സത്സ്വഭാവിയായ സുശീലനും സിന്ദരിയുമായ പ്രിയയും തമ്മിലുള്ള പ്രണയം അവരുടെ വിദ്യാഭ്യാസകാലത്തു തന്നെ തളിരിട്ടിരുന്നു. പഠനം കഴിഞ്ഞ് ഇരുവര്‍ക്കും ജോലി ലഭിച്ചപ്പോഴേക്കും അതു നന്നേ പടര്‍ന്നു പന്തലിക്കുവാന്‍ തുടങ്ങി. അഭംഗുരമായ ഈ പ്രേമത്തിന്റെ രഹസ്യം മറ്റൊന്നുമായിരുന്നില്ല. ചെറുതും വലതുമായ ഏതു കാര്യത്തിലും അവളുടെ ഇഷ്ടത്തിനു തീരുമാനം എടുക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നുവെന്നതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവളുടെ പ്രീതി ഒട്ടും കുറയാതിരിക്കാന്‍ അയാള്‍ തന്റെ അഭിപ്രായങ്ങള്‍ ബലികഴിച്ചിരുന്നുവെന്നു സാരം!
എവിടേക്കു പോകണം, എങ്ങനെ യാത്ര ചെയ്യണം, ഏതു റെസ്റ്റൊറന്റില്‍ കയറണം, ഏതു ഭക്ഷണം കഴിക്കണം എന്നു തുടങ്ങി ഏതു കാര്യത്തിലും 'എല്ലാം നിന്റെ ഭക്ഷണം പോലെ' എന്ന പ്രതികരണം അയാളുടെ സ്ഥിരം ശൈലിയായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ കൂടി മുന്നോട്ട് പോയി. വിവാഹത്തെപ്പറ്റി ഇരുവരില്‍ ആരും ഇതുവരെ മിണ്ടിയിട്ടില്ല. ഒരു ദിവസം പ്രിയ സംഭാഷണത്തിനു തുടക്കമിട്ടു.
സുശീലേട്ടാ, നമുക്കിങ്ങനെ പ്രണയജോടികളായി മാത്രം മുന്നോട്ടുപോയാല്‍ മതിയോ, വിവാഹത്തെപറ്റി ഒക്കെ ചിന്തിക്കേണ്ടേ?
തീര്‍ച്ചയായും, അതിനു സമയം അതിക്രമിച്ചിരിക്കുന്നു, പ്രിയേ: അയാള്‍ മറുപടി നല്കി.
'എന്നാല്‍ ചേട്ടനൊന്നും തോന്നരുത്; എനിക്കു മറ്റൊരാളെ വിവാഹം കഴിക്കുന്നതിനാണ് താല്പര്യം!'
വെട്ടി തുറന്നുള്ള അവളുടെ വാക്കുകള്‍ കേട്ട് അയാള്‍ സ്തബ്ധനായെങ്കിലും തന്റെ പതിവു ശൈലിയില്‍ തന്നെ മറുപടി നല്കി: എല്ലാം നിന്റെ ഇഷ്ടം പോലെ!