Image

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം- മൂന്നാം ഭാഗം: ജയന്‍ വര്‍ഗീസ്)

Published on 27 February, 2018
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം- മൂന്നാം ഭാഗം: ജയന്‍ വര്‍ഗീസ്)
ആദിമാനവന്‍.

പതിനഞ്ചു ബില്യണിലധികം വര്‍ഷങ്ങളുടെ പ്രായം കണക്കാക്കപ്പെടുന്ന പ്രപഞ്ചത്തില്‍ വെറും അഞ്ചു ബില്യണ്‍ വര്‍ഷങ്ങള്‍ മാത്രമാണ് നമ്മുടെ സൗരയൂഥത്തിന്റെ പ്രായം. സൂര്യനില്‍ നിന്നടര്‍ന്നു പോയ ആയിരത്തിലൊരംശം വീണ്ടും പൊട്ടിച്ചിതറിയതില്‍പ്പെട്ട ഒരു കഷണമാണ് നമ്മുടെ ഭൂമി. സൂര്യനെപ്പോലെ കത്തുകയായിരുന്ന ഈ കഷ്ണം ഇതുപോലെ തണുത്തുറയാന്‍ വീണ്ടും എത്രയോ കാലങ്ങള്‍ വേണ്ടി വന്നിരിക്കണം !? പരിണാമ പാരന്പരയുടെ എത്രയോ കല്‍പ്പടവുകള്‍ താണ്ടിയിട്ടായിരിക്കണം, ജീവ സന്ധാരണത്തിന് അനുകൂലമായ നമ്മുടെ വര്‍ത്തമാനാവസ്ഥ ഭൂമിയില്‍ പിച്ച വച്ചു തുടങ്ങിയത് !?

കേവലം മുപ്പത്തഞ്ചു ലക്ഷം വര്ഷങ്ങള്ക്കു മുന്‍പ് മാത്രമാണ് നമ്മുടെ പൂര്‍വികന്മാരായ ആദിമ മനുഷ്യന്‍ രണ്ടു കാലില്‍ എഴുന്നേറ്റ് നടന്നു തുടങ്ങിയതെന്ന് ശാസ്ത്രം പറയുന്നു. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കാ വന്‍കരയില്‍ ഉള്‍പ്പെട്ട എത്യോപ്യായുടെ ഏതോ ഭാഗത്താണ് ഇത് സംഭവിച്ചത് എന്നാണ് ശാസ്ത്ര നിഗമനം. ഇതിന് ഉപോല്‍ബലകമായി ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ ചില ഫോസിലുകളും അവര്‍ നമ്മെ കാണിക്കുന്നുണ്ട്.

കര്ട്ടന് പിന്നിലെ കലാകാരന്റെ കൊറിയോഗ്രാഫിയിലാണ് മൂന്നരങ്ങിലെ നര്‍ത്തകിയുടെ പാദവിന്യാസങ്ങള്‍ സുസാദ്ധ്യമാക്കുന്നത് എന്ന് നൃത്തം കാണുന്നവന് മനസ്സിലാകണമെങ്കില്‍ അവനും വേണം ഒരു താളബോധം. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു നൃത്തം കൊറിയോഗ്രാഫ് ചെയ്യപ്പെടുന്നത് എന്നതുപോലെ, സുസജ്ജമായ ഒരു ചിന്താ പദ്ധതിയുടെ പ്രായോഗിക പരിപാടികളിലാണ് സൃഷ്ടിയുടെ അനേകം വേര്‍ഷനുകള്‍ നടപ്പിലാവുന്നത് എന്ന് മനസിലാക്കാത്തവരാണ്, മതഗ്രന്ഥങ്ങളിലെ സൃഷ്ടിക്കഥകളിലെ യുക്തി ഭദ്രത ചോദ്യം ചെയ്യുന്നതും, അവരുടെ അന്വേഷണം തങ്ങളില്‍ ഒരുവനായ എഴുത്തുക്കാരനില്‍ വരെ മാത്ത്രം ചെന്നെത്തി അവസാനിക്കുന്നതും !?

ഒരു യഥാര്‍ഥ എഴുത്തുകാരന്‍ ഒരു ദാര്‍ശനികന്‍ തന്നെയാണ്. തന്റെ ആത്മാവിന്റെ ആഴങ്ങളില്‍ നിറഞ്ഞു കവിയുന്ന സര്‍ഗ്ഗ സംസ്കൃതിയുടെ നീരൊഴുകുകളാണ് അവന്റെ രചനകള്‍. എല്ലാവര്‍ക്കും ലഭ്യമല്ലാത്ത ഈ സര്‍ഗ്ഗ സംസ്കൃതി അവനാര്‍ജ്ജിക്കുന്നത് പ്രപഞ്ച ചേതനയുടെ സര്‍ഗ്ഗ ഭണ്ഡഗാരത്തില്‍ നിന്ന് തന്നെയാണ്. ഇതിനായി അവന്റെ ആത്മസംവേദനങ്ങള്‍ പ്രപഞ്ച ചേതനയുമായി നിരന്തര സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ട്. വെളിച്ചം പ്രസരിപ്പിക്കുന്ന ബള്‍ബ് വൈദ്യുതി സ്വീകരിക്കുന്നത് എങ്ങോ,എവിടെയോ തിരിയുന്ന കൂറ്റന്‍ ജനറേറ്ററില്‍ നിന്നാണ് എന്നത് പോലെ; ഒരുവേള അവന്‍ പോലുമറിയാതെ ! ഇങ്ങനെ ചിന്തിക്കുന്‌പോളാണ്, മതഗ്രന്ഥങ്ങളിലെ എഴുത്തുകാര്‍ക്ക് ലഭിച്ച ദാര്‍ശനിക ബോധം എന്തായിരുന്നുവെന്ന് നമുക്ക് വെളിപ്പെടുന്നതും, അവരുടെ രചനകള്‍ യഥാതഥങ്ങളല്ലാ, പിന്നെയോ പ്രതീകാത്മകങ്ങളാണ് എന്ന് തീരിച്ചറിയുന്നതും. അത് മനസിലാക്കണമെങ്കിലും വേണം തലക്കകത്ത് പ്രത്യേക ആള്‍ താമസം?

ചിംബാന്‍സി വിഭാഗത്തില്‍പ്പെട്ട വാലില്ലാക്കുരങ്ങന്മാരില്‍ ആര് മില്യണ്‍ മുതല്‍ എട്ടു മില്യണ്‍ വരെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിണാമ പാരന്പരയുടെ അവസാനത്തിലാണ് രണ്ടു കാലുകളില്‍ എഴുന്നേറ്റ് നിന്ന് നടക്കാന്‍ തുടങ്ങിയ ആദിമ മനുഷ്യന്‍ രൂപപ്പെട്ടത് എന്നും, അന്നുമുതല്‍ ആണ് ' മനുഷ്യന്‍ ' എന്ന മഹത്തായ പേരില്‍ അവന്‍ വിവക്ഷിക്കപ്പെട്ടത് എന്നുമാണ് പരിണാമ വാദത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ പറയുന്നത്. ഡാര്‍വിന്റെ വാദഗതികളെ പിന്തുണച്ചെത്തിയ ആധുനിക ജിയോളജിസ്റ്റുകളും, ബയോളജിസ്റ്റുകളും ഡാര്‍വിനെക്കാള്‍ ഒരു മുഴം കൂടി കൂട്ടിയെറിഞ്ഞു കൊണ്ട്, ചിമ്പന്‍സിയുടെയും, മനുഷ്യന്റെയും ഡി.എന്‍.എ.തന്മാത്രകളില്‍ തൊണ്ണൂറ്റി ആറ് ശതമാനം വരെയുള്ള സമാനതകള്‍ കണ്ടെത്തുകയുണ്ടായി. തങ്ങളുടെ സംരക്ഷണയില്‍ തങ്ങള്‍ വളര്‍ത്തിയെടുത്ത ' ക്ലിന്റ് ' എന്ന ചിമ്പാന്‍സിയില്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ്, ജോര്‍ജ്ജിയാ അറ്റലാന്റായിലെ 'എമോറി ' യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ 'ഫ്രാന്‍സ് ഡി.വാള്‍ ' ന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ഈ വാദം പുറത്ത് വിട്ടിട്ടുള്ളത്. ഈ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇരുപത്തിനാലാം വയസില്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആയി പാവം ക്ലിന്റ് കഥാവശേഷനായി എന്നത് മറ്റൊരു കഥ.

ഇതിനിടയില്‍ ഇന്ത്യയില്‍, മഹാരാഷ്ടയില ഹ്യൂമന്‍ ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ ശ്രീ സത്യപാല്‍ സിങ് ഒരു പുത്തന്‍ അവകാശവാദവുമായി രംഗത്തു വന്നിട്ടുണ്ട്. മനുഷ്യനെ സംബന്ധിക്കുന്ന ഡാര്‍വിന്റെ പരിണാമ വാദങ്ങള്‍ ശാസ്ത്രീയമായിത്തന്നെ തെറ്റാണെന്നും, ഇത് സ്കൂള്‍ കോളേജ് തലങ്ങളിലെ പാഠ്യ ഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം വാദിക്കുന്നു. മനുഷ്യന്‍ ഭൂമുഖത്ത് കാണപ്പെട്ട അന്നുമുതല്‍ അവന്‍ മനുഷ്യന്‍ തന്നെ ആയിരുന്നുവെന്നും, വാമൊഴിയായോ, വരമൊഴിയായോ യാതൊരു പൂര്‍വീകനും, കുരങ്ങനും, മനുഷ്യനും ഇടയിലുള്ള ഒരു ജീവിയെ കണ്ടെത്തിയതായി രേഖപ്പെടുത്തുകയോ സൂചിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മുപ്പത്തഞ്ചു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദിമ മനുഷ്യന്‍ വന്നത് എന്ന ശാസ്ത്ര കണ്ടെത്തല്‍ ഒരുവേള ശരിയായിരിക്കാം. എന്നാല്‍, അത് കുരങ്ങുവര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരെഴുന്നേല്‍പ്പായിരുന്നെന്നും, അത് സംഭവിച്ച ആഫ്രിക്കയില്‍ നിന്നും രണ്ട് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യയിലേക്കും, ഒന്നര മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോപ്പിലേക്കും, അറുപതിനായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ആസ്‌ട്രേലിയായിലേക്കും, മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്കും കുടിയേറിക്കൊണ്ടാണ് മനുഷ്യ വര്‍ഗ്ഗം ഭൂമുഖത്ത് വ്യാപിച്ചത് എന്നുമുള്ള ശാസ്ത്ര നിഗമനങ്ങള്‍ അത്ര ശരിയാവാനിടയില്ല; സംശയങ്ങളുണ്ട്?

കാരണം, അറിയപ്പെടുന്ന ഭൂവിഭാഗങ്ങളിലെല്ലാം തന്നെ മനുഷ്യനുണ്ട്. വെള്ളം കൊണ്ടും, ദുര്‍ഘട തടസ്സങ്ങള്‍ കൊണ്ടും വേര്‍തിരിക്കപ്പെട്ട് കിടന്നിരുന്ന ആ ഭൂവിഭാഗങ്ങളിലെല്ലാം മനുഷ്യന്‍ ഒരിടത്തു നിന്ന് ചിതറിപ്പിരിഞ്ഞു എത്തിപ്പെട്ടതാവാന്‍ ഇടയില്ല. ഭൂവിഭാഗങ്ങള്‍ പിളര്‍ന്നും, കൂടിച്ചേര്‍ന്നും ഒക്കെയാണ് എല്ലാ പ്രദേശങ്ങളിലും മനുഷ്യന്‍ എത്തിച്ചേര്‍ന്നത് എന്ന വാദം നിലവിലുണ്ടെങ്കിലും, മനുഷ്യനേക്കാള്‍ മുന്‍പേയുണ്ടായിരുന്ന പല ജീവികളും ചില സ്ഥലങ്ങളില്‍ മാത്രമായി ഒറ്റപ്പെട്ട് പോയതിന്റെ കാരണം മനസിലാവുന്നില്ല. ( ഉദാഹരണം: കങ്കാരു.) കറുത്തവനും, വെളുത്തവനും, മഞ്ഞയും, ഗോതന്പ് നിറമുള്ളവനും, ദീര്‍ഗ്ഗ കായനും, കൃശനും, കാപ്പിരിയും, എക്‌സിമോയും ഒക്കെയായ ഈ മനുഷ്യരുടെ ആദിമ പ്രതിനിധികള്‍ എല്ലാവരും മുപ്പത്തഞ്ചു ലക്ഷം വര്ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സുപ്രഭാതത്തിലെ ശുഭ മുഹൂര്‍ത്തത്തില്‍ ഒന്നിച്ചൊരുപോലെ അങ്ങെഴുന്നേറ്റ് നടക്കുകയായിരുന്നിരിക്കാന്‍ ഇടയില്ല. വെള്ളത്തിലോടുന്ന യാനപാത്രങ്ങള്‍ക്കും എത്രയോ മുന്നമേയാണ് ആദിമ മനുഷ്യന്റെ കാലഘട്ടം ? അപ്പോള്‍പ്പിന്നെ കാലാവസ്ഥക്കും, ഭൂപ്രകൃതിക്കും, വര്‍ത്തമാന സാഹചര്യങ്ങള്‍ക്കും അനുരൂപമായ രൂപ ഭാവങ്ങളോടെ അതാതിടങ്ങളില്‍ മനുഷ്യന്‍ ഉടലെടുക്കുകയായിരുന്നിരിക്കണം എന്നു തന്നെയല്ലേ സംശയിക്കേണ്ടത്?

ഇനി വിവിധ കാലഘട്ടങ്ങളില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ മനുഷ്യന്‍ ഉരുത്തിരിയുകയായിരുന്നു എന്ന് സമ്മതിച്ചാല്‍ത്തന്നെയും, ഭൂമിയുടെ ആദ്യത്തെ കൈവശക്കാരന്‍ എന്ന നിലയില്‍ ആഫ്രിക്കന്‍ ജന വിഭാഗമല്ലേ കൂടുതല്‍ പുരോഗതി നേടേണ്ടിയിരുന്നത്? ബി. സി. യുടെ ഇരുണ്ട കാലഘട്ടങ്ങളില്‍ പോലും അജന്തായിലെയും, എല്ലോറയിലെയും പാറപ്പൊത്തുകളുടെ പരുക്കന്‍ പ്രതലങ്ങളില്‍ ചിത്ര കലയുടെ ചിന്താ രൂപങ്ങള്‍ കോറിയിട്ട ജന വിഭാഗം എന്തുകൊണ്ട് മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച് ഏറെ മുന്നിലെത്തിയില്ലാ? ഏതാണ്ടിതേ കാല ഘട്ടത്തില്‍ തന്നെ നഗരരാഷ്ട്ര സംസ്ക്കാരത്തിന് ഊടും പാവുമേകിയ യവന ചിന്താ ധാരക്കും മറ്റു ജനവിഭാഗങ്ങളെ കീഴ്‌പ്പെടുത്തി മുന്നേറാന്‍ സാധിച്ചില്ലാ? ഇല്ല നമുക്കുത്തരമില്ല.

കാപ്പിരികളും, എക്‌സിമോകളും മാത്രമല്ല, വയനാടന്‍ കാടുകളിലെയും, ആമസോണ്‍ കാടുകളിലെയും ആദിവാസികളും മര്‍ക്കട മനുഷ്യ പരിണാമത്തിലെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് വാദിക്കുന്നവര്‍ കണ്ടേക്കാം. ആ വാദത്തില്‍ കഴന്പില്ല. ഉണ്ടെങ്കില്‍, മാറില്‍ത്തൂങ്ങിയ കുട്ടിയുമായി മരം ചാടുന്ന ഏതെങ്കിലും മങ്കിത്തള്ള മരം ചാട്ടം നിര്‍ത്തി മണ്ണില്‍ നടന്നു തുടങ്ങിയതായി എന്തെങ്കിലും അറിവുണ്ടോ? അതുമല്ലങ്കില്‍, എഴുന്നേല്പിന്റെ വിവിധ ഘട്ടങ്ങളില്‍ എത്തി നില്‍ക്കുന്ന വാനര പ്രതാപികളെ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എപ്പോഴെങ്കിലും കണ്ടെത്തിയുരുന്നതായി മനുഷ്യ വംശത്തില്‍ ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ

ഇനി ബാലി, സുഗ്രീവന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ യാഥാര്‍ത്യമായിരുന്നുവെങ്കില്‍ക്കൂടി അവരുടെ സന്തതി പരമ്പരകള്‍ അവരെക്കാള്‍ പുരോഗതി പ്രാപിച് മനുഷ്യനിലേക്ക് കൂടുതല്‍ അടുത്തു നില്‍ക്കണമായിരുന്നു? പകരം സംഭവിച്ചതെന്താണ്? പാവം കുരങ്ങന്‍ അവന്റെ ചാട്ടത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അറിയപ്പെടുന്ന കാലം മുതല്‍ ആ ചാട്ടത്തിന്റെ സ്‌റ്റൈല്‍ ഒന്ന് തന്നെ! ഒരു ഡബിള്‍ ജംപോ, ട്രിപ്പിള്‍ ജംപോ അവന്‍ പരീക്ഷിച്ചതായോ, അതില്‍ നിന്ന് ഒരു മോഡേണ്‍ പുത്തന്‍ ചാട്ടം അവന്‍ രൂപപ്പെടുത്തിയതായോ അറിവില്ലാ.' മനുഷ്യന്റെ പൂര്‍വികര്‍ കുരങ്ങന്മാരാണ്' എന്ന പ്രസ്താവന കേട്ട് കുരങ്ങന്മാര്‍ പോലും ഊറിയൂറി ചിരിക്കുന്നുണ്ടാവണം?

എന്താണ് സംഭവിച്ചിരിക്കുക? തൊണ്ണൂറ്റാറ് ശതമാനം ഡി.എന്‍.എ.സമാനതയുമായി നില്‍ക്കുന്ന ശാസ്ത്രത്തെ പാടെ തള്ളിപ്പറയുന്നതിനു മുന്‍പ്, യുക്തി ഭദ്രമായ ചിന്തയിലൂടെ നമുക്കല്പം പിന്നോട്ട് നടക്കാം. കത്തിയെരിയുകയായിരുന്ന ഭൂമിയെന്ന ഈ സൂര്യ കഷണം തണുത്തുറഞ് ശാന്തമായ ഒരു സമയമുണ്ട്. നാലാംകുളി കഴിഞ്ഞെത്തുന്ന നാടന്‍ പെണ്ണിനെപ്പോലെ നഖം കടിച്ചു നിന്ന ഭൂമിയില്‍, സൂര്യനില്‍ നിന്നെത്തിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കടല്‍ജലത്തില്‍ നടത്തിയ രാസ സംയോഗത്തിന്റെ അനന്തര ഫലമായിട്ട് അത്യത്ഭുതകരമായി ജീവന്റെ ആദ്യത്തെ മോളീക്യൂള്‍ രൂപമെടുത്തുവെന്നാണ് ശാസ്ത്ര നിഗമനം. ഈ മോളീക്യൂളുകള്‍ രൂപപ്പെടുത്തിയ കടല്‍പ്പായലുകളില്‍ നിന്ന് ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ടാണ് സസ്യ ജന്തു ജീവി വര്‍ഗ്ഗങ്ങളിലെ അനേക ലക്ഷം വേര്‍ഷനുകള്‍ രൂപം പ്രാപിച്ചത് എന്നും, അവയാണ് എണ്ണമറ്റ ജീവികളായും സസ്യങ്ങളായും പരിണമിച് നാമറിയുന്നു ജീവ വ്യവസ്ഥ നില നിര്‍ത്തുന്നത് എന്നും ശാസ്ത്രം പറയുന്നു.

ഒരു പക്ഷെ നമ്മുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇവിടെ ഒളിഞ്ഞു കിടക്കുന്നുണ്ടാവണം എന്ന് കരുതുന്നു. മനുഷ്യനും, കുരങ്ങനും വ്യത്യസ്തങ്ങളായ രണ്ട് ജീവി വര്‍ഗ്ഗങ്ങളാണ്. തികച്ചും വ്യത്യസ്തവും, സ്വതന്ത്രവുമായ ജീനുകളിലാണ് അവ രൂപപ്പെട്ടിരിക്കുന്നത്. ആ വ്യത്യസ്തതയും, സ്വാതന്ത്രതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ അവരുടെ വര്‍ഗ്ഗം യുഗാന്തരങ്ങള്‍ താണ്ടുന്നു; താണ്ടിക്കൊണ്ടേയിരിക്കുന്നു! ചില കാര്യങ്ങളില്‍, ചില സാമ്യങ്ങളില്‍ അവര്‍ സമാന ജീവി വര്‍ഗ്ഗങ്ങള്‍ ആണെന്നേയുള്ളൂ. മീനും തവളയും ചില കാര്യങ്ങളില്‍ സമാനതകളുള്ള ജീവി വര്‍ഗ്ഗങ്ങള്‍ ആയിരിക്കുന്നത് പോലെ!?

തുടരും.
അടുത്തതില്‍: വര്‍ഗ്ഗ നാശം.
Join WhatsApp News
വലുതും ചെറുതും 2018-02-27 19:46:47
അല്പജ്ഞാന ശാസ്ത്ര പൊട്ടത്തരങ്ങൾ വിളമ്പുന്നതിനു മുമ്പ് ശാസ്ത്രം പഠിക്കൂ സാറേ. അപ്പോൾ സംശയങ്ങൾക്ക് പൂർണ്ണമായല്ലെങ്കിലും ധാരാളം ഉത്തരങ്ങൾ കിട്ടും.

പിന്നെ, അജ്ഞാതമത്ഭുതമവർണ്ണനീയമായ ഈ പ്രപഞ്ചത്തിന്റെ ഒരു വെറും തുച്ഛഭാഗമായ മനുഷ്യ തലച്ചോറിന് പ്രപഞ്ചത്തിനെ പൂർണ്ണമായി മനസ്സിലാക്കുവാൻ സാധിക്കുകയില്ലയെന്നത് കരതലാമലം പോലെ വ്യക്തമാണ്. അപ്പോൾ മനസ്സിലാക്കുവാൻ പറ്റാത്തതെല്ലാം അവന്റെ/അവളുടെ മായാവിലാസമെന്ന് ദൈവത്തിന്റെ തലയിൽ ചാർത്തി തലയൂരി സമ്പൃപ്തി നേടാം.

പ്രപഞ്ചത്തിന്റെ ഏറ്റവും മഹത്‌സൃഷ്ടി എന്ന് അഹങ്കരിക്കുന്ന മനുഷ്യന് എങ്ങിനെയെങ്കിലും എല്ലാം വിശദീകരിക്കണമല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക