Image

ജനം (കവിത-ഇ.എസ് സതീശന്‍)

Published on 30 March, 2018
ജനം (കവിത-ഇ.എസ്  സതീശന്‍)
അച്ഛനു മരുന്നു വാങ്ങുവാന്‍
തിരക്കിട്ട് പോകുമ്പോഴാണ്,
വഴിയരികില്‍ വണ്ടിതട്ടി ഒരാള്‍ വീഴുന്നത്.
അയാളേയെടുത്ത്,
ആശുപത്രിയിലേക്ക് കുതിയ്ക്കുമ്പോഴാണ്,
അകലെനിന്ന്
ദീനമായ നിലവിളി കേള്‍ക്കുന്നത്.
എല്ലാമവിടെയിട്ടങ്ങോട്ടോടുമ്പോഴാണ്,
പട്ടിണിക്കെതിരേയുള്ള പ്രകടനം വരുന്നത്.
ഉടനെ അതില്‍ കയറി മുഷ്ടിചുരുട്ടുമ്പോഴാണ്,
'കള്ളന്‍ കള്ളന്‍' എന്നലമുറയിട്ട്
ഒരരപ്രാണന്റെ പിറകെ ജനം ഓടുന്നത്.
അതിനൊപ്പം കൂടി
അവനെ പിടിച്ച് രണ്ടു കൊടുക്കുമ്പോഴാണ്
അച്ഛന്‍ മരിച്ച വിവരം അറിയുന്നത്.
ഉടനെ തിരക്കിട്ടങ്ങോട്ടോടുമ്പോഴാണ്...
Join WhatsApp News
ഡോ.ശശിധരൻ 2018-03-30 20:20:08

തൃശൂർ കേരളവർമ്മ കോളേജിലെ മലയാളം അസ്സോസിയേറ്റ് പ്രൊഫസറായ ശ്രീ.സതീശന്റെ രണ്ടാമത്തെ കവിതയാണ് മലയാളിയിൽ കാണുന്നത്.ആദ്യത്തെ കവിതമീൻകറിമായാതെ ഇപ്പോഴും മറവിയുടെ ഓർമ്മച്ചെപ്പിൽ ഒളിമയോടെ  തെളിഞ്ഞു ഒളിഞ്ഞിരിക്കുന്നുണ്ട്.ധർമ്മാധർമ്മങ്ങൾ  യഥാസമയത്ത്‌ തിരിച്ചറിയുക എന്നത് മനുഷ്യ ജീവിതത്തിൽ ഏറ്റവും വിഷമകരമായ അവസ്ഥയാണ്.അച്ഛന് മരുന്ന് വാങ്ങാൻ പുറപ്പെട്ട മകൻ എന്തിനാണ്  മറ്റുള്ളവരുടെ ദൈന്യാവസ്ഥയിൽ ഇടപ്പെട്ടത്? ഇടപെട്ടത് ധർമ്മമാണെന്നു പറയുന്നവരും  അധർമ്മമാന്നെന്നു  പറയുന്നവരുമാണ് ജനം. അഭിപ്രായം പറയുന്നത് കൊണ്ട് ജനത്തെ ആരും കുറ്റം പറയേണ്ടതില്ല . കവിതയിലെ അച്ഛനെപോലെയും ,മകനെപോലെയും ഒരു കഥാപാത്രം തന്നെയാണ് ജനതയും.കുറ്റം പറയേണ്ടത് മകനെയാണ്.

ഒരു മകന്റെ ഏറ്റുവും ശ്രേഷ്ഠമായ ധർമ്മം  ലോകത്തിൽ ആകാശത്തിനേക്കാൾ ഉയരം കൂടിയ തന്റെ അച്ഛനെ ( തന്ത =തന്തുക്കളെ അഥവാ  സന്താനങ്ങളെ ഉൽപ്പാദിപ്പിച്ചവൻ , തന്തയുടെ സ്ത്രീലിംഗമാണ് തള്ള .മലയാള സാഹിത്യത്തിലെ ഏറ്റുവും അഴകുള്ള രണ്ട് പദങ്ങളാണ് തള്ള ,തന്ത .പകൽകിനാവ് മുൻ ലേഖനത്തിനു വേണ്ടി കുറിച്ചു എന്ന് മാത്രം) രക്ഷിക്കേണ്ട സ്വധർമ്മത്തിൽ നിന്നും മകൻ പിന്തിരിഞ്ഞു മറ്റുള്ളവരെ രക്ഷിക്കാൻ പോയത് അങ്ങേയറ്റത്തെ അധർമ്മമാണ് മകന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. സമൂഹത്തിൽ നടുക്കുന്ന എല്ലാ കാര്യങ്ങളിലും മകന് (ഒരാൾക്ക്) പ്രതികരിക്കേണ്ട  ആവശ്യവും   അതിന്റെ യുക്തിയും ചോദ്യം ചെയ്യേണ്ടതുണ്ട്.സാമാജിക ശരീരത്തെ പ്രത്യേകിച്ച് കുട്ടികളെ സ്വധർമ്മം ചെയ്യാൻ പഠിപ്പിക്കേണ്ട അദ്ധ്യാപകൻ(കവി)തന്റെ പഠിപ്പിക്കൽ എന്ന തൊഴിലിനോട് സ്വധർമ്മം ചെയ്തില്ല(?) എന്ന വ്യഥയും ഇവിടെ അടയാളപ്പെടുത്തുന്നു .സംസാര ദുഃഖത്തിന്റെ  ആഴക്കയങ്ങളിൽ അമർന്നു അമർന്നു ഇല്ലാതാകുന്നു ഒരു ജീവിതം  മാത്രം പോരാ എല്ലാകാര്യങ്ങളിലുളും ഇടപെടാൻ.ഒരു ജീവിതം കൂടി തന്നാൽ  നന്നായിരിക്കും .എന്താ അഭിപ്രായം ?

(ഡോ.ശശിധരൻ)

കള്ള കവി 2018-03-30 13:28:25
കവിത കുറിച്ചുകൊണ്ടിരുന്നപ്പോൾ 
ഭാര്യം ബഹളം വച്ചു 
അവളെ ഒതുക്കാൻ ശ്രമിക്കുമ്പോൾ 
പുറത്തു ജനങ്ങളുടെ ബഹളം കേട്ടു 
അങ്ങോട്ടോടിയപ്പോൾ 
ജനം പുറകെ ഓടി 
കള്ളൻ കള്ളൻ എന്ന് പറഞ്ഞ് 
മർദ്ദിച്ചു ഞാൻ ചോര ശർദ്ധിച്ചു 
എങ്കിലും കവിത 
പ്രസിദ്ധികരിക്കാൻ കൊടുത്തു 
ഇപ്പോൾ ജനം പറയുന്നു 
ഞാനല്ല എഴുതിയത് 
എന്റെ പേര് അതിലില്ല 
ഞാൻ 'കള്ള കവി' യാണെന്ന് 
sunu 2018-03-30 22:54:32
എന്ത് കിട്ടിയാലും പ്രസിദ്ധീകരിക്കുന്നതിന്  തെറ്റില്ല. എന്നാൽ ഇതൊക്കെ കണ്ടു അവാർഡ്  കൊടുക്കാൻ മുട്ടിനില്ക്കുന്ന കുറെ സംഘടനകൾ ഇവിടെയുണ്ട്. സംഘടനക്ക് പേര് ഉണ്ടാക്കാൻ ഒരു കഴുതയെ വേണം.  അവാർഡ് കിട്ടിക്കഴിഞ്ഞാൽ കഴുത യെരുശലേം വരെ പോകും. പിന്നെ എന്തൊരു പൂരം. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കും. ഈ അപരാധം നല്ല എഴുത്തുകാരോട് കാട്ടരുത് പ്രസാധകർ.
നാരദന്‍ -from Houston 2018-03-31 08:25:44
ശശിയുടെ അന്തരവനോ  അനന്തവരനോ സതീസന്‍.
ഏതായാലും രണ്ടും ഞണ്ട് പോലെ .
കടിച്ചു തൂങ്ങിക്കിടക്കുന്നതു കണ്ട് മടുത്തു.
വല്ല കാക്കയും വന്നു കൊത്തി കൊണ്ട് പോകുന്ന വരെ ഇ പീഡനം സഹിക്കണം 
വായനക്കരാൻ 2018-03-31 00:05:45
'മീൻകറിയുടെ' നാറ്റം ഇതുവരെയും മൂക്കിൽ നിന്ന് പോയിട്ടില്ല  .  ഒരു മലയാളം പ്രൊഫസ്സറിൽ നിന്ന് ഇതിലും ഈടുറ്റ കവിതകൾ പ്രതീക്ഷിക്കുന്നു .  എന്ത്  നാറ്റമാണെങ്കിലും അതേറ്റെടുക്കാൻ ആൾ ഉള്ളപ്പോൾ മലയാള കവിത കൂപ്പുകുത്തുകയെയുള്ളു 
വിദ്യാധരൻ 2018-03-30 21:10:37
കട്ടവനെ കിട്ടിയില്ലെങ്കിൽ 
കിട്ടിയവനെ പിടിക്കണം 
ഉണ്ട് അങ്ങനൊരു നടപടി 
പണ്ട് തൊട്ടേ കേരളത്തിൽ 
പണ്ടൊരിക്കലൊരു  വഴിപോക്കന്റ 
മണ്ട പൊട്ടി കാറിടിച്ചു നാട്ടിൽ 
കണ്ടു നിന്ന നാട്ടുകാർ ചേർന്നു 
മണ്ടപൊട്ടിച്ചു ഡ്രൈവറുടെ 
തെറ്റും ശരിയും അറിയാൻ നിൽക്കാതെ 
പൊട്ടിച്ചു പട പടയെന്നു നാട്ടുകാർ 
വന്നു വീണതാണ കള്ളുകുടിയൻ കാറിൻ 
മുന്നിൽ ലക്ക്കെട്ട് തല ചുറ്റി 
ഓടുന്ന ജനത്തിന്റെ പിന്നാലെ 
ഓടുന്നു ജനം കാലം കഴിഞ്ഞിട്ടും
മാറുകയില്ല ഈരോഗം മനുഷ്യന്റെ 
മാറാതെ ചിന്തകൾ അടിമുടി 

ഇ എസ് സതീശന്‍ 2018-04-03 08:49:15
അപ്പപ്പോള്‍ തോന്നുന്ന ശരി (?)കള്‍ക്കു പിറകേ പായുന്ന, തത്സമയത്തില്‍ മാത്രം ജീവിക്കുന്ന നവമാദ്ധ്യമീകൃത സംസ്കാരത്തെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. കവിത പ്രസിദ്ധീകരിച്ച ശ്രീ ജോസ് കടപ്പുറത്തിനും വായിക്കുകയും വിമര്‍ശിക്കുകയും ചെയ്ത സഹൃദയര്‍ക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക