Image

സ്റ്റേറ്റ് ഓഫ് ദ് യൂണിയന്‍: പ്രസിഡന്റ് ട്രമ്പ് എന്തൊക്കെയായിരിക്കും നിര്‍ദേശിക്കുക? (ഏബ്രഹാം തോമസ്)

Published on 30 January, 2018
സ്റ്റേറ്റ് ഓഫ് ദ് യൂണിയന്‍: പ്രസിഡന്റ് ട്രമ്പ് എന്തൊക്കെയായിരിക്കും നിര്‍ദേശിക്കുക? (ഏബ്രഹാം തോമസ്)
പ്രസിഡന്റുമാര്‍ വര്‍ഷത്തിന്റെ ആദ്യവും മറ്റ് അവസരങ്ങളില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ജനശ്രദ്ധയില്‍പെടുത്തുന്നതിനോ സ്റ്റേറ്റ് ഓഫ് ദ് യൂണിയന്‍ പ്രഭാഷണം നടത്താറുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷയ്ക്കും, അമേരിക്കയുടെ ശക്തി, അന്തസ് എന്നിവയ്ക്കും ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റിന്റെ ജനപ്രിയത എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് അഭിപ്രായ സര്‍വേകള്‍ വെളിപ്പെടുത്തുമ്പോള്‍ തന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുവാനാകും ട്രംപിന്റെ ശ്രമം.

നികുതി നിയമങ്ങളുടെ അഴിച്ചുപണിയും സാമ്പത്തിക നയങ്ങളും എല്ലാ അമേരിക്കക്കാര്‍ക്കും പ്രയോജനപ്പെടും എന്ന് ട്രംപ് ഉറപ്പു നല്‍കും. ഒരു വര്‍ഷത്തെ തന്റെ നേട്ടങ്ങളും രണ്ടാം വര്‍ഷം താന്‍ എങ്ങനെ വിഭാവന ചെയ്യുന്നുവെന്നും ട്രംപ് വെളിപ്പെടുത്തും. തന്റെ ഏറ്റുമുട്ടല്‍ സമീപനം തല്‍ക്കാലത്തേക്ക് മാറ്റി വച്ച് ഒത്തുതീര്‍പ്പിന്റെ സ്വരം സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പക്ഷപാതപരമായ രാഷ്ട്രീയ സമീപനമാണ് ട്രംപിന്റേത് എന്ന് ആരോപണം ഉയരാറുണ്ട്. നികുതി അഴിച്ചുപണി സമ്പന്നരെ മാത്രമേ സഹായിച്ചുള്ളു എന്നും വിമര്‍ശനമുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകളില്‍ ചിലത് തങ്ങള്‍ക്ക് ലഭിച്ച നികുതി ഇളവിന്റെ ഒരംശം ബോണസായി ജീവനക്കാര്‍ക്ക് നല്‍കാന്‍ തയാറായത് ഒരു വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കും.

വര്‍ഷം തോറും നടത്തുന്ന രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള പ്രഭാഷണം മില്യണ്‍ കണക്കിന് വോട്ടര്‍മാരെ സ്വാധീനിക്കുവാനുള്ള അവസരമാണ്. ഏറെ പ്രഷുബ്ധമായ 12 മാസങ്ങള്‍ക്കുശേഷം ജനങ്ങളുടെ മുന്നില്‍ തന്റെയും രാജ്യത്തിന്റെയും പ്രോഗ്രസ് (സ്‌കോര്‍) കാര്‍ഡ് അവതരിപ്പിക്കും. ജിഒപിയുടെ ഇലക്ഷന്‍ ഇയര്‍ പദ്ധതിയായാണ് നികുതി നിയമങ്ങളുടെ അഴിച്ചുപണി വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന്റെ പ്രചരണവുമായി ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സമീപിച്ച് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നില നിര്‍ത്തുവാനോ വര്‍ധിപ്പിക്കുവാനോ കഴിയുമെന്ന് റിപ്പബ്ലിക്കനുകള്‍ വിശ്വസിക്കുന്നു.

പ്രസിഡന്റ് തന്റെ പ്രഭാഷണത്തില്‍ രണ്ട് ട്രില്യന്‍ ഡോളറിന്റെ പദ്ധതി പ്രതിപാദിക്കുവാന്‍ സാധ്യതയുണ്ട്. ഇതില്‍ ഒരു ട്രില്യന്‍ ഡോളര്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും മറ്റ് പൊതുമരാമത്ത് ജോലികള്‍ക്കുമായിരിക്കും. കുടിയേറ്റ വിഷയത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ട 25 ബില്യണ്‍ ഡോളര്‍ അതിര്‍ത്തി മതിലിന്റെ പരാമര്‍ശം ഉണ്ടാവും. കുട്ടികളായിരിക്കുമ്പോള്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ എത്തിയവര്‍ക്ക് പൗരത്വത്തിനുള്ള മാര്‍ഗത്തെക്കുറിച്ചും സംസാരിച്ചേക്കും.
വാണിജ്യ നയങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ താന്‍ നടത്തിയ ചര്‍ച്ചകളും രാജ്യങ്ങള്‍ തമ്മില്‍ ഒന്നിച്ച് ഉണ്ടാക്കുന്ന ഉടമ്പടികളെക്കാള്‍ തനിക്ക് താല്പര്യം ഒരു രാജ്യം മറ്റൊരു രാജ്യവുമായി ഉണ്ടാക്കുന്ന ഉടമ്പടികളോടാണ് എന്ന് വ്യക്തമാക്കിയതും പ്രസിഡന്റ് വെളിപ്പെടുത്തും.

തീവ്രവാദത്തിന് എതിരായ പോരാട്ടത്തെക്കുറിച്ചും നോര്‍ത്ത് കൊറിയന്‍ ഭീഷണിയെക്കുറിച്ചും ട്രംപ് വിവരിക്കും. കിം ജംഗ് ഉന്നിനെ ലിറ്റില്‍ റോക്കറ്റ്മാന്‍ എന്ന് വിശേഷിപ്പിച്ചത് ആവര്‍ത്തിക്കുവാന്‍ സാധ്യതയില്ല. ഫയര്‍ ആന്റ് ഫ്യൂറിയും ഒഴിവാക്കിയേക്കും. വേദന സംഹാരി മരുന്ന് ഒപിഓയിഡിന്റെ അമിത ഉപയോഗം മൂലം പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ഒരാള്‍ ട്രംപിന്റെ അതിഥികളില്‍ ഒരാളായി സദസിലുണ്ടാവുമെന്ന് വൈറ്റ് ഹൗസ് പറയുന്നു.

തന്റെ ആദ്യ വാര്‍ഷികത്തില്‍ തന്നെ സംഭവിച്ച ഭരണ സ്തംഭനം മറികടന്ന് തിരഞ്ഞെടുപ്പിന്റെ കഠിന ദിനങ്ങളെ അഭിമുഖീകരിക്കുവാനുള്ള തയാറെടുപ്പായി ഈ പ്രഭാഷണം ട്രംപ് പ്രയോജനപ്പെടുത്തുമോ എന്നാണ് നിരീക്ഷകര്‍ താല്പര്യപൂര്‍വ്വം വീക്ഷിക്കുന്നത്. പ്രസിഡന്റിന് മേലുള്ള ഒരു ഹിത പരിശോധനയായി ഈ വര്‍ഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ട്രംപും മറ്റ് ക്യാബിനറ്റ് അംഗങ്ങളും ഉടനെ തന്നെ രാജ്യം ഒട്ടാകെ സന്ദര്‍ശിക്കുവാനും പരിപാടിയുണ്ട്.
Join WhatsApp News
അനിശ്ചിതൻ 2018-01-30 16:03:52
ആർക്കറിയാം -വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്
നിഷ്പക്ഷ നിരീക്ഷകൻ 2018-01-30 16:36:56
പ്രതികരണങ്ങൾ കഴിഞ്ഞ ആഴ്ചയിൽ

പ്രതികരണം 9-10 പേജ്. ചുരുക്കം ചില വാചകങ്ങൾകൊണ്ട്, വല്യേച്ചി നിരണം, കഴിഞ്ഞ ആഴ്ചയിലെ പ്രതികരണകോളത്തിൽ നിറഞ്ഞു വിളയാടി. ഇരുതല വാളായിരുന്ന ഒരു ഓർമ്മപ്പെടുത്തലായിരുന്നു ആ മഹത് വ്യക്തിയുടെ, 'കുഞ്ഞനുജന്മാരെ' അഭിസംബോധന ചെയ്ത വാക്കുകൾ. അമേരിക്കയിൽ വന്നിട്ട് 50+ വർഷങ്ങളായെന്നു വാചകങ്ങളുടെ ശൈലിയിൽ നിന്ന് തോന്നുന്നു 

താടിയുള്ള അപ്പനെ പേടിയുണ്ട് എന്നുപറഞ്ഞപോലെ, ഒട്ടുമിക്ക തറ വാക്കുകളും അവരുടെ ആ സ്നേഹശാസനത്തിൽ നിന്നു. ആരോ ഒരുവൻ വല്യേച്ചി, നിരണം പേരിൽ ചിന്താ കുഴപ്പം ഉണ്ടാക്കാൻ കള്ള പേരിൽ രണ്ടാമത് എഴുതിയത്, വേറാരോ കൈയോടെ പിടി കൂടുകയും ചെയ്‌തു. 

ദൈവം കറുത്തതോ വെളുത്തതോ തുടങ്ങിയ വാദങ്ങൾ എങ്ങും എത്തുന്നില്ല, പക്ഷെ ആളുകൾ പ്രതികരിക്കുന്നുണ്ട്. മനുഷ്യർക്ക് കഷ്ട്ടപ്പാടുകളും ദുഖങ്ങളും ഉള്ളേടത്തോളം കാലം അവർ ദൈവത്തിൻറെ പേരിൽ അല്ലെങ്കിൽ പള്ളികളുടെ പേരിൽ തർക്കിച്ചുകൊണ്ടേയിരിക്കും. സഭ്യമല്ലാത്തതല്ലെങ്കിലിൽ പോലും യാക്കോബായ ഓർത്തഡോൿസ് വാദങ്ങൾ വെറും കൂതറ ലെവലിലാണ്.

സിനിമ (ദിലീപ്), രാഷ്ട്രീയം ഇതിലല്ലാതെ പ്രതികരണ വിദഗ്ധർക്കു കേരളത്തിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി വലിയ താൽപ്പര്യം കാണുന്നില്ല.
CID Moosa 2018-01-30 17:56:50
നിഷ്പക്ഷ നിരീക്ഷകൻ തന്നെ വല്യേച്ചി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക