Image

ബാഗമതി, ഭയപ്പെടുത്തുന്ന സൗന്ദര്യം

Published on 01 February, 2018
  ബാഗമതി, ഭയപ്പെടുത്തുന്ന സൗന്ദര്യം

ജി.അശോകന്‍ കഥയും സംവിധാനവും നിര്‍വഹിച്ച ബാഗമതി തീര്‍ത്തും പുതിയൊരു ചലച്ചിത്രാനുഭവമാണെന്നു പറയാന്‍ കഴിയില്ല. എന്നാലും നായികാ പ്രാധാന്യമുള്ള ഒരു കഥ സിനിമയാക്കാന്‍കാണിച്ച ധൈര്യം അഭിനന്ദനീയമാണ്‌.

കാടിന്റെ നടുക്ക്‌ പ്രേതാലയം പോലൊരു ബംഗ്‌ളാവ്‌..ആദ്യ കാഴ്‌ചയില്‍ തന്നെ പേടിപ്പെടുത്തുന്ന അന്തരീക്ഷം.അഴിമതി ആരോപിക്കപ്പെടുന്ന മന്ത്രി ഈശ്വര്‍ പ്രസാദി(ജയറാം)ന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ ആയ ചഞ്ചല ഐ.എ.എസിനെ ഈശ്വര്‍ പ്രസാദിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യാനായി ഈ ബംഗ്‌ളാവിലേക്ക്‌ കൊണ്ടു വരുന്നിടത്തു നിന്നാണ്‌ കഥ ആരംഭിക്കുന്നത്‌. പണ്ട്‌ രാജഭരണ കാലത്ത്‌ നൈസാമിനെതിരേ യുദ്ധം ചെയ്‌ത്‌ ജയിച്ച ബാഗമതി റാണിയുടെ ബംഗ്ലാവാണത്‌. എതിരാളിയെ തോല്‍പ്പിച്ചെങ്കിലും സ്വന്തം സൈന്യാധിപനാല്‍ ചതിക്കപ്പെട്ട്‌ തടവറയില്‍ കഴിയേണ്ടി വന്ന ബാഗമതി റാണി അപമാനഭാരം സഹിക്കാന്‍ കഴിയാതെ തൂങ്ങി മരിച്ചുവെന്നാണ്‌ കഥ. ഇങ്ങനെ ഭീദിതമായ കഥയും കഥാപരിസരവുമുള്ള സ്ഥലത്തേക്കാണ്‌ സി.ബി.ഐ ഓഫീസറായ ജയന്തി നടരാജന്‍ ചഞ്ചലയെ ചോദ്യം ചെയ്യാനായി കൊണ്ടു വരുന്നത്‌. ഇവിടെ വച്ച്‌ നായികയുടെ ഭൂതകാലം അനാവരണം ചെയ്യപ്പെടുന്നു.

ഗ്രാമത്തിലെ സാധാരണക്കാര്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്തുകയും അവരുടെ ഉന്നമനത്തിനായി പൊരുതുകയും ചെയ്യുന്ന ചെറുപ്പക്കാരനാണ്‌ ശക്തി. ആസ്‌ട്രേലിയായില്‍ നിന്നും എം.ബി.എ പാസായി ലക്ഷക്കണക്കിനു രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചിട്ടാണ്‌ അയാള്‍ തന്റെ ഗ്രാമത്തിലെ സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌. ആദ്യമൊക്കെ ശക്തിയുടെ സമീപനത്തോട്‌ വിയോജിപ്പുണ്ടായിരുന്നെങ്കിലും പോലീസ്‌ ഓഫീസറായ ശക്തിയുടെ ചേട്ടന്‍ പിന്നീട്‌ അയാളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു. രണ്ടു വര്‍ഷം കൊണ്ട്‌ ശക്തി ഗ്രാമത്തിലുണ്ടാക്കിയ മാറ്റവും ആളുകള്‍ക്ക്‌ അയാളോടുള്ള സ്‌നേഹവും തിരിച്ചറിഞ്ഞ ചഞ്ചല പിന്നീട്‌ അയാളുമായി പ്രണയത്തിലാകുന്നു. എന്നാല്‍ പിന്നീട്‌ ശക്തിയെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ ചഞ്ചല ജയിലിലാകുന്നു. ഈശ്വര്‍പ്രസാദിന്റെ രാഷ്‌ട്രീയ ജീവിതം കളങ്കിതമാക്കാന്‍ എതിരാളികള്‍ നീക്കമാരംഭിക്കുന്നു. ഇതിനായി അയാള്‍ക്കെതിരേ അഴിമതി തെളിവുകള്‍ ശേഖരിക്കാനാണ്‌ ജയന്തി ചഞ്ചലയെ ബാഗമതിയുടെ ബംഗ്‌ളാവിലേക്ക്‌ കൊണ്ടു വരുന്നത്‌.

ഇവിടേക്കു കൊണ്ടു വരുന്ന ചഞ്ചലയിലേക്ക്‌ ബാഗമതിയുടെ പ്രേതാവേശം നടക്കുകയാണ്‌. തുടര്‍ന്ന്‌ അതിവിചിത്രമായ പല സംഭവങ്ങളും ബംഗ്ലാവില്‍ അരങ്ങേറുന്നു. ആദ്യ പകുതി മുഴുവന്‍ ഒരു ഹൊറര്‍ സിനിമ പോലെ സഞ്ചരിക്കുന്ന സിനിമ കുറച്ചൊക്കെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട്‌. പേടിപ്പെടുത്തുന്ന രംഗങ്ങളുടെ ദൈര്‍ഘ്യവും എണ്ണവും അത്രയ്‌ക്കുണ്ട്‌ എന്നു പറയാതെ വയ്യ. പോരാഞ്ഞിട്ട്‌ കാതടപ്പിക്കുന്ന ശബ്‌ദ കോലാഹലവും. രണ്ടാം പകുതിയിലാണ്‌ കഥയുടെ ട്വിസ്റ്റുകള്‍ മുഴുവന്‍ ഒളിപ്പിച്ചിരിക്കുന്നത്‌. ആരാണ്‌ വില്ലന്‍ എന്നറിയാതെ പ്രേക്ഷകന്‍ കുഴങ്ങി പോകുന്ന അവസ്ഥയാണ്‌. ഒരു ഘട്ടത്തില്‍ നായിക തന്നെയോ എല്ലാത്തിനും പിന്നില്‍ എന്നു പോലും പ്രേക്ഷകന്‍ സംശയിച്ചു പോകുമെങ്കിലും അവിടെ നിന്നും പെട്ടെന്നു തന്നെ കഥ കറങ്ങിത്തിരിയുന്നു.

അനുഷ്‌ക്കയുടെ അപാരമായ പ്രകടനമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. ചഞ്ചല ഐഎഎസ്‌ ആയും പ്രേതം ആവേശിച്ച ചഞ്ചലയായും ചിത്രത്തില്‍ അതിഗംഭീര പ്രകടനമാണ്‌ അനുഷ്‌ക്ക നടത്തിയിട്ടുള്ളത്‌. ബാഗമതിയാകാന്‍ ശാരീരികമായും മാനസികമായും നിരവധി തയ്യാറെടുപ്പുകള്‍ അനുഷ്‌ക്ക നടത്തിയിട്ടുണ്ടെന്നുള്ളത്‌ അവരുടെ പ്രകടനത്തില്‍ നിന്നു തിരിച്ചറിയാം. പുറമേക്ക്‌ സ്‌നേഹവും കരുതലും സഹാനുഭൂതിയും പ്രകടിപ്പിക്കുന്ന, കുശാഗ്ര ബുദ്ധിക്കാരനായ, ചാണക്യതന്ത്രങ്ങള്‍ മെനയുന്ന രാഷ്‌ട്രീയ നേതാവായ ഈശ്വര്‍ പ്രസാദായി ജയറാം മിന്നുന്ന പ്രകടനമാണ്‌ കാഴ്‌ച വച്ചിട്ടുള്ളത്‌. മലയാളത്തിലും തമിഴിലും സ്ഥിരം നന്‍മയുടെ കഥാപാത്രങ്ങള്‍ മാത്രം ചെയ്‌തു ശീലിച്ച ജയറാമിന്റെ സിനിമാ ജീവിതത്തിലെ മികച്ച വേഷമായിരിക്കും ഇതെന്നതില്‍ സശശയമില്ല. അനീതിക്കും അഴിമതിക്കുമെതിരേ പ്രതികരിക്കുന്ന, ക്ഷോഭിക്കുന്ന യുവത്വത്തിന്റെയും പ്രണയാതുരനായ യുവാവായും ശക്തി എന്ന കഥാപാത്രത്തിലൂടെ ഉണ്ണി മുകുന്ദനും തിളങ്ങി. തെലുങ്കിലെ അരങ്ങേറ്റം ഉണ്ണി മോശമാക്കിയില്ല. സി.ബി.ഐ ഓഫീസര്‍ ജയന്തി നടരാജനായി എത്തിയ മലയാളത്തിന്റെ തന്നെ ആശാ ശരത്തും ഏറെ മിന്നുന്ന പ്രകടനം കാഴ്‌ച വച്ചു. ചഞ്ചലയെ ചോദ്യം ചെയ്യുന്ന രംഗങ്ങളില്‍ പലപ്പോഴും അവര്‍ ദൃശ്യത്തിലെ ഐ.ജി ഗീതാ പ്രഭാകറിനെ ഓര്‍മ്മിപ്പിച്ചു. ഇടയ്‌ക്കൊക്കെ മൊഴിമാറ്റത്തിന്റെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതൊഴിച്ചാല്‍ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ്‌ ബാഗമതി. നായകന്‍മാരുടെ ആധിപത്യം കൊടി കുത്തി വാണിരുന്ന തെലുങ്കു സിനിമാ ലോകത്തില്‍ കരുത്തുറ്റ സ്‌ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു പിറവിയെടുക്കുന്ന സിനിമകള്‍ക്കും പ്രേക്ഷകരുടെ മനസില്‍ സ്വീകാര്യത ലഭിക്കുമെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ്‌ ബാഗമതിയുടെ വിജയം.


























































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക