Image

ഏറ്റവും കൂടുതലാളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്...(പകല്‍ക്കിനാവ്- 85: ജോര്‍ജ് തുമ്പയില്‍)

Published on 04 January, 2018
ഏറ്റവും കൂടുതലാളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്...(പകല്‍ക്കിനാവ്- 85: ജോര്‍ജ് തുമ്പയില്‍)
ഗൂഗിളിന്റെ കാര്യം ചിലപ്പോള്‍ തമാശയാണ്; മറ്റു ചിലപ്പോള്‍ ഗൗരവും. ഇതാ, 2017-ല്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്കുകളും വിഷയങ്ങളും ട്രന്‍ഡുകളും സിനിമകളും, മറ്റു വിനോദപരിപാടികളുമൊക്കെ ഗൂഗിള്‍ പുറത്തു വിട്ടിരിക്കുന്നു. ഓരോ രാജ്യവും തിരിച്ചുള്ള പട്ടികയില്‍ ആദ്യം തന്നെ അമേരിക്കയിലെന്തു സംഭവിച്ചുവെന്നു നമുക്കു നോക്കാം. കാര്യം മലയാളിയാണെങ്കിലും താമസിക്കുന്നത് ഇവിടെയായതു കൊണ്ട് ഇവിടുത്തെ വിശേഷങ്ങളറിയാനാണല്ലോ നമുക്കു താത്പര്യം; ഇവിടെ അതാണല്ലോ നമ്മുടെ ഒരു ശീലവും.

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തെരഞ്ഞത് ഇര്‍മാ കൊടുങ്കാറ്റിന്റെ വിശേഷങ്ങളാണ്. രണ്ടാമത്, മാറ്റ് ലോര്‍ എന്ന ടിവി ജേര്‍ണലിസ്റ്റിനെക്കുറിച്ച് അറിയാനാണ് അമേരിക്കയിലുള്ളവര്‍ താത്പര്യം കാണിച്ചത്. ആരാണ് ഈ മാറ്റ് എന്നാണെങ്കില്‍ "ദി ടുഡേ ഷോ' എന്ന ജനപ്രിയ പരിപാടിയുടെ അവതാരകനാണ് ഈ അമ്പത്തൊമ്പതുകാരന്‍. വിവിധ ഒളിമ്പിക്‌സ് ഷോകള്‍, താങ്ക്‌സ് ഗീവിങ് ഡേ പരേഡ് ഒക്കെ അവതരിപ്പിച്ചഈ ബഹുമുഖ താരം പക്ഷേ കഴിഞ്ഞവര്‍ഷം വാര്‍ത്തയില്‍ നിറഞ്ഞത് അതു കൊണ്ടൊന്നുമല്ല. വര്‍ഷങ്ങളോളം എന്‍ബിസി എന്ന ചാനലിന്റെ മുഖകേന്ദ്രമായിരുന്നു മാറ്റിനെ ചാനല്‍ ഉപേക്ഷിച്ചു. അതും സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്. 2017 നവംബറിലായിരുന്നു ഈ സംഭവം. സംഗതി സത്യമാണെന്ന് മാറ്റ് തന്നെ വെളിപ്പെടുത്തിയതോടെ, കഴിഞ്ഞവര്‍ഷം അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച വ്യക്തികളുടെ പട്ടികയില്‍ മാറ്റും കയറിക്കൂടി.

പട്ടികയില്‍ മൂന്നാമത് എത്തിയത് ഗായകന്‍ ടോം പെറ്റിയാണ്. ഫ്‌ളോറിഡക്കാരനായ ടോം ഹൃദയാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞ ഒക്ടോബറിലാണ് അന്തരിച്ചത്. ടോം പെറ്റി ആന്‍ഡ് ദി ഹാര്‍ട്ട്‌ബ്രേക്കേഴ്‌സ്, ട്രാവലിങ് വില്‍ബറീസ് എന്നീ ട്രൂപ്പുകളിലെ മുഖ്യഗായകനായിരുന്നു അദ്ദേഹം. 80 മില്യണ്‍ റെക്കോഡ്‌സ് ലോകമാകമാനം വിറ്റഴിച്ചതിന്റെ റെക്കോഡ് നേടിയ അദ്ദേഹം ചാര്‍ലി വില്‍ബറി ജൂനിയര്‍, മഡി വില്‍ബറി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.

എക്കാലത്തെയും പോലെ അമേരിക്കന്‍ കായികപ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സൂപ്പര്‍ ബൗളിനെക്കുറിച്ചുള്ള അന്വേഷണമായിരുന്നു പട്ടികയില്‍ നാലാം സ്ഥാനത്ത്. ഹൂസ്റ്റണില്‍ നടന്ന സൂപ്പര്‍ ബൗളിലെ കോടികളുടെ കിലുക്കം ഇന്റര്‍നെറ്റിലും കാര്യമായി പ്രതിഫലിച്ചു. ഈ വര്‍ഷം മിനപോളിസിലാണ് മത്സരം. അഞ്ചാം സ്ഥാനത്ത് എത്തിയതാവട്ടെ, അമേരിക്കയെ പിടിച്ചുലച്ച ലാസ് വേഗാസ് വെടിവയ്പ്പാണ്. നെവദയിലെ ലാസ് വേഗാസ് സ്ട്രിപ്പില്‍ നടന്ന വെടിവെപ്പില്‍ 58 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 546 പേര്‍ക്ക് പരിക്കേറ്റു. 1,100 റൗണ്ടുകളാണ് അക്രമിയായ സ്റ്റീഫന്‍ പഡോക്ക് വെടിയുതിര്‍ത്തത്. മാന്‍ഡേ ലേ ഹോട്ടലിന്റെ മുപ്പത്തിരണ്ടാം നിലയില്‍ നിന്നും നടത്തിയ ഈ വെടിവയ്പ്പിന്റെ പിന്നിലെ ഉദ്ദേശത്തെക്കുറിച്ച് ഇന്നും അജ്ഞാതം.

മേയ് വെതര്‍ ജൂണിയറും കോണര്‍ മക് ഗ്രിഗറും തമ്മിലുള്ള പ്രൊഫഷണല്‍ ബോക്‌സിങ് മത്സരമാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. നെവദയിലെ പാരഡൈസില്‍ നടന്ന മത്സരം ദി മണി ഫൈറ്റ് എന്ന പേരിലാണ് അറിയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26-നായിരുന്നു ഇത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള മത്സരമായിരുന്നു ഇത്. മെയ് വെതറിന് 300,000,000 ഡോളര്‍ കിട്ടിയപ്പോള്‍ മക് ഗ്രിഗറിനു സ്വന്തമാക്കാനായത് 100,000,000 ഡോളറായിരുന്നു. ഓഗസ്റ്റ് 21 ന് നടന്ന സൂര്യഗ്രഹണമായിരുന്നു മറ്റൊരു സുപ്രധാന സംഭവമായതും കൂടുതലാളുകള്‍ അന്വേഷിച്ചതും. ഈ സൂര്യഗ്രഹണം ഏതാണ്ട് 113 കിലോമീറ്ററോളം (70 മൈല്‍) ദൃശ്യമായി എന്നതു തന്നെ വലിയകാര്യം. 1979-നു ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ സുദീര്‍ഘമായ സൂര്യഗ്രഹണം അമേരിക്കയില്‍ കാണാനായതും. (അലാസ്കയില്‍ 1990-ലും, ഹവായിയില്‍ 1991-ലും ദൃശ്യമായെങ്കിലും അത് വളരെ ചെറിയ തോതിലായിരുന്നു). സിഎന്‍എന്‍ നടത്തിയ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേര്‍ നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം എന്ന പേരിലുള്ള ഈ പ്രകൃതിദൃശ്യം സുരക്ഷ കണ്ണട വച്ച് ആസ്വദിച്ചത്രേ.

എട്ടാം സ്ഥാനത്താണ് ഹാര്‍വി കൊടുങ്കാറ്റ് എത്തിയത്. 200 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയ ഈ കൊടുങ്കാറ്റ് വില്‍മ (2005) കൊടുങ്കാറ്റിനു ശേഷം വിനാശകരമായി മാറിയ മറ്റൊരു പ്രകൃതിക്ഷോഭമായിരുന്നു. 12 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ കാറ്റ് അമേരിക്കയെ വിറപ്പിച്ചത്. ഇവിടെ മാത്രം 90 മരണങ്ങള്‍ സംഭവിച്ചു. ഓഗസ്റ്റ് 24-25 തീയതികളില്‍ ടെക്‌സസിനെ കടപുഴക്കിയ ഈ കാറ്റിന്റെ അപ്‌ഡേറ്റുകളും വിശേഷങ്ങളും അറിയാനാണ് കൂടുതല്‍ പേരും ഗൂഗിളില്‍ തെരഞ്ഞത്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ആരോണ്‍ ഹെര്‍ണാണ്ടസാണ്. അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീമംഗമായ ആരോണിന്റെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് അറിയാനാണ് കൂടുതല്‍ പേരും ഗൂഗിളില്‍ എത്തിയത്. ഒഡിന്‍ ലോയ്ഡില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്ത ആരോണ്‍ ഏപ്രില്‍ 19 ന് സെല്ലില്‍ ആത്മഹത്യ ചെയ്തു. പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയത് ഫിഡ്ജറ്റ് സ്പിന്നര്‍ എന്ന പമ്പരമാണ്. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വേണ്ടി കണ്ടെത്തിയ ഈ പമ്പരം കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്നുവത്രേ. ഇന്ന് ആഗോളതലതത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കളിപ്പാട്ടമാണ് ഫിഡ്ജറ്റ് സ്പിന്നര്‍.

ആഗോളതലത്തില്‍ കൂടുതല്‍ പേരും തിരഞ്ഞതില്‍ ഒന്നാമതെത്തിയത് ഇര്‍മ കൊടുങ്കാറ്റാണ്. ഐഫോണ്‍ 8 രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഐഫോണ്‍ എക്‌സ് മൂന്നാം സ്ഥാനത്തെത്തി. മാറ്റ് ലോര്‍ നാലാമതും ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് ഹാരിയുടെ പ്രതിശ്രുത വധുവും അമേരിക്കന്‍ നടിയും മനുഷ്യാവകശാ പ്രവര്‍ത്തകയുമായ മേഘന്‍ മാര്‍ക്കിള്‍ അഞ്ചാമതും എത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക