Image

രാജിവെക്കണമെന്ന നിര്‍ദേശം റെയില്‍വേമന്ത്രി നിരാകരിച്ചു

Published on 18 March, 2012
രാജിവെക്കണമെന്ന നിര്‍ദേശം റെയില്‍വേമന്ത്രി നിരാകരിച്ചു
തീവണ്ടി യാത്രാനിരക്ക് വര്‍ധനയെച്ചൊല്ലി പ്രശ്‌നച്ചുഴിയിലായ റെയില്‍വേമന്ത്രി ദിനേഷ് ത്രിവേദി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുമായി തുറന്ന യുദ്ധത്തിലേക്ക്.

രാജിവെക്കണമെന്ന തൃണമൂല്‍കോണ്‍ഗ്രസ് വിപ്പ് കല്യാണ്‍ ബാനര്‍ജിയുടെ നിര്‍ദേശം മന്ത്രി നിരാകരിച്ചു. ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ മമതാ ബാനര്‍ജി നേരിട്ട് ആവശ്യപ്പെടുകയോ എഴുതി നല്‍കുകയോ ചെയ്താല്‍ മാത്രമേ സ്ഥാനമൊഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ ബജറ്റിന് മറുപടി പറയാന്‍ അവസരം വേണമെന്ന ത്രിവേദിയുടെ ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസും തള്ളി.
ധിക്കാരം കാണിച്ച മന്ത്രി ത്രിവേദിയുമായി സംസാരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മമത. റെയില്‍വേ ബജറ്റ് അവതരിപ്പിച്ച ശേഷം മന്ത്രിയുമായി നേരിട്ടുള്ള ആശയവിനിമയത്തിന് മമത തയ്യാറായിട്ടില്ല. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രിയുമായി വീണ്ടും ഫോണില്‍ സംസാരിച്ച അവര്‍ ദിനേഷ് ത്രിവേദിയെ മാറ്റണമെന്ന് ആവര്‍ത്തിച്ചു. അതിനിടെ രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിയുമെന്ന് അടുത്ത സുഹൃത്തുക്കളെ ത്രിവേദി അറിയിച്ചതായും സൂചനയുണ്ട്.

ശനിയാഴ്ച രാവിലെ പാര്‍ട്ടി വിപ്പ് കല്യാണ്‍ ബാനര്‍ജി ഫോണില്‍ വിളിച്ചാണ് ദിനേഷ് ത്രിവേദിയോട് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടത്. പുറത്താക്കപ്പെടുന്നതിനേക്കാള്‍ ഉചിതം രാജിവെക്കുന്നതാണെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലോക്‌സഭയില്‍ തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞതെന്നകാര്യം മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മമതാ ബാനര്‍ജി എഴുതി ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാമെന്നും അദ്ദേഹം കല്യാണ്‍ബാനര്‍ജിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക