Image

നൃശംസം ഈ വിമര്‍ശം; നില്‍ക്കുന്നു ഫ്ളവേഴ്സിനൊപ്പം!

മനോജ് മനയില്‍ Published on 13 May, 2018
നൃശംസം ഈ വിമര്‍ശം; നില്‍ക്കുന്നു ഫ്ളവേഴ്സിനൊപ്പം!
ഞാന്‍ ശ്രീ അനില്‍ അയിരൂരിനെ പരിചയപ്പെടുന്നത് മഴവില്‍ മനോരമയില്‍വച്ചാണ്. ഒപ്പം ശ്രീകണ്ഠന്‍ സാറിനെയും. വര്‍ഷം 2011ല്‍ ആണിത്. അന്നുമുതല്‍ ഞാ്ന്‍ അറിയുന്ന അനിലിന്റെ അടങ്ങാത്ത ഒരു അഭിനിവേശമെന്നത് ഭാരതത്തിന്റെ ഭാഗ്യതാരകമായ ഏ.ആര്‍. റഹ്മാനെ അഭിമാനപൂര്‍വം കേരളത്തില്‍ അവതരിപ്പിക്കണമെന്നതായിരുന്നു. ഈ ചര്‍ച്ച നടക്കുമ്പോള്‍ ശ്രീകണ്ഠന്‍ സാര്‍ രസകരമായൊരു കാര്യം ഞങ്ങളുമായി പങ്കുവെക്കുകയുണ്ടായി. 'ശ്യാമസുന്ദര കേരകേദാര ഭൂമി' എന്നുതുടങ്ങുന്ന അതിമനോഹരമായ തീം സോങ് സംഗീത സംവിധാനം ചെയ്തത് ഇന്നത്തെ ഏ.ആര്‍.റഹ്മാനും അന്നത്തെ ദിലീപുമായിരുന്നു. ആര്‍.കെ.ശേഖറിന്റെ മകന്‍ സാക്ഷാല്‍ ദിലീപ്. എന്റെ ധാരണ യശശ്ശരീരനായ ഭാസ്‌കരന്‍ മാഷാണ് ആ ഗാനം രചിച്ചതെന്നാണ്. എന്നാല്‍, ആ തീം സോങ് സംഗീതസംവിധാനം ചെയ്ത വകയില്‍ ഏഷ്യാനെറ്റ് പറഞ്ഞുറപ്പിച്ച തുക നല്‍കിയില്ല. നല്‍കിയില്ല എന്നു പറയുന്നതിനേക്കാള്‍ അന്നത്തെ ഏഷ്യാനെറ്റിന്റെ കാശുപെട്ടിയില്‍ പണം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഈ കഥ പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തത് ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്ന ശ്രീകണ്ഠന്‍ നായര്‍ ഇപ്പോള്‍ മഴവില്‍ മനോരമയില്‍ ഉണ്ട് എന്നറിഞ്ഞാല്‍ സത്യമായും റഹ്മാന്‍ വരുമോ എന്നൊരു സംശയമുണ്ട് എന്നായിരുന്നു. എന്നാല്‍ റഹ് മാന്‍ സംഗീതപരിപാടി അവതരിപ്പിക്കുന്ന മഴവില്‍ മനോരമയുടെ ചാനല്‍ ലോഞ്ച് എന്ന സ്വപ്നംഎന്തുകൊണ്ടോ അര്‍ധവഴിയില്‍ ഊര്‍ധശ്വാസം വലിച്ചു.

പറഞ്ഞുവന്നത്, അന്നുമുതല്‍ ശ്രീകണ്ഠന്‍ നായരുടേയും അനില്‍ അയിരൂരിന്റെയും മനസ്സില്‍ ഏ.ആര്‍. റഹ്മാന്‍ എന്ന അതുല്യ പ്രതിഭയുടെ സംഗീതധാരയെ മലയാളികളുടെ ഹൃദയകര്‍ണപുടത്തിലെത്തിക്കുക എന്നൊരു അടങ്ങാത്ത ത്വരയുണ്ടായിരുന്നു. ഇതിനിടയില്‍ ഫ്ളവേഴ്സ് ചാനല്‍ ഉദയംകൊണ്ടു. ഒരു ഓണത്തിനോ മറ്റോ ആണ് ഒരിക്കല്‍ രേഖാ മേനോന്‍ എന്ന അവതാരകയെക്കൊണ്ട് ഫ്ളവേഴ്സ് ചാനല്‍ ഏ.ആര്‍. റഹ്മാനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തു.

പിന്നീട് ഫ്ളവേഴ്സിന്റെ കുതിപ്പ് മറ്റുള്ള ചാനലുകളുടെ സങ്കല്‍പ്പത്തിനതീതമായിരുന്നു. ഒടുവില്‍ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് ചാനലുകളില്‍ (GEC) ഫ്ളവേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇക്കഴിഞ്ഞ ആഴ്ചയില്‍ ഫ്ളവേഴ്സ് ചാനല്‍ റേറ്റിംഗില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. ഈ അന്തരീക്ഷത്തിലാണ് കേരളത്തിലെയെന്നല്ല, ഇന്ത്യയിലെത്തന്നെ ടെലിവിഷന്‍ ചാനലുകളെ ഞെട്ടിച്ചുകൊണ്ട് ഏ.ആര്‍. റഹ്മാന്റെ മ്യൂസിക് ഷോ നടത്താനുള്ള കരാര്‍ ഫ്ളവേഴ്സിനു ലഭിച്ചത്. സത്യത്തില്‍ ഈ ഷോ കേവലം ഒരു ചാനല്‍ പരിപാടിയെന്നതിലുപരി മലയാളികള്‍ക്കു ലഭിച്ച ഭാഗ്യമായിരുന്നു. അതിലുപരി എറണാകുളം നിവാസികള്‍ക്കു ലഭിച്ച വരദാനമായിരുന്നു. ലോകപ്രസിദ്ധനായ ഇന്ത്യന്‍ സംഗീതജ്ഞനെ നേരിട്ടു കാണാനും കേള്‍ക്കാനുമുള്ള അപൂര്‍വാവസരം.

എന്നാല്‍, അപ്രതീക്ഷിതമായുള്ള മഴ പരിപാടിയെ തടസ്സപ്പെടുത്തി. നിര്‍ഭാഗ്യമെന്നു പറയട്ടെ പരിപാടി മാറ്റിവെക്കേണ്ടി വന്നു. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫ്ളവേഴ്സിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും നൃശംസമെന്നേ പറയേണ്ടൂ. കാരണം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനു പിന്നിലുള്ള നോവും പ്രയത്നവും അനിര്‍വചനീയമാണ്. അത്തരമൊരു ഭഗീരഥ പ്രയത്നത്തിന്റെ അന്ത്യം ദുഃഖകരമാകുന്നത്, ഒരു ടെലിവിഷന്‍ പ്രവര്‍ത്തകന്‍ എന്നനിലയില്‍ വ്യക്തിപരമായി വേദനാജനകമാണ്. പക്ഷേ, ഈ നോവറിയുന്ന ചില ചാനല്‍ പ്രവര്‍ത്തകര്‍പോലും പരിപാടി നടക്കാത്തതിലുള്ള ആഹ്ളാദം പങ്കിടുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും മുള്ളുവെച്ച പ്രയോഗങ്ങളും നടത്തുന്നത് ശരിയല്ലതന്നെ.

ട്രോളന്മാരുടെ ജോലി അവര്‍ ചെയ്യുന്നു. പക്ഷെ, ഒരേ ട്രാക്കില്‍ യാത്ര ചെയ്യുന്നവര്‍ എങ്കിലും പ്രതിസന്ധിയെ മനസ്സിലാക്കുക തന്നെ വേണം. അകാരണമായി മുടങ്ങിയ പരിപാടിയെച്ചൊല്ലി ഒരു ചാനലിനെ വിമര്‍ശിക്കുന്നതു കാണുമ്പോള്‍ ഒന്നേ പറയാനുള്ളൂ - ഫ്ളവേഴ്സിനോടൊപ്പം!
നൃശംസം ഈ വിമര്‍ശം; നില്‍ക്കുന്നു ഫ്ളവേഴ്സിനൊപ്പം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക