Image

നന്ദിഗ്രാം കൂട്ടക്കൊല: സി.പി.എം. മുന്‍ എം.പി ഉള്‍പ്പെടെ മൂന്ന്‌ പേര്‍ അറസ്റ്റില്‍

Published on 17 March, 2012
നന്ദിഗ്രാം കൂട്ടക്കൊല: സി.പി.എം. മുന്‍ എം.പി ഉള്‍പ്പെടെ മൂന്ന്‌ പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: 2007-ല്‍ പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട്‌ സി.പി.എം. മുന്‍ എം.പി. ഉള്‍പ്പെടെ മൂന്ന്‌ പേര്‍ അറസ്റ്റിലായി. സി.പി.എം. നേതാവും ലോക്‌സഭാ എം.പിയുമായിരുന്ന ലക്ഷ്‌മണ്‍ സേത്ത്‌ ആണ്‌ മുംബൈയില്‍ അറസ്റ്റിലായത്‌.

പശ്ചിമബംഗാളില്‍ കര്‍ഷകരുടെ ഭൂമി വ്യവസായ സംരംഭങ്ങള്‍ക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ നടന്ന സംഘര്‍ഷമാണ്‌ കേസിനാസ്‌പദം. ലക്ഷ്‌മണ്‍ സേത്തിന്‌ പുറമേ സി.പി.എം. പ്രാദേശിക നേതാക്കളായിരുന്ന അശോക്‌ ഗുരിയ, അമിയ സാഹു എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇതിനകം 20 പേരാണ്‌ ഈ കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായിട്ടുള്ളത്‌. നന്ദ്രിഗാം കലാപത്തില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആറ്‌ പേര്‍ കൊല്ലപ്പെട്ടതും ഏഴ്‌ ഗ്രാമീണരെ കാണാതായതുമാണ്‌ കേസ്‌. തൃണമൂല്‍ കോണ്‍ഗ്രസ്‌ അനുകൂലികളായിരുന്നു മരിച്ചവര്‍. 88 പേര്‍ക്കെതിരെയാണ്‌ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്‌.

കൊലപാതകം, ഗുഢാലോചന, കലാപത്തിന്‌ നേതൃത്വം നല്‍കല്‍, വഞ്ചന, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. മുംബൈയിലെ ചെമ്പൂരില്‍ ഒരു വീട്ടില്‍ ഒളിവില്‍ താമസിക്കവെയാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.

എന്നാല്‍ അറസ്റ്റിന്‌ പിന്നില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഗുഢാലോചനയുണ്ടെന്ന്‌ സി.പി.എം. കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക