Image

കാവേരി നദിജല തര്‍ക്കം; ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റിയേക്കും

Published on 08 April, 2018
കാവേരി നദിജല തര്‍ക്കം; ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റിയേക്കും
തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ നിലനില്‍ക്കുന്ന കാവേരി നദീജല പ്രശ്‌നത്തെ തുടര്‍ന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത.
ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി വേദി സംബന്ധിച്ച് ചര്‍ച്ച നടത്തി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാക്കാന്‍ സമ്മതമാണെന്ന് ബി.സി.സി.ഐയെ അറിയിച്ചതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കി. മൂന്ന് ദിവസനത്തിനകം വേദിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍.

ഏപ്രില്‍ 10ന് ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്‌റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എല്‍. മത്സരം. വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന് ഏര്‍പ്പെടുത്തിരിക്കുന്ന വിലക്ക് അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്. ഏപ്രില്‍ പത്ത് മുതല്‍ മെയ് 20 വരെ ഏഴു മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകുക. വേദി മാറ്റുകയാണെങ്കില്‍ ഈ മത്സരങ്ങളെല്ലാം തിരുവന്തപുരത്താകും നടത്തുക. അങ്ങനെയെങ്കില്‍ ഏപ്രില്‍ പത്ത് മുതല്‍ ഏഴ് മത്സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകും.

കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതു വരെ ഐപിഎല്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന വാദമുയര്‍ത്തി തമിഴ്‌നാട്ടില്‍ പ്രചാരണം വ്യാപകമാണ്. ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തും ഇന്നു രംഗത്തെത്തിയിരുന്നു. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, തമിഴ്‌നാട്ടിലെ സ്വതന്ത്ര എംഎല്‍എ ടി.ടി.വി. ദിനകരന്‍ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
കാവേരി നദിജല തര്‍ക്കം; ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റിയേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക