Image

യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായേക്കും

Published on 21 March, 2012
യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായേക്കും
ന്യൂഡല്‍ഹി: ബി.ജെ.പി. കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച് ഇടഞ്ഞു നില്‍ക്കുന്ന ബി.എസ് യെദ്യൂരപ്പയെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സൂചന. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് യെദ്യൂരപ്പ രാത്രിയോടെ ഡല്‍ഹിയിലെത്തും. ഉഡുപ്പിചിക്കമംഗ്ലൂര്‍ ലോക്‌സഭാ സീറ്റിലെ പരാജയമാണ് വേഗത്തില്‍ തീരുമാനമെടുക്കാന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത്. 

മുഖ്യമന്ത്രിയാകാന്‍ ഡി.വി.സദാനന്ദ ഗൗഡ രാജിവച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ജയപ്രകാശ് ഹെഗ്‌ഡെ 45,724 വോട്ടിനാണ് ബി.ജെ.പി.യുടെ വി.സുനില്‍കുമാറിനെ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നില്‍ യെദ്യൂരപ്പ വിഭാഗത്തിനും പങ്കുണ്ടെന്നാണ് കരുതുന്നത്. ഇതിന് പുറമെ കര്‍ണാടകയിലെ രാജ്യസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് യെദ്യൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. 

യെദ്യൂരപ്പയെ പിന്തുണയ്ക്കുന്ന 65 അംഗങ്ങളുടെ പിന്തുണയില്ലാതെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനാകില്ല. കഴിഞ്ഞ ദിവസം യെദ്യൂരപ്പ അനുയായികളായ എം.എല്‍ എമാര്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. ചൊവ്വാഴ്ച 120 ബി.ജെ.പി. എം.എല്‍.എ.മാരില്‍ 34 പേര്‍ മാത്രമാണ് സഭയിലെത്തിയത്. കര്‍ണാടകയിലെ 12 ബി.ജെ.പി എം.പിമാരുടെ പിന്തുണയും യെദ്യൂരപ്പ അവകാശപ്പെടുന്നുണ്ട്. അനധികൃത ഖനനക്കേസിലെ ലോകായുക്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യെദ്യൂരപ്പ രാജിവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക