Image

യു.എസ് പാസ്‌പോര്‍ട്ട് ഫീസ് ഏപ്രില്‍ മുതല്‍ വര്‍ധിക്കും

ഏബ്രഹാം തോമസ് Published on 27 February, 2018
യു.എസ് പാസ്‌പോര്‍ട്ട് ഫീസ് ഏപ്രില്‍ മുതല്‍ വര്‍ധിക്കും
വാഷിങ്ടന്‍: 2018 ല്‍ കാലാവധി അവസാനിക്കുന്ന അമേരിക്കന്‍ പാസ്‌പോര്‍ട്ടുകള്‍ ഏപ്രിലിനു മുന്‍പു പുതുക്കുവാന്‍ ശ്രമിച്ചാല്‍ വര്‍ധിക്കുന്ന ഫീസിലെ അധിക ചെലവ് ഒഴിവാക്കാന്‍ കഴിയും. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രില്‍ 2 മുതല്‍ പാസ്‌പോര്‍ട്ട് എക്‌സിക്യൂഷന്‍ ഫീസ് 25 ഡോളറില്‍ നിന്ന് 35 ഡോളറായി വര്‍ധിക്കും. ഈ വര്‍ധന മൂലം മുതിര്‍ന്നവര്‍ പാസ്‌പോര്‍ട്ടിനു നല്‍കേണ്ട വില 145 ഡോളറും 16 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ നല്‍കേണ്ട ഫീസ് 115 ഡോളറും ആയിരിക്കും.

യുഎസ് പോസ്റ്റോഫിസിലോ കോണ്‍സുലര്‍ ഓഫിസിലോ നേരിട്ട് ഹാജരായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരാണ് അധിക ഫീസ് നല്‍കേണ്ടി വരിക. മെയിലില്‍(തപാലില്‍) പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഈ വര്‍ധന ബാധകമായിരിക്കില്ല.

പാസ്‌പോര്‍ട്ട് എക്‌സിക്യൂഷന്‍ ഫീസ് യുഎസ് ഗവണ്‍മെന്റിന് കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കാന്‍ വേണ്ടി വരുന്ന ചെലവുകള്‍ കണക്കിലെടുത്താണെന്നും യഥാര്‍ത്ഥത്തില്‍ ചെലവ് 25 ഡോളറില്‍ കൂടുതലായതിനാലാണ് വര്‍ധന നടപ്പാക്കുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റും യുഎസ് പോസ്റ്റല്‍ സര്‍വീസും നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

യുഎസ് പോസ്റ്റ് ഓഫിസുകളിലാണ് ഭൂരിഭാഗം അപേക്ഷകരും നേരിട്ടു ഹാജരായി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. 10% അപേക്ഷകര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അധികാരിയുടെ മുന്‍പില്‍ ഹാജരായി അപേക്ഷ നല്‍കുന്നു. ഒരു ചെറിയ ശതമാനം ഫെഡറല്‍ തദ്ദേശ അധികാരികളുടെ മുന്നിലും അപേക്ഷ നല്‍കുന്നു.

പാസ്‌പോര്‍ട്ട് എക്‌സിക്യൂഷന്‍ ഫീസിലെ വര്‍ധന ആദ്യം പ്രസിദ്ധപ്പെടുത്തിയത് ഫെഡറല്‍ രജിസ്ട്രിയില്‍ 2016 ല്‍ ആണ്. കോണ്‍ഗ്രസിന്റെ അംഗീകാരം നേടി ഏപ്രില്‍ 2 ന് നിയമം പ്രാബല്യത്തില്‍ വരുന്നു.

ഈ വര്‍ഷം മുതല്‍ ആഭ്യന്തര വിമാനയാത്രകള്‍ക്ക് എവിടെയൊക്കെ ഡ്രൈവേഴ്‌സ് ലൈസന്‍സ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കപ്പെടും എന്ന ചിന്താകുഴപ്പം സംജാതമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. മറ്റൊരു പഠനത്തില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ സന്തോഷവാന്മാരാണ് എന്ന് കണ്ടെത്തിയതായും ഒരു റിപ്പോര്‍ട്ട് പറയുന്നു.

യുണൈറ്റഡ് കിംഗ്ഡമില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ അവിടെ ബര്‍ഗണ്ടി നിറത്തിലുള്ള യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. പകരം നീലയും സ്വര്‍ണവും നിറങ്ങളുള്ള പാസ്‌പോര്‍ട്ടുകളാണ് നല്‍കുന്നത്.

ട്രാവല്‍ഡോട്ട് സ്റ്റേറ്റ് ഡോട്ട് ഗവ. വെബ്‌സൈറ്റില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക