Image

താന്‍ പ്രവര്‍ത്തിച്ചത് കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് വികാരാധീനനായ യെദിയൂരപ്പ

Published on 19 May, 2018
താന്‍ പ്രവര്‍ത്തിച്ചത് കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് വികാരാധീനനായ യെദിയൂരപ്പ
രണ്ടു ദിവസം മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവയ്‌ക്കേണ്ടി വന്ന ബി.എസ്.യെദിയൂരപ്പ വിധാന്‍സൗധയില്‍ നടത്തിയ രാജി പ്രസംഗത്തില്‍ പഴിച്ചത് മുഴുവന്‍ കോണ്‍ഗ്രസിനെ. പ്രസംഗത്തില്‍ പലപ്പോഴും വികാരാധീനനായ യെദിയൂരപ്പ താന്‍ പ്രവര്‍ത്തിച്ചത് കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കി.

2016ല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതലുള്ള ചരിത്ര വിവരണമായിരുന്നു യെദിയൂരപ്പയുടേത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കര്‍ണാടകയില്‍ ഉടനീളം യാത്ര ചെയ്തു ജനങ്ങളെ കാണുകയാണ് താന്‍ ചെയ്തത്. ജനങ്ങളുടെ ഒരുപാട് സ്‌നേഹവും പിന്തുണയും തനിക്ക് ലഭിച്ചുവെന്നും ഇത് മറക്കാന്‍ കഴിയില്ലെന്നും യെദിയൂരപ്പ പറഞ്ഞു. 

ജനങ്ങളുടെ ഈ പിന്തുണയും സ്‌നേഹവുമാണ് തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടി ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സഹായകമായത്. കര്‍ഷകരുടെ ക്ഷേമത്തിനായിട്ടാണ് ബിജെപിയും താനും ഇതുവരെ പ്രവര്‍ത്തിച്ചതെന്നും, ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത് ഭൂരിപക്ഷം നല്‍കിയ ജങ്ങളോട് നന്ദിയുണ്ട്. അവസാനശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസും ജെഡിഎസും കളിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. സ്ഥരിതയുള്ള സര്‍ക്കാരാണ് ബിജെപി ആഗ്രഹിച്ചത്. ജനാധിപത്യത്തില്‍ സീറ്റിന്റെ എണ്ണത്തിലല്ല കാര്യമെന്നും ജനവിധിയാണ് മാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിനും കോണ്‍ഗ്രസിനും അല്ല കര്‍ണാടകയിലെ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയതെന്നും ബിജെപിക്കാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക