Image

സിബി ഗോപാലകൃഷ്ണന്‍ ലോക കേരള സഭയിലേക്ക്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 January, 2018
സിബി ഗോപാലകൃഷ്ണന്‍ ലോക കേരള സഭയിലേക്ക്
സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ് ) : കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപം കൊടുക്കുന്ന ലോക കേരള സഭയിലേക്ക് സെന്റ് ലൂസിയയില്‍ നിന്ന് സിബി ഗോപാലകൃഷ്ണന്‍.  ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭ  സമ്മേളനത്തില്‍ സിബി പങ്കെടുക്കും.

കരുനാഗപ്പള്ളി സ്വദേശിയായ സിബി  വെസ്റ്റ് ഇന്‍ഡീസിലെ  സെന്റ് ലൂസിയയില്‍  ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനില്‍  പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ആയി ജോലി നോക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  മലയാളി സംഘടനകള്‍ ഉള്‍പ്പെടെ കരീബിയനിലെ മറ്റു സാമൂഹിക സേവന സംഘടനകളിലും പ്രവര്‍ത്തിക്കുന്നു.  സെയിന്റ് ലൂസിയയില്‍ പത്‌നി ഡോ: രജനിക്കും  മകന്‍  ഒമാറിനുമൊപ്പം താമസം.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്ന ഈ സഭയെ പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.സഭയുടെ നേതാവ് സംസ്ഥാന മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവും ആയിരിക്കും. ചീഫ് സെക്രട്ടറിയാണ് സഭയുടെ സെക്രട്ടറി ജനറല്‍. നിയമസഭ സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ ഏഴ് അംഗ പ്രസീഡിയം സഭാനടപടികള്‍ നിയന്ത്രിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന പാര്‍ലമെന്റ് അംഗം, നിയമസഭാംഗം, ഇതര സംസ്ഥാനങ്ങള്‍, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓരോ അംഗം വീതവും ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം.

ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 173 പേര്‍ ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാധിനിത്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതു സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാവും സഭാംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുക. ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദശം ചെയ്യും. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 100 പേര്‍ പുറം രാജ്യങ്ങളില്‍ നിന്നും ആയിരിക്കും. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ ആറുപേരും വിവിധ മേഖലകളില്‍ നിന്നുള്ള 30 പ്രമുഖ വ്യക്തികളും സഭവിലുണ്ടാവും. വെസ്റ്റ് ഏഷ്യ  40, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍  20, അമേരിക്കന്‍ വന്‍കരകള്‍  10, യൂറോപ്പ്  15, ഇതര രാജ്യങ്ങള്‍  15 എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള പ്രാതിനിധ്യം.

സിബി ഗോപാലകൃഷ്ണന്‍ ലോക കേരള സഭയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക