Image

ധരുണ്‍ രവിയുടെ ശിക്ഷയ്‌ക്കെതിരെ ഓണ്‍ലൈന്‍ പരാതി

Published on 19 March, 2012
ധരുണ്‍ രവിയുടെ ശിക്ഷയ്‌ക്കെതിരെ ഓണ്‍ലൈന്‍ പരാതി
ന്യൂയോര്‍ക്ക്: റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ടെയ്‌ലര്‍ ക്ലെമന്റി ആത്മഹത്യ ചെയ്ത കേസില്‍ യുഎസ് ജൂറി കുറ്റക്കാരനെന്നു കണ്‌ടെത്തിയ ഇന്ത്യന്‍ വംശജന്‍ ധരുണ്‍ രവിയ്ക്കുവേണ്ടി ഓണ്‍ലൈന്‍ പ്രചാരണവുമായി ഇന്ത്യന്‍ വംശജര്‍ രംഗത്ത്. "വീ ദ് പീപ്പിള്‍' എന്ന പേരിലാണ് വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ രവിയുടെ ശിക്ഷയ്‌ക്കെതിരെ ഇന്ത്യന്‍ വംശജര്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. കേസില്‍ നരപരാധിയായ രവി ശിക്ഷിക്കപ്പെട്ടതോടെ മൗലികാവകാശലംഘനമാണ് നടന്നിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

പരാതിയില്‍ ഇതുവരെ ആയിരം പേര്‍ ഒപ്പുവെച്ചിട്ടുണ്ട്. കുറഞ്ഞത് 25,000 പേരുടെ ഒപ്പുണ്‌ടെങ്കില്‍ മാത്രമെ പരാതിയില്‍ വൈറ്റ് ഹൗസ് മറുപടി നല്‍കുകയുള്ളു. മാധ്യമങ്ങള്‍ നീതിപീഠങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുകയാണെന്നും അമേരിക്കന്‍ ഭരണഘടന ഉറപ്പു നല്‍ക്കുന്ന മൗലികാവകാശം പോലും ധരുണ്‍ രവിക്ക് നിഷേധിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. സമത്വവും സഹിഷ്ണുതയും സത്യസന്ധതയിലൂടെ കൈവരിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പരാതിയില്‍ ഒപ്പു വെയ്ക്കണമെന്നും പരാതിയില്‍ പറയുന്നു.

കേസില്‍ കഴിഞ്ഞ ആഴ്ചയാണ് ധരുണ്‍ രവി(20) കുറ്റക്കാരനാണെന്ന് ജൂറി കണ്‌ടെത്തിയത്. രവിയുടെ ശിക്ഷ മെയ് 21ന് ജൂറി പ്രഖ്യാപിനിരിക്കെയാണ് ഇന്ത്യന്‍ വംശജര്‍ ഓണ്‍ ലൈന്‍ ക്യാപെയിനുമായി രംഗത്തുവന്നിരിക്കുന്നത്. പക്ഷപാതിത്വപരമായ പെരുമാറ്റം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തെളിവു നശിപ്പിക്കല്‍, ചാരപ്രവര്‍ത്തി നടത്തല്‍ തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളുടെ പേരിലാണ് രവിയെ ജൂറി കുറ്റക്കാരനെന്നു കണ്‌ടെത്തിയത്.

അമേരിക്കന്‍ പൗരത്വമില്ലാത്ത രവി കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയതിനാല്‍ ജയില്‍ ശിക്ഷയ്ക്ക് പുറമെ സ്വദേശമായ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമെന്നകാര്യവും ഉറപ്പായിട്ടുണ്ട്. ആത്മഹത്യ ചെയ്ത ക്ലെമന്റിയും ധരുണ്‍ രവിയും റട്‌ഗേഴ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നു. ക്ലെമന്റി സ്വവര്‍ഗാനുരാഗിയായിരുന്നു. ഒരിക്കല്‍ തന്റെ ആണ്‍സുഹൃത്തിനൊപ്പം തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്ലെമന്റി അറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ മുറിയിലേക്കു പോയ രവി അവിടെ നിന്ന് രഹസ്യമായി ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ വീക്ഷിച്ചു. ഇരുവരും പരസ്പരം ചുംബിക്കുന്നതു കണ്ട രവി മറ്റൊരവസത്തില്‍ സുഹൃത്തിനൊപ്പം തനിച്ചിരിക്കണമെന്ന് ക്ലെമന്റി ആവശ്യപ്പെട്ടപ്പോള്‍ മുറി വിട്ട് പോകുന്നതിന് മുമ്പ് കമ്പ്യൂട്ടറിന്റെ വെബ്ക്യാം ഓണ്‍ ചെയ്യുകയും ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രഹസ്യമായി കാണുകയും ചെയ്തു. പിന്നീട് ഇക്കാര്യം ട്വീറ്റ് ചെയ്ത് സുഹൃത്തുക്കളെയും അറിയിച്ചു.

സ്വവര്‍ഗാനുരാഗിയെന്ന പേരില്‍ പിന്നീട് രവിയും കൂട്ടുകാരും ക്ലെമന്റിയെ തുടര്‍ച്ചയായി കളിയാക്കി. ഇതില്‍ മനംനൊന്ത് 2010 സെപ്റ്റംബര്‍ 22ന് ക്ലെമന്റി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
see/sign petition
ധരുണ്‍ രവിയുടെ ശിക്ഷയ്‌ക്കെതിരെ ഓണ്‍ലൈന്‍ പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക