന്നതിനു മുമ്പ് അസൂയാവഹമായ വിനയത്തിന്റെ ഉടമയായ എല്‍മോ യെ പിരിയുന്നതില്‍ അതിയായ ഖേദം തോന്നി.

ജപ്പാനിലേക്കുള്ള വഴിയെ കമ്മ്യൂണിസ്റ്റ് രാജ്യമായ തായ് വാനില്‍ രണ്ടുനാള്‍ ഒരു മിന്നല്‍ പര്യടനം ആശിച്ചെങ്കിലും, തലസ്ഥാനമായ തൈപി ഏയര്‍പോര്‍ട്ടില്‍ നിന്ന് 'On arrival' വിസ ലഭിച്ചില്ല.
വിമാനം ജപ്പാനിലെ 'നരിത' എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. പിറ്റെദിവസം ടോക്യോവില്‍ വെച്ചു അമേരിക്കന്‍ നിവാസിയായ ഒരു ഇറാനിയന്‍ യുവാവിനെ പരിചയപ്പെട്ടു. അയാളുടെ സഹായത്തോടെ 'ഇംഗ്ലീഷ് ഹൗസ്' എന്ന സ്ഥലം താമസത്തിനു ലഭിച്ചു. അതൊരു വീടുപോലെയായിരുന്നു. വാടക പ്രതിദിനം $15.

അന്നു വൈകീട്ട് ഞാനും ഇറാനിയും അവന്റെ കൂട്ടുകാരിയും കൂടെ അല്പം നിലവാരം കൂടിയ ഒരു റെസ്റ്റോറന്റില്‍ പോയി ഡിന്നര്‍ കഴിച്ചു. 'മെന്യു' സ്‌റ്റൈക്കായിരുന്നു. $ 100 ബില്‍ വന്നപ്പോള്‍ ഓര്‍ത്തു. ജപ്പാനില്‍ ബീഫിനു അമേരിക്കയേക്കാള്‍ അഞ്ചിരട്ടി വിലയുള്ളത്.
(തുടരും)

മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍ (സ്മരണകളിലൂടെ/ അനുഭവങ്ങളിലൂടെ: അബ്ദുള്‍ പൂന്നയൂര്‍ക്കുളം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക