Image

ലൈംഗിക പീഡനം മറച്ചുവച്ച സംഭവത്തില്‍ ബിഷപ്പ് കുറ്റക്കാരനെന്നു കോടതി

Published on 22 May, 2018
 ലൈംഗിക പീഡനം മറച്ചുവച്ച സംഭവത്തില്‍ ബിഷപ്പ് കുറ്റക്കാരനെന്നു കോടതി
സഹപ്രവര്‍ത്തകന്‍ നടത്തിയ ബാല ലൈംഗിക പീഡനത്തെ മറച്ചുവെച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് ഫിലിപ് വില്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി. നാല്‍പ്പത്തഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ളതാണ് കേസ്. 1970 കളില്‍ നടന്ന സംഭവത്തില്‍ ന്യൂ കാസില്‍ പ്രാദേശിക കോടതി ഇയാളെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അഡലെയ്ഡ് ചര്‍ച്ചിലെ ആര്‍ച്ച് ബിഷപ്പാണ് ഫിലിപ് വില്‍സണ്‍.

1970ല്‍ മെയിറ്റ്‌ലാന്റിലെ ചര്‍ച്ചില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ഫിലിപ് വില്‍സന്റെ സഹപ്രവര്‍ത്തകനായിരുന്ന വികാരി ജെയിംസ് ഫ്‌ലെച്ചര്‍ ചര്‍ച്ചിലെ സഹായികളായിരുന്ന ഒന്‍പത് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഇരകളായ രണ്ട് കുട്ടികള്‍ ഫിലിപ് വില്‍സണിനെ അറിയിച്ചിരുന്നുവെങ്കിലും ഇദ്ദേഹം നടപടിയൊന്നും സ്വീകരിച്ചില്ല. 

സംഭവം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷം 1976ലാണ് ഇരകളില്‍ ഒരാള്‍ ഫിലിപ് വല്‍സണിനോട് പീഡനത്തെക്കുറിച്ച് പറഞ്ഞത്. മറ്റൊരാള്‍ കുമ്പസാരക്കൂട്ടില്‍ വച്ചാണ് ബിഷപ്പിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍, താന്‍ കളവ് പറയുകയാണെന്ന് പറഞ്ഞ് ശിക്ഷയായി പത്തു തവണ പ്രാര്‍ഥന ചൊല്ലാന്‍ തന്നോട് ആവശ്യപ്പെട്ടതായി ഇയാള്‍ കോടതിയെ അറിയിച്ചു. ജെയിംസ് ഫ്‌ലെച്ചര്‍ കുറ്റക്കാരനാണെന്ന് കോടതി 2004ല്‍ കണ്ടെത്തിയിരുന്നു. 2006ല്‍ ജയിലില്‍ വെച്ച് ഫ്‌ലെച്ചര്‍ മരിക്കുകയും ചെയ്തു. പീഡന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന വാദത്തില്‍ ആര്‍ച്ച് ബിഷപ് ഉറച്ചു നിന്നുവെങ്കിലും അദ്ദേഹത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക