Image

സ്വയമറിയാതെ മോഷണം: ക്ലെപ്‌റ്റോമാനിയ എന്ന വില്ലന്‍

ഡോ. സിജോ അലക്‌സ് Published on 17 January, 2018
സ്വയമറിയാതെ മോഷണം: ക്ലെപ്‌റ്റോമാനിയ  എന്ന വില്ലന്‍
Psychic disorder: kleptomania

മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് വാങ്ങിയതാണ് ശാരദ ടീച്ചര്‍. ഒരു നാടിന്റെ മുഴുവന്‍ ആദരവും സ്‌നേഹവും ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. പട്ടാളത്തിലായിരുന്ന ഭര്‍ത്താവ് വീരമൃത്യു വരിച്ചതുമുതല്‍ ഏക മകള്‍ ദേവുവിന് വേണ്ടിയാണവര്‍ ജീവിക്കുന്നത്. ബി.കോം വിദ്യാര്‍ത്ഥിനിയായ അവള്‍, പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ദേവുവിന്റെ സ്വഭാവത്തില്‍ കുറച്ചുനാളായി വന്ന മാറ്റമാണ് ടീച്ചറെ വിഷമിപ്പിച്ചത്. വിഷമം എന്നുപറഞ്ഞാല്‍ പോരാ , അവരെ സംബന്ധിച്ചത് മനസ്സിന്റെ തകര്‍ച്ച തന്നെയായിരുന്നു. ദേവുവിന്റെ സഹപാഠിയുടെ സഹോദരനെ ചികിത്സിച്ച പരിചയത്തില്‍ അവളുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ എന്നെവന്നു കണ്ടത് .

ഒരു വൈകുന്നേരം വീട്ടിലെത്തിയ ആ അമ്മയെയും മകളെയും ഇപ്പോഴും നല്ല ഓര്‍മയുണ്ട്. കുട്ടിയെ മുന്നിലിരുത്തി വിശദീകരിക്കാന്‍ പ്രയാസമുള്ളതുകൊണ്ട് കാര്യങ്ങള്‍ ഫോണില്‍ പറഞ്ഞിരുന്നു.

മൂന്ന് വര്ഷമായിക്കാണും . അന്നവള്‍ പ്ലസ് ടു പഠിക്കുന്നു. വര്‍ഷാരംഭത്തില്‍ പുസ്തകങ്ങള്‍ വാങ്ങിയ കൂട്ടത്തില്‍ കടയില്‍ നിന്ന് വിലകൂടിയ രണ്ടു പേനകള്‍ കൂടി ആരും കാണാതെ അവള്‍ കവറില്‍ ഇട്ടു. വീട്ടിലെത്തി ഇത് ശ്രദ്ധയില്‍പെട്ട ടീച്ചര്‍ മകള്‍ മോഷ്ടിച്ചു എന്ന് വിശ്വസിക്കാനാകാതെ തകര്‍ന്നുപോയി. ഒരുപാട് ശകാരിച്ചു. കൈ കുഴയും വരെ തല്ലി. അന്ന് രാത്രി അവള്‍ അമ്മയുടെ കാലില്‍ വീണ് കരഞ്ഞു. താന്‍ മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും എന്തോ ഒരു ഉള്‍പ്രേരണ പോലെ സംഭവിച്ചതാണെന്നും ഇനി ഉണ്ടാകില്ലെന്നും പറഞ്ഞു. പിന്നീട് രണ്ടുമൂന്ന് കൊച്ചുകൊച്ചു സംഭവങ്ങളില്‍ മകള്‍ പിടിക്കപ്പെട്ടു. 

അടുത്ത കൂട്ടുകാര്‍ മാത്രം അറിഞ്ഞതുകൊണ്ട് അതൊന്നും പ്രശ്‌നമായില്ല. ഏറ്റവും ഒടുവിലായി ടീച്ചര്‍ മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോയപ്പോള്‍ ഒരു സംഭവമുണ്ടായി. ഷോപ്പില്‍ നിന്ന് ഇഷ്ടപ്പെട്ടതെല്ലാം ഒരുമിച്ചാണവര്‍ വാങ്ങിയത്. അന്നുരാത്രി മനോഹരമായ ഒരു മോതിരം അമ്മയുടെ നേര്‍ക്ക് നീട്ടി ദേവു പറഞ്ഞു : ' നമ്മള്‍ രാവിലെ പോയ കടയില്‍ നിന്ന് ഞാന്‍ എടുത്തതാണ്'. ടീച്ചര്‍ ദേഷ്യവും ദെണ്ണവും കലര്‍ന്ന ഭാവത്തോടെ അവളെ നോക്കിയതും പൊട്ടിക്കരഞ്ഞുകൊണ്ട് ആ മകള്‍, അമ്മയെ കെട്ടിപ്പിടിച്ചു. ' സോറി അമ്മാ. സത്യായിട്ടും ഞാന്‍ അറിഞ്ഞോണ്ട് ചെയ്യുന്നതല്ല.'അമ്മ തന്നെ ഇതാ കടയില്‍ കൊടുക്കണം .'

ടീച്ചര്‍ അതുപോലെ തന്നെ ചെയ്തു. ദേവു അന്ന് കോളേജില്‍ പോയില്ല. തിരിച്ചു വന്നപ്പോള്‍ കുറ്റബോധത്തോടെ കരഞ്ഞുതളര്‍ന്നു കിടക്കുന്ന മകളെയാണ് ടീച്ചര്‍ കണ്ടത്. എല്ലാം മറന്ന് ആ 'അമ്മ മകളെ ചേര്‍ത്തുപിടിച്ച് കൂടെ കിടന്നു. ഞാന്‍ പഠിക്കുമ്പോള്‍ ഇന്ററെസ്റ്റിംഗ് ആയൊരു ടോപ്പിക്ക് ആയിരുന്നു ക്ലെപ് റ്റോമാനിയ. ലക്ഷണങ്ങള്‍ കേട്ടപ്പോള്‍ തന്നെ അതാണ് രോഗമെന്ന് വ്യക്തമായി. പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഈ രോഗാവസ്ഥ ഉണ്ടാകാം. കൂടുതലും സ്ത്രീകളിലാണ് ക്ലെപ്റ്റോമാനിയ കണ്ടുവരുന്നത്. അനിയന്ത്രിതമായ മോഷണ ത്വരയാണ് ലക്ഷണം. ബാക്കി കാര്യങ്ങളെല്ലാം തികച്ചും നോര്‍മല്‍ ആയി തന്നെ കൈകാര്യം ചെയ്യാനും കഴിയും. എന്നാല്‍ മനഃപൂര്‍വമല്ലാതെ സംഭവിച്ചുപോകുന്ന തെറ്റിന് , ചുറ്റുമുള്ളവര്‍ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്താല്‍ വിഷാദരോഗത്തിന് അത് ഇടയാക്കാന്‍ സാധ്യതയേറെയാണ്. ഉറ്റവര്‍ സ്‌നേഹത്തോടെ ഒപ്പം നിന്നുവേണം രോഗത്തില്‍ നിന്ന് അവരെ മോചിപ്പിച്ചെടുക്കാന്‍.

പുറത്തിരുന്ന മകളെ ഞാന്‍ അകത്തേക്ക് വിളിപ്പിച്ചു. എന്നെ അഭിമുഖീകരിക്കാന്‍ അവള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഞാന്‍ പറഞ്ഞു: ' അറിഞ്ഞുകൊണ്ടൊരാള്‍ മറ്റൊരാളുടെ വസ്തു എടുക്കുമ്പോഴാണ് അത് തെറ്റാകുന്നത്. ഏതൊരു പ്രവര്‍ത്തിയുടെയും റിമോട്ട് അവരുടെ മനസ്സാണ്. ദേവുവിന്റെ ബോധമനസ്സിന്റെ അറിവോടെയല്ല ഈ നടന്ന കാര്യങ്ങള്‍ ഒന്നും. ഇനി ഇങ്ങനുണ്ടാകാതിരിക്കാനുള്ള പണി നമുക്ക് ചെയ്യാം.'

വിശ്വാസത്തോടെ അവളെന്നെ നോക്കി. എസ്.എസ്.ആര്‍.ഐ ഗ്രൂപ്പിലെ മരുന്നുകളും നിരന്തരമായ കൗണ്‍സിലിംഗും വേണ്ടി വന്നു.

ഏകദേശം ഒരുവര്‍ഷത്തോളം ചികിത്സ നീണ്ടു. ഇപ്പോള്‍ ദേവു ഒരു നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ടന്റാണ്.

തലയിലങ്ങ് കൂടുവെച്ച് പ്രാണികള്‍: ഡോളി ആന്റിയുടെ കഥ 

ഇതുപോലൊരു ഡിസംബര്‍ മാസത്തിലെ പ്രഭാതത്തിലാണ് മകന്‍ എഡ്വേര്‍ഡിനൊപ്പം ഡോളി ആന്റി എന്നെ കാണാന്‍ വന്നത്. പ്രായം അറുപത് കഴിഞ്ഞെങ്കിലും മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ടിരുന്നില്ല. കറുത്ത സ്‌കാര്‍ഫ് കൊണ്ട് തല മറച്ചിട്ടുണ്ട് . കയ്യില്‍ കരുതിയ ചെറിയ പൊതി അതീവ ശ്രദ്ധയോടെ എന്റെ മേശപ്പുറത്ത് വെച്ച ശേഷം മകനെ ഒന്ന് നോക്കി. അവന്റെ മൗനാനുവാദത്തോടെ ആദ്യം തന്നെ തലയിലെ സ്‌കാര്‍ഫ് മെല്ലെ മാറ്റി. ആദ്യ കാഴ്ചയില്‍ ഞാന്‍ പ്രകീര്‍ത്തിച്ച രൂപമായിരുന്നില്ല അത്. മൊട്ടയടിച്ച തലയില്‍ അങ്ങിങ്ങായി ചൊറിഞ്ഞുപൊട്ടിയതുപോലുള്ള വ്ര ണങ്ങള്‍!

' ഇത് കണ്ടോ ഡോക്ടര്‍. രണ്ടാമത്തെ തവണയാ ഞാന്‍ മൊട്ടയടിക്കുന്നെ. ആന്റി ഇടയ്ക്കെന്നാ പളനിയില്‍ പോകുന്നുണ്ടോ എന്ന് ചോദിച്ച് പരിചയക്കാരൊക്കെ കളിയാക്കുവാ'.

മൊട്ടയടിച്ചതിന്റെ കാരണം തിരക്കിയപ്പോള്‍ അവര്‍ അനുസ്യുതം തുടര്‍ന്നു: ' കുറേ നാളായി ഡോക്ടര്‍ പ്രാണികള്‍ എന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. ആദ്യമൊക്കെ ചുറ്റും വട്ടമിട്ട് പറക്കുകയേ ഉണ്ടായിരുന്നുള്ളു. പിന്നെ തലയിലങ്ങ് കൂടുവെച്ച് താമസമാക്കി. ചൊറിഞ്ഞു ചൊറിഞ്ഞു ഞാന്‍ മടുത്തു. പല ക്രീമുകളും മരുന്നുകളും തേച്ചുനോക്കി. ഒരു കുറവുമില്ല. രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ പറ്റുന്നില്ല.

സഹികെട്ടിട്ടാ ഞാന്‍ മൊട്ടയടിച്ചത്.'

മകനെ ചൂണ്ടി അവര്‍ തുടര്‍ന്നു :' ഇവന്‍ പറയുന്നത് മമ്മിക്ക് വെറുതെ തോന്നുന്നതാന്നാ. തെളിവ് കാണിക്കുമ്പോ വിശ്വസിക്കുവല്ലോ...ദാ നോക്ക് ...'മേശമേല്‍ വെച്ചിരുന്ന കവറില്‍ നിന്ന് മൂന്നുനാല് തീപ്പെട്ടികൂടുകള്‍ തുറന്നുകൊണ്ടു അവര്‍ പറഞ്ഞു :' എന്റെ തലയില്‍ നിന്ന് കിട്ടിയ പ്രാണികളാ. ഓടിപ്പോകുന്നതുകൊണ്ടോ '.ആ വാക്കുകളിലെ ഭ്രാന്തമായ ആവേശവും ഒരുതരം ഭയവും കണ്ട് ' ഡെല്യൂഷണല്‍ പാരാസൈറ്റോസിസ് ' ആണ് രോഗമെന്ന് എനിക്ക് പിടികിട്ടി. ആ തീപ്പെട്ടിക്കൂടുകള്‍ ശൂന്യമാണെന്ന് പറഞ്ഞാല്‍ ഈ രോഗമുള്ളവര്‍ സമ്മതിച്ചു തരില്ല. അവര്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരാളോടെ മനസ്സ് തുറക്കൂ.ചികിത്സയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ഞാനാ വിശ്വാസം പിടിച്ചു പറ്റി. മകനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു.

ഭര്‍ത്താവ് ബെഞ്ചമിന്റെ മരണത്തോടെ കടലിന് അഭിമുഖമായുള്ള ബംഗ്‌ളാവില്‍ ഹോം നഴ്‌സിനൊപ്പമായിരുന്നു ഡോളി ആന്റിയുടെ താമസം. മകള്‍ ഡയാന വിവാഹശേഷം ഓസ്ട്രേലിയയ്ക്ക് പറന്നു. എഡ്വേര്‍ഡ് ജോലി ആവശ്യത്തിന് ബാംഗ്ലൂരേക്കും പോയി. ടൈം പാസ് എന്ന നിലയ്ക്ക് ഡോളി ആന്റി പൂക്കൃഷിയും നഴ്‌സറിയും നടത്തിയിരുന്നു . മക്കള്‍ ഒന്നിനും ഒരുകുറവും വരുത്തിയിരുന്നില്ലെങ്കിലും ഏകാന്തത അവരെ അലട്ടിയിരുന്നതായി ഞാന്‍ മനസിലാക്കി.
ചെടികളെ കീടങ്ങള്‍ ആക്രമിക്കുന്നതായുള്ള തോന്നലോടെയാണ് രോഗം തുടങ്ങിയത്. പിന്നീട് പ്രാണികള്‍ തന്നെയും പിന്തുടരുന്നതായി അവര്‍ക്ക് തോന്നി. അതോടെ പൂക്കൃഷി അവസാനിപ്പിച്ചു. വീട് വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും മറ്റും ഹോം നഴ്സിനെക്കുറിച്ച് പരാതികള്‍ ആരോപിച്ചു. സത്യത്തില്‍ അര്‍ഹിക്കുന്ന സ്‌നേഹം കിട്ടുന്നില്ലെന്നതുകൊണ്ട് ഉപബോധമനസ്സ് സങ്കല്‍പ്പിച്ചുകൂട്ടുന്നതായിരുന്നു അതെല്ലാം. എന്തുപറഞ്ഞാല്‍ മക്കളുടെ ശ്രദ്ധ തന്നിലേക്ക് തിരിയും എന്ന പരതലാണ് രോഗമായി പരിണമിച്ചത്.
സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടെ ഹോര്‍മോണുകള്‍ക്ക് മാറ്റങ്ങള്‍ വരുന്നുണ്ട്. മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന കരുതലിനും പരിഗണനയ്ക്കും പകരമാകില്ല പണവും മണി ഓര്‍ഡറും. ആന്റിസൈക്കോട്ടിക്സ് വിഭാഗത്തിലെ മരുന്നുകള്‍ കൊടുത്ത് രോഗമൊന്ന് ശമിപ്പിച്ച ശേഷം സൈക്കോതെറാപ്പി സെഷന്‍ കൂടി വേണ്ടി വന്നു . കൗണ്‍സിലിംഗിനിടയില്‍ പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളുടെ സാമീപ്യം എത്രത്തോളം വലുതാണെന്ന് മനസിലാക്കി എഡ്വേര്‍ഡ് കേരളത്തില്‍ ഒരു ബിസിനെസ്സ് തുടങ്ങി. മകന്‍ കൂടെ നിന്നത് ചികിത്സയെ സഹായിച്ചു. മൂന്ന് മൂന്നര മാസംകൊണ്ട് രോഗം പൂര്‍ണമായും മാറി. വിദേശത്തു നിന്ന് മകള്‍ എത്തിയപ്പോള്‍ ഒരു സ്‌നേഹസമ്മാനവുമായി അവര്‍ എന്നെ വന്ന് കണ്ടു. ഒരു ചെറുപുഞ്ചിരിയോടെ അവരിലേക്ക് ഞാനൊരു ചോദ്യമെറിഞ്ഞു :' ആ പ്രാണികള്‍ ഇപ്പോഴും ശല്യം ചെയ്യാറുണ്ടോ ?'

' ഹേയ്...ഇപ്പൊ നല്ല സുഖമായിട്ട് ഉറങ്ങാന്‍ പറ്റുന്നുണ്ട്.' ചിരിയോടെ അവര്‍ പറഞ്ഞു.

ഡോ. സിജോ അലക്‌സ് (എം.ബി.ബി.എസ്, എം.ഡി സൈക്യാട്രി) കണ്‍സല്‍ടന്റ് സൈക്യാട്രിസ്റ്റ്, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, തിരുവല്ല

മീട്ടു റഹ്മത്ത് കലാം
കടപ്പാട്: മംഗളം
Join WhatsApp News
നാരദന്‍ 2018-01-17 19:26:51

മോഷണം

മോഷണം ഒരു മോശം പണി അല്ല

നല്ല വരുമാനം ഉള്ള പണി തന്നെ

കട്ടാല്‍ പോര നില്ക്കാന്‍ പഠിക്കണം

നമ്മുടെ മിടുക്കന്‍ ട്രുംപിനെ നോക്ക്

എവിടെ വേണമെങ്കിലും കൈ ഇടും

കണ്ടാല്‍ കളി ,കണ്ടില്ലെങ്കില്‍ പരമ സുഖം  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക