Image

ശ്രീദേവി: ആകസ്മിക നേട്ടങ്ങള്‍, അകാലത്തെ വിടപറയല്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 26 February, 2018
ശ്രീദേവി: ആകസ്മിക നേട്ടങ്ങള്‍, അകാലത്തെ വിടപറയല്‍ (ഏബ്രഹാം തോമസ്)
ശ്രീദേവിയുടെ മരണത്തില്‍ ചാനലുകള്‍ കഥകള്‍ നിറയ്ക്കുകയാണ്. അവയുടെ സമയവും. ക്രിയാത്മകമായി, വസ്തുനിഷ്ഠമായി ഈ അഭിനേത്രിയുടെ ജീവിതത്തെയോ അഭിനയ നേട്ടങ്ങളെകുറിച്ചോ അവലോകനം നടത്തുവാന്‍ ആരും തുനിഞ്ഞിട്ടില്ല.
ശ്രീദേവിയെ ഞാന്‍ കാണുന്നത് എണ്‍പതുകളുടെ ആരംഭത്തില്‍ ബോംബയിലെ ഫിലിമിസ്ഥാന്‍ സ്റ്റുഡിയോയുടെ ഫ്‌ളോറിലാണ്. തന്റെ ഷോട്ടിന് വേണ്ടി ഏകയായി കാത്തിരിക്കുന്നു, ജയപ്രദയുടെ 'സര്‍ഗം', നാളുകളില്‍ അവരും ഇങ്ങനെ കാത്തിരിക്കുന്നത് കണ്ടിട്ടുണ്ട്. ശ്രീദേവിയോട് നിങ്ങള്‍ ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ചാലും തമിഴിലേ മറുപടി ലഭിക്കൂ', ഒപ്പം ഉണ്ടായിരുന്ന മറ്റൊരു തമഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയിലെ സെന്റോര്‍ ഹോട്ടലില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ അവരെ വീണ്ടും കണ്ടു. ബോണികപൂറുമായുള്ള വിവാഹം ഔദ്യോഗികമാക്കിയിട്ടില്ല. പക്ഷെ ബോംബെ സിനിമാലോകത്ത് ഏവര്‍ക്കും ഈ ബന്ധം അറിയാം. ബോണിയുടെ വീട് അടുത്തു തന്നെയായിട്ടും സെന്റോര്‍ ഹോട്ടലില്‍ താമസിച്ച് നിര്‍മ്മാതാവിനെക്കൊണ്ട്  ചെലവ് വഹിപ്പിക്കുകയാണ് എന്ന അടക്കിപ്പിടിച്ച സംസാരം സെറ്റില്‍ കേട്ടു.

മിസ്റ്റര്‍ ഇന്ത്യയുടെ ഷൂട്ടിംഗിനിടയിലാണ് പ്രൊഡ്യൂസറായിരുന്ന ബോണിയുമായി അടുത്തത്. അതിന് മുന്‍പ് ഹിന്ദിയില്‍ സദ്മയിലും ഹിമ്മത് വാലയിലും അഭിനയിച്ചു. മൂന്നാംപിറയുടെ റീമേക്കായ സദ്മ എട്ടുനിലയില്‍ പൊട്ടിയതിന് ശേഷം ശ്രീദേവി വളരെ വലിയ വീണ്ടു വരവ് നടത്തുകയായിരുന്നു ഹിമ്മത് വാലയിലൂടെ. ബോംബെയില്‍ വലിയ വലിയ ഹോര്‍ഡിംഗുകളില്‍ ഹോട്ട് പാന്റുകളിലൂടെ കണങ്കാലുകള്‍ പ്രദര്‍ശിപ്പിച്ചു ശ്രീദേവി നിന്നു. ചിത്രത്തിലെ ഗാനനൃത്തരംഗങ്ങളും കോമഡിയും ഹരമാക്കി, ചിത്രം ജൂബിലികള്‍ പിന്നിട്ടു. ശ്രീദേവിയുടെ 'തണ്ടര്‍ തൈ' യെകുറിച്ച് സിനിമാ പ്രസിദ്ധീകരണങ്ങള്‍ എഴുതി. തുടര്‍ച്ചയായി വലിയ താരനിരയുള്ള വലിയ ബാനര്‍ ചിത്രങ്ങള്‍ ശ്രീദേവിക്ക് ലഭിച്ചു. ഇവയില്‍ അവരുടെ അഭിനയ പ്രതിഭ മിന്നിമറയുന്നത് ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിച്ചു. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഫലിത പ്രധാന രംഗങ്ങളിലെ കഴിവ് മിസ്റ്റര്‍ ഇന്ത്യയില്‍ അവര്‍ വീണ്ടും പ്രദര്‍ശിപ്പിച്ചപ്പോള്‍ ആരാധകരേറെയുണ്ടായി.
എങ്കിലും അംഗലാവണ്യ പ്രദര്‍ശനത്തിനായിരുന്നു അവരുടെ സംവിധായകര്‍ക്ക് കൂടുതല്‍ താല്‍പര്യം. ചാന്ദ്‌നിയില്‍ യാഷ്‌ചോപ്ര വളരെ നേര്‍ത്ത വസ്ത്രം ധരിപ്പിച്ച് ഒരു ഗാനനൃത്ത ചിത്രീകരണം നടത്തി. ചിത്രം വന്‍ വിജയമായി. യാഷ് ഇതേ അടവ് വീണ്ടും ലംഹേയില്‍ പരീക്ഷിച്ച് നോക്കിയെങ്കിലും ആദ്യവിജയം ആവര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല.
ആദ്യകാല ചിത്രങ്ങളില്‍ തനിക്ക് വേണ്ടി ശബ്ദം നല്‍കാന്‍ സറീന വഹാബിനെയാണ് ശ്രീദേവി തിരഞ്ഞെടുത്തത്. തീരെ ചെറിയ കുട്ടികളെപോലെ സറീനയെകൊണ്ട് ഡബ്ബ് ചെയ്യിച്ചത് ചിലപ്പോഴൊക്കെ അരോചകരമായി അനുഭവപ്പെട്ടു. ആഖ്രി മാസ്ത മുതല്‍ ചില ചിത്രങ്ങളില്‍ രേഖ ശബ്ദം നല്‍കി. അമിതാഭിനൊപ്പം ഡബ്ബിംഗ് നടത്തുവാന്‍ രേഖയ്ക്ക് അവസരം ലഭിച്ചത് അവര്‍ക്കും വരദാനമായി.

ശ്രീദേവി തിരിച്ചു വന്ന് ഇംഗ്ലീഷ് വിംഗ്ലീഷില്‍ അഭിനയിച്ചപ്പോഴാണ് അവരുടെ കഴിവുകള്‍ കൂടുതല്‍ പ്രകടമായത്. ഒരു ഓതര്‍ ബാക്ക്ഡ് റോളില്‍ അധികം അതിഭാവുകത്വമില്ലാതെ ശ്രീദേവി തിളങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോമിലും കുറവുകള്‍ക്കതീതമായ പ്രകടനം കാഴ്ചവയ്ക്കുവാന്‍ ശ്രീദേവിക്ക് കഴിഞ്ഞു.

ശ്രീദേവി മരിച്ചപ്പോള്‍ അവര്‍ക്ക് 54 വയസായിരുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞു. 1978 ലാണെന്ന് തോന്നുന്നു ഉണ്ണിമേരിയും ശ്രീദേവിയും തമ്മില്‍ തങ്ങളില്‍ ആര്‍ക്കാണ് പ്രായം കുറവ് എന്നതിനെ ചൊല്ലി ഒരു തര്‍ക്കം നടന്നു. തനിക്കാണ് പ്രായക്കുറവ് എന്ന് വാദിച്ച ഉണ്ണിമേരി ശ്രീദേവിയുടെ ജനന സര്‍ട്ടിഫിക്കേറ്റ് പ്രസിദ്ധം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവം ഓര്‍ത്തുപോകുന്നു.

തന്റെ രണ്ട് പെണ്‍മക്കളെയും സിനിമയില്‍ കൊണ്ടു വരാന്‍ ശ്രീദേവി പരിശ്രമിച്ചിരുന്നു. മൂത്തമകള്‍ ജാന്‍വിയുടെ ചിത്രം ഏതാണ്ട് പൂര്‍ത്തിയായി വരികയായിരുന്നു. അമ്മയുടെ മരണം ജാന്‍വിയുടെ കരിയറിന് ക്ഷതം ഏല്‍പിക്കുകയില്ല എന്നാശ്വസിക്കാം. ഒരു സംവിധായകന്റെ അഭിനേത്രി ആയിരുന്നു ശ്രീദേവി. അവരിലെ നടിയെ കണ്ടെത്തി യഥായോഗ്യം ആവശ്യമായ റീടേക്കുകള്‍ നടത്തുവാന്‍ തയ്യാറായ സംവിധായകര്‍ ധാരാളമായി ഉണ്ടായില്ല. എങ്കിലും താരവും നടിയുമായി ചലച്ചിത്ര ആരാധകരും ചലച്ചിത്ര വിദ്യാര്‍ത്ഥികളും ശ്രീദേവിയെ എക്കാലവും ഓര്‍ക്കും.

ശ്രീദേവി: ആകസ്മിക നേട്ടങ്ങള്‍, അകാലത്തെ വിടപറയല്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക