Image

സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌:സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍ പിടിയില്‍

Published on 08 February, 2018
സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌:സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍ പിടിയില്‍
 മുംബൈ: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ നിര്‍മ്മിച്ച സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍ പിടിയില്‍. മുംബൈ അന്ധേരി മിലിട്ടറി റോഡില്‍ താമസിക്കുന്ന നിതിന്‍ സിഷോദെ(39)യെയാണ്‌ മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ കഴിഞ്ഞദിവസം പിടികൂടിയത്‌. 

സാറാ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ നിര്‍മ്മിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ അധിക്ഷേപിക്കുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ സൈബര്‍ പോലീസിന്‌ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ സൈബര്‍ പോലീസ്‌ കഴിഞ്ഞദിവസം അന്ധേരിയില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. 

സാറ ടെണ്ടുല്‍ക്കറുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ച്‌ നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിഷയങ്ങളില്‍ ശരദ്‌ പവാറിനെയും എന്‍സിപിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ട്വീറ്റുകളായിരുന്നു സാറാ സച്ചിന്‍ എന്ന ഐഡിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്‌. 

 മകളുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ ശ്രദ്ധയില്‍പ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കറും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ലണ്ടനില്‍ പഠിക്കുന്ന മകളുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട്‌ വ്യാജമാണെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്‌. 

 എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്‌ പവാറിനെതിരായ രൂക്ഷവിമര്‍ശനങ്ങളാണ്‌ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നത്‌. 
തുടര്‍ന്ന്‌ സാറ ടെണ്ടുല്‍ക്കറുടെ ഐഡി വ്യാജമാണെന്ന്‌ നിരവധി പേര്‍ കമന്റിടുകയും ചെയ്‌തു.  പിന്നാലെയാണ്‌ സച്ചിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്‌. ഇതിനെ തുടര്‍ന്നാണ്‌ സൈബര്‍ പോലീസ്‌ സംഭവത്തില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക