Image

ശ്രീശ്രീ രവിശങ്കറിന്റെ പരാമര്‍ശം വിവാദമാകുന്നു

Published on 21 March, 2012
ശ്രീശ്രീ രവിശങ്കറിന്റെ പരാമര്‍ശം വിവാദമാകുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് നക്‌സലുകളെ സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളാണെന്ന ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന വിവാദമാകുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി രവിശങ്കര്‍ വീണ്ടും വന്നെങ്കിലും ശ്രീശ്രീക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കപില്‍ സിബല്‍ രംഗത്തെത്തി. 

സര്‍ക്കാര്‍ സ്‌കൂളുകളെ മുഴുവനും ഉദ്ദേശിച്ചല്ല താന്‍ ഇങ്ങനെ പറഞ്ഞതെന്നും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയും സൂചിപ്പിക്കാനാണ് ഇത്തരമൊരു പ്രയോഗം നടത്തിയതെന്നും രവിശങ്കര്‍ വിശദീകരിച്ചു. എന്നാല്‍ യുക്തിരഹിതമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും നിര്‍ഭാഗ്യകരമായിപ്പോയെന്നും കപില്‍ സിബല്‍ പറഞ്ഞു. 

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ രാജ്യത്തിന്റെ പ്രസിഡന്റും ചീഫ് ജസ്റ്റിസും വരെ ആകുന്ന ഈ കാലത്ത് എങ്ങനെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ തോന്നിയെന്നും കപില്‍ സിബല്‍ ചോദിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പുകാരാകരുതെന്നും ഇത് നക്‌സലുകളെ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതാണ് കുട്ടികളെ ഭാവിയ്ക്ക് നല്ലതെന്നുമാണ് രവിശങ്കര്‍ ജയ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ കഴിഞ്ഞദിവസം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക