Image

പത്മരാജന്റെ ചരമവാര്‍ഷികത്തില്‍ ബോബന്‍ സാമുവല്‍

Published on 24 January, 2018
പത്മരാജന്റെ ചരമവാര്‍ഷികത്തില്‍ ബോബന്‍ സാമുവല്‍

അനശ്വര സംവിധായകന്‍ പത്മരാജന്റെ ഇരുപത്തിയേഴാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകനായ ബോബന്‍ സാമുവല്‍ എഴുതിയ കുറിപ്പ്

മനസ്സില്ലാമനസ്സോടെ തന്നെയാണ് ഞാന്‍ ആ വീടിന്റെ മുറ്റം കടന്ന് തിരിച്ച് നടന്നത്. പ്രതീക്ഷകളസ്തമിക്കാത്ത ഒരു മനസ്സിന്റെ പിന്‍വിളിയെന്നവണ്ണമാണ് ഞാനൊരിക്കല്‍ കൂടി തിരിഞ്ഞു നോക്കിയതെന്നതും സത്യമാണ്.

പത്മരാജന്‍ സാര്‍ എന്റെ മടക്കയാത്രയും വീക്ഷിച്ച് സമൃദ്ധമായ തന്റെ താടിയില്‍ വിരലുകളുഴിഞ്ഞ് അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. 80 കളുടെ അവസാനം. പത്താം തരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ സിനിമയ്ക്ക് പ്രാപ്തനായി എന്നു എനിക്ക് തോന്നിയ കാലം.

മറ്റൊന്നും ചിന്തിച്ചില്ല. ചിന്തകളില്‍, സ്വപ്നങ്ങളില്‍, എന്തിന് ഓരോ ശ്വാസത്തിലും സിനിമ മാത്രം നിറഞ്ഞു നിന്ന കാലം.

പൂജപ്പുരയിലെവിടെയോ ആണ് പത്മരാജന്‍ സാറിന്റെ താമസം എന്നു അറിഞ്ഞ് ഒരു യാത്ര. വീട് കണ്ടെത്തി. ഞരമ്പുകളിലെ സിനിമയെന്ന തീവ്രമായ വികാരം യാതൊരു സങ്കോചവും കൂടാതെ സധൈര്യം ആ മുറ്റത്തേയ്ക്ക് കടന്നു ചെല്ലാന്‍ എന്നോടൊപ്പം കൂട്ടു നിന്നു. കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി കാത്തു നിന്ന എന്റെ മുന്നില്‍ ആ വീടിന്റെ വാതില്‍ തുറന്നു. അദ്ദേഹത്തിന്റെ പ്രിയപത്‌നി രാധാലക്ഷ്മി.

സാറിനെ കാണണമെന്ന ആഗ്രഹത്തിന് 'ഇരിക്കൂ ഇപ്പോ വരും' എന്ന മറുപടി. കാത്തിരിപ്പ്. മലയാള സാഹിത്യത്തിന്റെയും, സിനിമയുടെയും, പ്രണയത്തിന്റെ രാജകുമാരനെ കാണാനുള്ള കാത്തിരിപ്പ്. ആ കാത്തിരിപ്പിനിടയിലെപ്പോഴോ ഒരു കപ്പ് ചായയുമായി അപരിചിതത്വം തൊട്ടു തീണ്ടാത്ത മുഖവുമായി ഒരിക്കല്‍ക്കൂടി ചേച്ചി വന്നു പോയിരുന്നു.

ചിന്തകളില്‍ മുഴുകിയ എന്റെ മുന്നില്‍ എപ്പോഴാണ് ആ മുഖം വന്നതെന്നോര്‍മ്മയില്ല.....തിളങ്ങുന്ന കണ്ണുകളും ,വശ്യമായ പുഞ്ചിരിയുമായി പി.പത്മരാജന്‍.

നിമിഷങ്ങളോളം എന്റെ മുഖത്തേയ്ക്ക് കൗതുകം തുളുമ്പുന്ന നോട്ടവുമായി അദ്ദേഹം നിന്നു.

ആഗ്രഹം സിനിമയാണെന്ന് ഒറ്റശ്വാസത്തിലങ്ങ് പറഞ്ഞപ്പോഴും സഹസംവിധായകനായി കൂടെ നില്‍ക്കാനാണ് താത്പര്യമെന്ന് അറിയിച്ചപ്പോഴും കൗതുകത്തോടെയുള്ള ആ നോട്ടം തുടര്‍ന്നു.

അല്പ നിമിഷത്തെ ആലോചനയ്ക്ക് ശേഷം 'ഇപ്പോ അതിനുള്ള സാഹചര്യമില്ലാ'' എന്നദ്ദേഹം പതിയെ പറയുമ്പോള്‍ 'എങ്കില്‍ അഭിനയിച്ചാല്‍ മതി'യെന്നായി ഞാന്‍. എന്റെ ആവേശം കണ്ടിട്ടാവണം സാര്‍ പതിയെ പുഞ്ചിരിച്ചു.

'നിനക്കിപ്പോ എത്ര വയസ്സായി'

ഞാന്‍ തലയുയര്‍ത്തി പറഞ്ഞു.

'പതിനാറ്.'

അദ്ദേഹം അമര്‍ത്തിയൊന്നു മൂളി. 'മുഖത്ത് മീശ മുളയ്ക്കുന്ന ഒരു കാലത്ത് നീ തിരിച്ചു വരൂ.... നോക്കാം....' ഒരിക്കലും അത് നിരാശപ്പെടുത്തുന്ന മറുപടിയായി എനിക്ക് തോന്നിയില്ല. അതു കൊണ്ടു തന്നെയാവണം സിനിമ എന്നെ വിട്ടൊഴിയാതെ കാലത്തിനനുസരിച്ച് എന്നോടൊപ്പം സഞ്ചരിച്ചതും, എനിക്കിന്നും സിനിമയുടെ ലോകത്ത് തുടരാന്‍ കഴിയുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഇന്ന് പത്മരാജന്‍ സാറിന്റെ ഇരുപത്തിയേഴാമത് ചരമവാര്‍ഷികത്തില്‍ മനസ്സില്‍ നിറയുന്ന ആ നനുത്ത ഓര്‍മ്മകള്‍, പ്രണയത്തിന്റെ ഗന്ധര്‍വ്വന് മുന്നില്‍ സമര്‍പ്പിക്കട്ടെ!

ബോബന്‍ സാമുവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക