Image

കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈം 2012 വാഷിംഗ്‌ടണ്‍ ഡിസിയില്‍ അരങ്ങേറുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 March, 2012
കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈം 2012 വാഷിംഗ്‌ടണ്‍ ഡിസിയില്‍ അരങ്ങേറുന്നു
വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെ.എ.ജി.ഡബ്ല്യു ഒരുക്കുന്ന യുവജനോത്സവമായ `ടാലന്റ്‌ ടൈം 2012' രണ്ടു ഘട്ടങ്ങളിലായി മാര്‍ച്ച്‌ 31, ഏപ്രില്‍ 14 എന്നീ തീയതികളില്‍ വാഷിംഗ്‌ടണ്‍ ഡി.സിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ നടത്തുന്നു. കെ.എ.ജി.ഡബ്ല്യൂവിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഈ കലോത്സവം യുവകലാകാരന്മാരുടെ അപൂര്‍വ്വ സംഗമവേദിയാണ്‌. വാഷിംഗ്‌ടണ്‍ ഡിസി, വെര്‍ജീനിയ, മേരീലാന്റ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇതിനോടകം മുന്നൂറോളം കലാകാരന്മാര്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന്‌ കെ.എ.ജി.ഡബ്ല്യു പ്രസിഡന്റ്‌ ഷാജു ശിവബാലന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മുന്‍കാലങ്ങളിലെ കലോത്സവങ്ങളുടെ വിജയവും കലാകാരന്മാരുടെ സാന്നിധ്യവും കണക്കിലെടുത്ത്‌ മുന്‍കരുതലോടും തയാറെടുപ്പുകളോടും കൂടിയാണ്‌ ഈ വര്‍ഷത്തെ കലോത്സവത്തെ നോക്കിക്കാണുന്നതെന്ന്‌ പ്രസിഡന്റ്‌ കൂട്ടിച്ചേര്‍ത്തു.

കേരള സ്‌കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ തയറാക്കിയിരിക്കുന്ന ഈ കലോത്സവത്തില്‍ ശാസ്‌ത്രീയ സംഗീതം, ലളിതസംഗീതം, വ്യത്യസ്‌തങ്ങളായ കലാമത്സരങ്ങള്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഉപന്യാസ രചന, കഥാരചന, കവിതാ രചന, പദ്യപാരായണം തുടങ്ങി വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പുതുമയുള്ളതും വ്യത്യസ്‌തങ്ങളുമായ മൂന്നു മത്സര ഇനങ്ങള്‍ ഇത്തവണത്തെ കലോത്സവത്തിന്‌ മാറ്റുകൂട്ടുന്നു. ഉപകരണ സംഗീതം, ഫോട്ടോഗ്രാഫി, ഉത്തമ ദമ്പതികള്‍ (ബെസ്റ്റ്‌ കപ്പിള്‍സ്‌) എന്നിവയാണ്‌ ഈ പുതിയ മത്സര ഇനങ്ങള്‍.

ഏറെ അഭിമാനത്തോടെ കെ.എ.ജി.ഡബ്ല്യു ഒരുക്കിയിരിക്കുന്ന ഈ മത്സരവേദിയിലേക്ക്‌ ഒന്നാംഘട്ട മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 23-നും, രണ്ടാം ഘട്ട മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ ആറിനും അവസാനിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കെ.എ.ജി.ഡബ്ല്യു ആഘോഷകമ്മിറ്റി ഭാരവാഹികളായ ഹരിദാസ്‌ (690 999 3215), റീനാ ഫിലിപ്പ്‌ (301 309 0725), റോണി തോമസ്‌ (908 229 0271) എന്നിവരുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്‌: http://kagw.com/tt2012.aspx
കെ.എ.ജി.ഡബ്ല്യു ടാലന്റ്‌ ടൈം 2012 വാഷിംഗ്‌ടണ്‍ ഡിസിയില്‍ അരങ്ങേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക