Image

മാര്‍പാപ്പയ്ക്കു കുറവിലങ്ങാട് മുത്തിയമ്മയുടെ മണ്ണിലേക്കു ക്ഷണം

Published on 02 June, 2018
മാര്‍പാപ്പയ്ക്കു കുറവിലങ്ങാട് മുത്തിയമ്മയുടെ മണ്ണിലേക്കു ക്ഷണം
വത്തിക്കാന്‍സിറ്റി: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുറവിലങ്ങാടിന്റെ മണ്ണിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ക്ഷണം. കുറവിലങ്ങാടിന്റെ മനസറിയുന്ന പാപ്പായെ കുറവിലങ്ങാട് മര്‍ത്ത് മറിയം മുന്‍ സഹവികാരി മാണിയച്ചന്‍ എന്നു ഇടവകക്കാര്‍ വിളിക്കുന്ന ഫാ. ഇമ്മാനുവല്‍ പാറേക്കാട്ടാണ് മാര്‍പാപ്പയ്ക്ക് ക്ഷണപത്രം കൈമാറിയത്. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ തയാറാക്കിയ ക്ഷണപത്രമാണ് ഫാ. ഇമ്മാനുവല്‍ മാര്‍പാപ്പായ്ക്കു കൈമാറിയത്.

പാപ്പായുടെ സന്ദര്‍ശനത്തിലൂടെ കുറവിലങ്ങാട്ടെ നാനാജാതി മതസ്ഥരുടെ ചിരകാലാഭിലാഷം നിറവേറ്റണമെന്ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ കത്തിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.

റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട് മുന്‍പ് മാര്‍പാപ്പയെ സന്ദര്‍ശിച്ചവേളയില്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കുറവിലങ്ങാട്ട് സേവനം ചെയ്തതായി അറിയിച്ചപ്പോള്‍ ഈ സ്ഥലം സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷണപത്രം തയാറാക്കി കൈമാറിയത്. 

സന്തോഷസൂചകമായി കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍പാപ്പായ്ക്ക് സമ്മാനിച്ചു. തടിയില്‍ തീര്‍ത്ത രൂപമാണ് സമ്മാനിച്ചത്. മര്‍ത്ത് മറിയം വിശ്വാസിമൂഹത്തിന് അനുഗ്രഹാശംസകള്‍ നേരുന്നതായും മാര്‍പാപ്പ അറിയിച്ചു. 

ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലമെന്നും സീറോ മലബാര്‍ സഭയിലെ പ്രഥമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയമെന്നും രേഖപ്പെടുത്തിയാണ് രൂപം നല്‍കിയത്. കരുണയുടെ വിശുദ്ധ കവാടം തുറന്നതിലൂടെ 342 ദിനരാത്രങ്ങള്‍ ഇടവകയിലെ 3014 കുടുംബങ്ങള്‍ തുടര്‍ച്ചയായി പ്രാര്‍ഥന നടത്തിയിരുന്നു. അതിന്റെ നന്ദിയും ഇടവകയിലെ കുടുംബങ്ങളുടെ പേരില്‍ മാര്‍പാപ്പയെ അറിയിച്ചു. 

പ്രഥമ തദ്ദേശീയ മെത്രാന്റെ ഭരണസാരഥ്യം അര്‍ക്കദിയാക്കോന്മാരുടെ ജന്മനാട്, ഏറ്റവും വലിയ ഇടവക എന്നിങ്ങനെ നിരവധി പ്രത്യേകതകളുണ്ട് കുറവിലങ്ങാട്ടിന്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക