Image

എ.കെ.ജിയെ അനുസ്മരിച്ച് സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ മാണി

Published on 23 February, 2018
എ.കെ.ജിയെ അനുസ്മരിച്ച് സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ മാണി

തൃശ്ശൂര്‍: എ.കെ.ജിയെ അനുസ്മരിച്ചും കേരളം കണ്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളെ പുകഴ്ത്തിയും മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണി. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേരളം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളെ അനുസ്മരിച്ചത്.  മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ആയിരുന്നു മാണിയുടെ പ്രസംഗം. സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതേ സമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെയെണ്ണം 40 ലക്ഷം കടന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളിലൂടെ 36,000 കോടി രൂപയാണ് കേളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോകത്താകമാനം യന്ത്രവത്കരണം പിടിമുറുക്കുകയാണ്. ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാക്കുന്നത്. ഇത് അത്യന്തം ആശങ്കാജനകമാണ്. 700 കോടി ജനങ്ങളുള്ള ലോകത്തില്‍ 110 കോടി തൊഴിലവസരങ്ങള്‍ യന്ത്രവത്കരണങ്ങള്‍ മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പ്രതിരോധിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

1980ല്‍ മാണി അംഗമായിരുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. കേരളത്തിന്റെ വ്യവസായ മേഖലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ചയാണ് നേരിടുന്നതെന്നും മാണി പറഞ്ഞു. 

കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിച്ച് കേരളത്തില്‍ പുതിയ കാര്‍ഷിക സംസ്‌കാരം കെട്ടിപടുക്കേണ്ടത് അനിവാര്യമാണ്. ഇന്ന് ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 13000 രൂപ ചിലവ് കണക്കാക്കുന്നുണ്ട്. എന്നാല്‍, അതില്‍ നിന്നും വെറും 8000 രൂപ മാത്രമാണ് കര്‍ഷകന്റെ കൈയില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണത തുടരുന്നതിനാലാണ് കര്‍ഷകര്‍ ഭൂരഹിതരാകുന്നതെന്നും മാണി അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക