Image

ഒരു ഫെമിനിസ്റ്റ് രൂപം കൊള്ളുന്നതെങ്ങനെയാണെന്ന് വനജ വാസുദേവ്

Published on 18 January, 2018
 ഒരു ഫെമിനിസ്റ്റ് രൂപം കൊള്ളുന്നതെങ്ങനെയാണെന്ന് വനജ വാസുദേവ്
 ഒരു ഫെമിനിസ്റ്റ് രൂപം കൊള്ളുന്നതെങ്ങനെയാണെന്ന് വനജ വാസുദേവ് 

ഫേസ്ബുക്‌ േപാസ്റ്റിലേക്ക്...

ഇപ്പോഴും ഓര്‍മയുണ്ട് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഒരു ഉച്ച നേരം വിഷ്ണു നമ്പൂതിരി സാര്‍ എല്ലാവരോടും ഓരോ പേപ്പറും പേനയും എടുക്കാന്‍ പറഞ്ഞത്. പേപ്പറിന് മുകളില്‍ അവരവരുടെ പേരുകള്‍ എഴുതണം. സര്‍ പത്തു ചോദ്യങ്ങള്‍ ചോദിക്കും. നമ്മളുടെ ഉത്തരങ്ങള്‍ അതില്‍ എഴുതണം. ചോദ്യങ്ങള്‍ പാഠ്യേതര വിഷയങ്ങള്‍ ആയതിനാല്‍ എഴുതുന്ന നമ്മളും അത് പിന്നീട് വായിക്കുന്ന സാറിനും മാത്രമേ എന്താണ് എഴുതിയതെന്ന് അറിയൂ. അന്ന് ചോദിച്ച എട്ടാമത്തെ ചോദ്യം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.

'നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുന്ന കാര്യം എന്താണ് ?'

ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക്. എന്നെ അത്രയും നാള്‍(പിന്നീട് ഇങ്ങോട്ടും) അലട്ടിയിരുന്ന ഉത്തരം എഴുതി.പിറ്റേന്ന് ഡ്രില്‍ പീരിയഡില്‍ വിഷ്ണു സര്‍ എന്നെ മുകളിലെ അഞ്ചാം ക്ളാസില്‍ കൊണ്ടുപോയി. ഞാനും സാറും തനിച്ചായ സമയത്തു എന്റെ പേപ്പര്‍ സര്‍ കയ്യില്‍ തന്നു. എട്ടാമത്തെ ചോദ്യത്തിന് മറ്റാരും ഇതുപോലെ ഉത്തരം നല്‍കിയില്ല എന്ന സാറിന്റെ വിസ്മയത്തെ അടിവരയിട്ടൊരു ചോപ്പ് നിറം നീണ്ടു കിടന്നിരുന്നു. അതിന് മുകളിലെ എന്റെ ഉത്തരം ഇതായിരുന്നു.

'അച്ഛനില്ലാത്ത കുട്ടി എന്ന സഹതാപം കേള്‍ക്കുമ്പോള്‍'.

മുഖം കുനിഞ്ഞിരുന്ന എന്റെ നേരെ മുന്നില്‍ വന്നിരുന്നു സര്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പേ ഞാന്‍ പറഞ്ഞു. 'എന്നെ എന്റെ 'അമ്മ നല്ലപോലെ നോക്കുന്നുണ്ട് സര്‍. പിന്നെന്തിനാണ് ആളുകള്‍ ഇങ്ങനെ സങ്കടം പറയുന്നത്.അച്ഛന്‍ മരിച്ചത് എന്റെ തെറ്റാണോ?' . അന്ന് എന്തൊക്കയോ പറഞ്ഞു സര്‍ ആശ്വസിപ്പിച്ചു. പക്ഷെ അതൊന്നും എന്റെ മനസിനെ അടക്കാന്‍ പ്രാപ്തി ഉള്ളതായിരുന്നില്ല. പിന്നീട് എല്ലായിടത്തും നിന്നും, ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഇതേ കാരണം ഭയന്ന് ഞാന്‍ ഒറ്റപ്പെട്ട് നടന്നു. പക്ഷെ അന്ന് മുതല്‍ ഒരു അധ്യാപകനും അപ്പുറം ഒരു സ്‌നേഹം വിഷ്ണു സാറിനും ഉണ്ടായി.

ചേച്ചിയുടെ കല്യാണം ആയ സമയം. മണ്ഡപത്തില്‍ പെണ്ണിനെ കൈപിടിച്ച് കൊടുക്കാന്‍ ആര് വേണം എന്നൊരു ചോദ്യം വന്നു. അച്ഛന് പകരം ആരെ നിര്‍ത്തും. മുറ വച്ച് നോക്കുമ്പോള്‍ അച്ഛന്റെ വകയിലെ അനിയന്‍ സരസന്‍ ചിറ്റപ്പനും, അടുപ്പം വച്ച് അമ്മയുടെ ആങ്ങള സുഗുണന്‍ മാമനും ഊഴം വന്നു. ചര്‍ച്ച മുറുകിയപ്പോള്‍ ആരും അത്രയും നാള്‍ വളര്‍ത്തി വലുതാക്കിയ അമ്മയുടെ പേര് പറഞ്ഞില്ല. 26 വര്‍ഷം കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളര്‍ത്തിയ അമ്മയ്ക്കല്ലേ അതിനു ഏറ്റവും യോഗ്യത എന്ന് ചേച്ചി ഒരുദിവസം എന്നോട് ഒന്നിച്ചു കിടന്നപ്പോള്‍ ചോദിച്ചിരുന്നു. ശെരിയാണ്, പക്ഷേ നമ്മളല്ലല്ലോ തീരുമാനിക്കുന്നത് എന്ന് ഉത്തരം നല്‍കി ഞാന്‍ തിരിഞ്ഞു കിടന്നു. തൊട്ടടുത്ത ആഴ്ച കല്യാണ മണ്ഡപത്തില്‍ മാമന് പിറകെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുന്ന അമ്മയെ കാണാമായിരുന്നു. മാമന്‍ കൈ പിടിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ നോക്കിയതത്രയും അമ്മയുടെ മുഖത്തേക്കാണ്. കയ്യിലെ പേഴ്സ് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന 'അമ്മ. അത്രയും നാള്‍ വളര്‍ത്തി, കല്യാണം വരെ ഉള്ള കാര്യങ്ങള്‍ നോക്കിയ അമ്മയേക്കാള്‍ കൈ പിടിച്ചു കൊടുക്കാന്‍ അച്ഛന് പകരം ആരെ കൊണ്ടുവന്ന് നിര്‍ത്തിയാലും മതിയാകില്ലായിരുന്നല്ലോ എന്നൊരു ചിന്ത പിന്നീടിങ്ങോട്ഠ് കുറേ കാലം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. പിന്നിലേക്ക് മാറ്റപെട്ട് നിര്‍ത്തിയ അമ്മയുടെ രൂപവും.

തൊട്ടടുത്ത വര്‍ഷം ചേച്ചിയെ പ്രസവത്തിന് കൂട്ടികൊണ്ടു വരാന്‍ പോകുന്ന ദിവസം. എല്ലാവരും പോയിട്ടും മൂന്ന് പേര്‍ ആ വീട്ടില്‍ അവശേഷിച്ചു. 'അമ്മ, അമ്മാമ്മ, കുഞ്ഞമ്മ. മൂന്നുപേരും വിധവകള്‍ ആയതിനാല്‍ കൂട്ടിക്കൊണ്ടു വരാന്‍ പോകാന്‍ പാടില്ലാത്രേ. അമ്മയുടെ സ്ഥാനത് അന്ന് പോയത് മാമി ആയിരുന്നു. പോയവര്‍ വരുന്നിടം വരെ വാതില്‍ പടിയില്‍ പത്രം നിവര്‍ത്തിയിരുന്നു വായിക്കുന്ന അമ്മ ഇന്നും ഉണ്ട് ഉള്ളില്‍. നേരം അത്രയും കടന്നു പോയിട്ടും പത്രത്തിന്റെ താളുകള്‍ ഒന്നും മറിയാതിരിന്നപ്പോഴേ തോന്നി അമ്മ ഇവിടെയും അമ്മയുടെ മനസ്സ് ചേച്ചിയുടെ അടുത്തുമാണെന്ന്. ഇടയ്ക്കിടയ്ക്ക് എവിടെ എത്തിക്കാണും എന്ന ആത്മഗതവും, ഏതേലും വണ്ടിയുടെ ശബ്ദം കേട്ടാല്‍ പെട്ടെന്ന് തല എത്തിച്ചു റോഡിലേക്ക് നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിലും ഏറെ എന്നെ വേദനിപ്പിച്ചത്, പപ്പാ മരിച്ചതില്‍ പിന്നെ 'വിധവ' ആയതിനാല്‍ ഇതുപോലെ ഉള്ള ഒറ്റ ചടങ്ങുകളും അമ്മ കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ എന്നാണ്. സ്വന്തം മകളുടെ സന്തോഷത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ട, പകരം ആളെ നിര്‍ത്തേണ്ടിവരുന്ന അവസ്ഥ. എത്രമാത്രം സങ്കടം ഉണ്ടാവും. പക്ഷെ അമ്മ അതൊന്നും പുറത്തു കാണിച്ചില്ല, ഞങ്ങള്‍ ചോദിച്ചിട്ടും ഇല്ല.

പെണ്ണ് കാണാന്‍ വന്നവന്റെയും, അയാളുടെ അച്ഛന്റെയും, കൂട്ട് വന്ന ബ്രോക്കറുടെയും മുന്നില്‍ ശിലപോലെ ഞാന്‍ നിന്നത് 20 മിനിറ്റു ആണ്. ഇടയ്ക്കുള്ള നോട്ടം അല്ലാണ്ട് ഒരക്ഷരം ആരും മിണ്ടുന്നില്ല. എന്ത് ചെയ്യണം എന്ന് എനിക്കും ഒരു രൂപം ഇല്ല. അവസാനം രണ്ടും കല്പിച്ചു ഞാന്‍ ചോദിച്ചു 'പേരെന്താണ് ?'. ചായയേക്കാള്‍ അവരെ എന്റെ ചോദ്യം പൊള്ളിച്ചു. പിറ്റേന്ന് ഞാന്‍ എറണാകുളത്തേക്ക് തിരിച്ചു വരാന്‍ നേരം ബ്രോക്കര്‍ എത്തി. ജോലി ഉള്ളതിന്റെ അഹങ്കാരം ആണത്രേ ഞാന്‍ ആദ്യം കയറി മിണ്ടിയത്. അതിനാല്‍ അറിയാം അവള്‍ അഹങ്കാരി ആണ്. ഇങ്ങനത്തെ പെണ്ണുങ്ങളെ ഞങ്ങള്‍ക്ക് വേണ്ട.' അറത്ത് മുറിച്ചിട്ട പോലെയുള്ള എനിക്ക് 'പിറക്കാതെ പോയ ഭാവി അമ്മായിഅമ്മയുടെ' സ്വഭാവ സര്‍ട്ടിഫിക്കറ്റ് രണ്ട് കയ്യും നീട്ടി വാങ്ങി. 

വേട്ടാവളിയനെ പോലെ 20 മിനിറ്റു നേരം ഒന്നും മിണ്ടാതെ മനുഷ്യനെ നിര്‍ത്തിയതും പോരാ, ഒരു പേര് ചോദിച്ചപ്പോള്‍ എനിക്ക് ഇത്രയും പേരുദോഷം ചാര്‍ത്തി തന്ന അവനെ എനിക്ക് ഇന്നലെ വേണ്ട എന്ന് പറഞ്ഞു ഞാന്‍ ബാഗ് എടുത്തു ഇറങ്ങി. ബസ്സിലിരുന്ന സമയത്ത് ചില നേരങ്ങളില്‍ പുറംകാഴ്ചകള്‍ കണ്ണുനീരുമായി അലിഞ്ഞിറങ്ങി ഒന്നിച്ച് പുറത്തേക്കൊഴുകി. ഇന്നും എനിക്കറിയില്ല ഞാന്‍ ചെയ്ത കുറ്റം എന്ത്? ആണുങ്ങള്‍ മിണ്ടിയതിന് ശേഷമേ പെണ്ണുങ്ങള്‍ മിണ്ടാവൂ എന്ന അലിഖിത നിയമം തെറ്റിച്ചതോ? അതോ ജോലിയുള്ളത് കൊണ്ട് എനിക്ക് നിലപാടുകള്‍ ഉണ്ടാവരുതെന്ന അവരുടെ ബോധമോ?
Join WhatsApp News
andrew 2018-01-18 07:16:47

Beautiful narration filled with real life.

It is sad to see even in this times human society is dominated by males. Religion in every part of the Globe is the culprit who created and promoted male dominance. Optimists used to be thrilled by more and more young generation individuals getting free from the chains of religion and leading a life of common sense. But it is sad to see instead of going forward the young generation is falling to be a victim of fanatic religions. Women of the World need to unite, arise, resist and march forward against male dominance. Men need to acknowledge & accept the fact that Woman is your Mother, Sister, Daughter, Partner.

Emancipate from the invisible jails of religion. Then you can see human beings of all difference in a rational attitude.


Mathew V. Zacharia, NEW YORK 2018-01-18 09:56:32
Feminism. by Vanaja Vasdev.
I applaud your conviction and individuality. Every society has its own culture and tradition. It has nothing to do with religion. Religion is meant to have a personal relationship with creator, Almighty God. This is also for individual's relationship, by that you can taste and experience His love and Blessing. Our hearts are restless until they rest in God.
Mathew V Zacharia, New Yorker 
വിദ്യാധരൻ 2018-01-18 14:56:18
സമൂഹത്തിലെ ചീഞ്ഞു നാറിയ യഥാസ്ഥിതികവും മൂഢവുമായ ചില ശീലങ്ങൾക്ക് നേരെയാണ് നിങ്ങൾ വിരൽ ചൂണ്ടിയിരിക്കുന്നത് .  സ്ത്രീയെ രണ്ടാംകിട ജീവിയായി കാണുന്ന ഒരു സമൂഹത്തിന്റെ മനോഭാവത്തിന് 2018 ലും മാറ്റം വന്നിട്ടില്ല.  സ്ത്രീ ഒരു ലൈംഗിക വസ്തുവായി കാണുന്ന പുരുഷമേധാവിത്വത്തിന്റെ അളിഞ്ഞു നാറിയ ദുർഗന്ധം ലോകത്തിന്റെ എല്ലാ ഭാഗത്തും നിലനിൽക്കുന്നു . മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറവിൽ നിന്നുകൊണ്ട്  മനുഷ്യരാശിയുടെ രക്ഷകർ എന്ന് അവകാശപ്പെടുന്ന അധമവർഗ്ഗമാണ് ഈ വൃത്തികേടുകളുടെ കാവൽക്കാർ.  സന്യസിമാർ, പുരോഹിതന്മാർ, രാഷ്ട്രീയക്കാർ തുടങ്ങിയവർക്ക് സ്ത്രീകളെ അടിച്ചൊതുക്കിയും അവരുടെ അവകാശങ്ങൾ നിഷേധിച്ചും. അവരെ പീഡിപ്പിച്ചുമാണ് അവരുടെ നേതൃത്വത്തിന്റെ ശക്തി തെളിയിക്കുന്നത്. ഇതിന് കൂട്ട് നില്ക്കുന്ന പുരുഷവർഗ്ഗത്തിൽപ്പെട്ടവൻ എന്ന് തോന്നുമ്പോൾ ഞാനും ലജ്ജിതനാണ്. ഇന്ന് അമേരിക്കൻ സമൂഹം പ്രസിഡണ്ടായി വാഴിച്ചിരിക്കുന്ന ട്രംപിന്റെ സന്മാർഗ്ഗ നിലവാരം എത്രയെന്ന് അയാളുടെമേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ പട്ടിക നോക്കിയാൽ മതി . എന്നാൽ ഒരു ക്രൈസ്തവരാജ്യം എന്ന് വീരവാദം മുഴക്കുന്നവർ അയാളെയാണ് രാജാവായി വാഴിച്ചത്.  ബറാബാസെന്ന അസാന്മാര്‍ഗ്ഗിയെ രാജാവാക്കി നീതിക്കുവേണ്ടി നിലനിന്ന ക്രിസ്തുവിനെ ക്രൂശിച്ച യഹോവയുടെ ജനം പിന്തുടർന്ന അതെ പാത . ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്ന ഒരു ക്രൈസ്തവൻ പറയുന്നത് മതത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്നതൊഴിച്ചാൽ.  സ്വന്ത ഹൃദയത്തിൽ സ്ത്രീകളെയും പുരുഷനെയും വിവേചിക്കാൻ കഴിയാത്ത മനുഷ്യൻ അവന്റെ താളത്തിനു തുള്ളുന്ന ദൈവത്തെ സൃഷ്ടിക്കുന്നതിൽ അത്ഭുതത്തിന് വകയില്ല.  ഇവരാണ് ട്രംപിന് സ്തുതിപാടുന്ന അവിദ്യരായ കൂട്ടർ . സ്വന്തം ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി മരിക്കണം എന്ന് പഠിപ്പിച്ച മറ്റൊരു കൂട്ടരാണ് ആർഷ ഭാരതത്തിന്റെ ഗുരുക്കന്മാർ .  ഭാര്യക്ക് സ്വാതന്ത്ര്യം നൽകാതെ മുഖം പാറുതായിക്കുള്ളിൽ ഒളിപ്പിക്കുകയും വേണുമ്പോൾ മൊഴിചൊല്ലി വിടുകയും ചെയ്യുന്ന മതവും എല്ലാം ഇന്നും ' സ്വാതന്ത്രമാക്കുന്ന സത്യത്തിന്റെ ' കഴുത്തിന് കുത്തി പിടിച്ചിരിക്കുന്നു .

സഹോദരി നിങ്ങളുടെ അമ്മയെപ്പോലെ യോഗ്യതയുള്ള ഒരാളും വേറെയില്ല .  പക്ഷെ ആ യോഗ്യത കിട്ടുവാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.  ആരെല്ലാം സത്യത്തിനുവേണ്ടി നിലകൊണ്ടിട്ടുണ്ടോ അവരെ എല്ലാം കുത്തിയും ക്രൂശിച്ചും വെടിവച്ചും കൊന്ന സമൂഹം ഇന്നും കഴുകാരെപ്പോലെ ചുറ്റുന്നു .  ഇവിടെ ട്രംപു, കുര്യനും, ജോസഫും, കുഞ്ഞാലിയും, ദിലീപും,  അങ്ങനെ പലരുംആരാലും വെല്ലുവിളിക്കപെടാതെ പറന്നു നടക്കും .

ഏറ്റവും ധീരവും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ ലേഖനത്തിന് എന്റെ എളിയ അഭിനന്ദനം 

'മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ 
മനസ്സിൽ ദൈവം ജനിക്കുന്നു 
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ 
മനസ്സിൽ ദൈവം മരിക്കുന്നു 
ഈ യുഗം കലിയുഗം 
ഇവിടെയെല്ലാം പൊയ്മുഖം '

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക