Image

വീട്ടുവേലയ്ക്ക് പോലീസുകാര്‍; പ്രതിമാസം 8 കോടി ഖജനാവിന് നഷ്ടം

Published on 16 June, 2018
വീട്ടുവേലയ്ക്ക് പോലീസുകാര്‍; പ്രതിമാസം 8 കോടി ഖജനാവിന് നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ എണ്‍പതിലേറെ ഐപിഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീട്ടുജോലിക്കും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാര്‍. ഖജനാവില്‍നിന്ന് ഇവര്‍ക്കുള്ള ശമ്പളച്ചെലവ് മാസം എട്ടു കോടിയിലേറെ രൂപ. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരടക്കം ഈ ക്രമവിരുദ്ധ സേവനം ഉപയോഗിക്കുന്നു.

ജനങ്ങളെ സേവിക്കാന്‍ പൊലീസിലേക്കു റിക്രൂട്ട് ചെയ്തവരെയാണു നാടിനെയാകെ നാണം കെടുത്തി വിടുപണി ചെയ്യിക്കുന്നത്.

സായുധസേനാ എഡിജിപി സുദേഷ്കുമാറിന്റെ െ്രെഡവര്‍ ഗവാസ്കര്‍ തനിക്കു മര്‍ദനമേറ്റതിനെതിരെ പരാതി നല്‍കിയതോടെ മാത്രമാണു പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തിയത്. ഐപിഎസ് പദവിയുള്ളവരെല്ലാം ‘സ്വന്തം സേവനത്തിനു’ നാലു മുതല്‍ പത്തു വരെ പൊലീസുകാരെ ഒപ്പം നിര്‍ത്തിയിട്ടുണ്ട്. സുരക്ഷയുടെ പേരില്‍ ആദ്യം ഭരണനേത!ൃത്വത്തിനു വേണ്ടതിലേറെ പൊലീസുകാരെ നല്‍കി കൂറുകാട്ടിയ ശേഷമാണു ‘വീതം വയ്ക്കല്‍’. ചോദിക്കുന്നത്ര പേരെ വീതംവച്ചു നല്‍കുന്നതു പൊലീസ് ആസ്ഥാനത്തെ പ്രധാനികളാണ്.

ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനു വീട്ടില്‍ സ്ഥിരമായി ആറു പൊലീസുകാരുണ്ട്. ‘പറയുന്നതെല്ലാം ചെയ്യുക’യാണു ഡ്യൂട്ടി. ഓഫിസില്‍, കാറില്‍ എന്നിങ്ങനെ വിവിധ ജോലികള്‍ക്കായി 20 പൊലീസുകാര്‍ വേറെ. ബറ്റാലിയനുകളിലാണ് ഏറെ കഷ്ടം. പട്ടിയെ കുളിപ്പിക്കാന്‍ മുതല്‍ മീന്‍ വാങ്ങാന്‍ വരെ പൊലീസുകാരുടെ സേവനമാണ് എഡിജിപി, ഐജി, കമന്‍ഡാന്റ്, ഡപ്യൂട്ടി കമന്‍ഡാന്റ് എന്നിവരെല്ലാം വിനിയോഗിക്കുന്നത്. ബറ്റാലിയനുകളില്‍ ജോലി ചെയ്യേണ്ട ക്യാംപ് ഫോളോവര്‍മാരെയും വീട്ടുജോലിക്ക് ഉപയോഗിക്കുന്നു. നായ പരിചരണം, പാചകം, അലക്ക് തുടങ്ങി മുടിവെട്ടിനു വരെ സ്വന്തമായി ആളില്ലാത്ത ഇതരസംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥര്‍ കുറവാണ്.

ഭൂരിപക്ഷം പൊലീസുകാര്‍ക്കും പക്ഷേ, പരാതിയില്ല. ഒരു ദിവസത്തെ ഡ്യൂട്ടിക്കു രണ്ടു ദിവസം വിശ്രമം എന്നതാണു രീതി. ഇടയ്ക്കിടെ സല്‍സേവന രേഖയും. ഐപിഎസുകാരുടെ സേവനത്തിന് ആളെ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 9000 രൂപ പ്രതിമാസ അലവന്‍സ് നല്‍കുന്നുണ്ടെന്നിരിക്കെയാണ് ഈ അനധികൃത ആനുകൂല്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക