Image

മഹാരാഷ്ട്രയില്‍ പ്രത്യേക ദൗത്യസേന എത്തുന്നു, പെണ്‍വാണിഭം തടയാന്‍

Published on 04 April, 2018
മഹാരാഷ്ട്രയില്‍ പ്രത്യേക ദൗത്യസേന എത്തുന്നു, പെണ്‍വാണിഭം തടയാന്‍
പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനായി മഹാരാഷ്ട്രയില്‍ എത്തിക്കുന്നവരെ നേരിടാന്‍ പ്രത്യേക ദൗത്യസംഘം വരുന്നു. സംഘത്തെ നിയോഗിക്കാന്‍ പദ്ധതിയുണ്ടെന്ന് സംസ്ഥാന ഡി.ജി.പി. സതീഷ് മാത്തൂര്‍ സുപ്രീംകോടതിയെ അറിയിച്ചു.

2017 ജനുവരിയില്‍ മഹാരാഷ്ട്രയിലെ നന്തുര്‍ബര്‍ ജില്ലയിലെ ശഹദ മുനിസിപ്പല്‍ ടൗണിലെ ചുവന്ന തെരുവില്‍വെച്ച് 18 കൗമാരപ്രായക്കാര്‍ ഉള്‍പ്പെടെ 68 പെണ്‍കുട്ടികളെ കണ്ടെത്തിയ കേസിന്റെ വിചാരണയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറ്റവാളികളെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് കാണിച്ച അനാസ്ഥയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടപ്രകാരമാണ് ഡി.ജി.പി. നേരിട്ടെത്തി വിശദീകരണം നല്‍കിയത്. 

ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പുണെയിലും മുംബെയിലും മറ്റും പ്രവര്‍ത്തിക്കുന്ന റെസ്‌ക്യൂ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് ഡി.ജി.പി.യോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നന്തുര്‍ബര്‍ സംഭവത്തില്‍ അറുപതിലേറെ പെണ്‍കുട്ടികളെ ആരാണ് മഹാരാഷ്ട്രയിലെത്തിച്ചത് എന്നത് പോലീസിന് ഒരു വര്‍ഷത്തിലേറെയായിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. തുടര്‍ന്നാണ് കുറ്റവാളികളെ പിടികൂടാനായി നന്തുര്‍ബര്‍ അഡീഷനല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി. സതീഷ് മാത്തൂര്‍ സത്യവാങ്മൂലം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക