Image

കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്‌

Published on 11 April, 2018
  കോണ്‍ഗ്രസിന്റെ  വരുമാനത്തില്‍ വന്‍ ഇടിവ്‌
ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സാമ്‌ബത്തിക വരുമാനത്തില്‍ വന്‍ ഇടിവ്‌. വരുമാനത്തെക്കാള്‍ 100 കോടിയോളം രൂപയാണ്‌ കോണ്‍ഗ്രസിന്റെ ചെലവെന്നും അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്‌ റിഫോംസ്‌ (എ.ഡി.ആര്‍) എന്ന സര്‍ക്കാരിതര സംഘടന പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

2016- 17 സാമ്‌ബത്തികവര്‍ഷത്തില്‍ രാജ്യത്തെ ഏഴുദേശീയ പാര്‍ട്ടികളായ ബി.ജെ.പി, കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, ബി.എസ്‌.പി, എന്‍.സി.പി, തൃണമൂല്‍കോണ്‍ഗ്രസ്‌ എന്നിവരുടെ വരുമാനമാണ്‌ പ്രധാനമായും എ.ഡി.ആര്‍ പുറത്തുവിട്ടത്‌. 2016- 17 സാമ്‌ബത്തിക വര്‍ഷം ബി.ജെ.പിയുടെ വരുമാനം 1034 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ആവശ്യത്തിനു ചെലവാക്കാന്‍ പോലും പണമില്ലാതെ കോണ്‍ഗ്രസ്‌ തളര്‍ന്നു.

കോണ്‍ഗ്രസിന്‌ 225 കോടി രൂപയുടെ വരുമാനമാണുണ്ടായത്‌. പാര്‍ട്ടിക്കു ചെലവായതാവട്ടെ 321 കോടി രൂപയും. അതായത്‌ നൂറുകോടിയോളംരൂപ കടം. ബി.ജെ.പി 2016- 17 കാലത്ത്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ചെലവഴിച്ച കണക്ക്‌ 600 കോടി രൂപയാണ്‌. ബി.ജെ.പിയുടെ മൊത്തം വരുമാനത്തിന്റെ 59 ശതമാനം വരും ഈ തുക.

ഇക്കാലയളവില്‍ ഏറ്റവുമധികം സാമ്‌ബത്തികവരുമാനം ഉണ്ടായതും ബി.ജെ.പിക്കു തന്നെ. ബി.ജെ.പി സംഭാവനമുഖേന 997 കോടി രൂപയും കോണ്‍ഗ്രസ്‌ 51 കോടി രൂപയും സമാഹരിച്ചു.
2015- 16 കാലത്ത്‌ കോണ്‍ഗ്രസിന്റെ വരുമാനം 261 കോടി രൂപ ആയിരുന്നു.

ഒരുവര്‍ഷം കൂടി ആയപ്പോഴേക്കും പാര്‍ട്ടിയുടെ വരുമാനം 225ലെത്തി, 14 ശതമാനം ഇടിവുണ്ടായി. ബി.ജെ.പിക്ക്‌ 2015- 16 കാലത്ത്‌ 571 കോടി രൂപയുടെ വരുമാനമാണുണ്ടായിരുന്നത്‌. ഈ വര്‍ഷത്തില്‍ പാര്‍ട്ടിയുടെ സാമ്‌ബത്തികവരുമാനം 80 ശതമാനം ഉയര്‍ന്നതായും എ.ഡി.ആറിന്റെ കണക്ക്‌ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക