ലണ്ടന്‍: വിശ്വാസങ്ങള്‍ ഏതായാലും അത് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാകണം എന്ന ആപ്തവാക്യത്തില്‍ വിശ്വസിച്ച് കൊണ്ട് സര്വമതവിശ്വാസികളെയും ഏകോപിപ്പിച്ച് ഒരു കുടക്കീഴില് സേവനലക്ഷ്യത്തോടെ അണിനിരത്തുന്ന സേവനം യുകെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ശ്രീനാരായണ ഗുരുദേവന് ആവിഷ്കരിക്കുകയും ലോകത്തിന് സംഭാവന ചെയ്യുകയും ചെയ്തിട്ടുള്ള മഹത് വചനകള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന യജ്ഞത്തിലാണ് സേവനം യുകെ ഏര്‍പ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉചിതമായ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സേവനം യുകെയ്ക്ക് സാധിച്ചു
മേയ് 6 ഞായറാഴ്ചയാണ് സേവനം യുകെ മൂന്നാം വാര്‍ഷികം കൊണ്ടാടുന്നത്. ഓക്സ്ഫോര്‍ഡ്ഷയര്‍ യാണ്‍ടണ്‍ വില്ലേജ് ഹാള്‍ ചടങ്ങുകള്‍ക്ക് വേദിയാകും. സേവനം യുകെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വമതസമ്മേളനത്തില്‍ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍, യുകെ സീറോ മലങ്കര കാത്തലിക് ചര്‍ച്ച് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുകമൂട്ടില്‍, ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം, ബ്രിസ്റ്റള്‍ ഡപ്യൂട്ടി മേയര്‍ ടോം ആദിത്യ, ആനന്ദ് ടിവി ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കൂടാതെ വിവിധ സാംസ്കാരിക നേതാക്കളും ചടങ്ങിനെത്തും.
രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകുന്നേരം ആറോടെയാണ് പൂര്‍ത്തിയാകുക. ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍. സേവനം യുകെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. സേവനം യുകെ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് വരുന്നുണ്ട്.
റിപ്പോര്‍ട്ട്: ദിനേശ് വെള്ളാപ്പിള്ളി