Image

ജെസ്‌ന എവിടെ? പിതാവ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പോലീസ് പരിശോധന

Published on 21 June, 2018
ജെസ്‌ന എവിടെ? പിതാവ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പോലീസ് പരിശോധന
കോട്ടയം മുക്കൂട്ടുതറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഏന്തയാറില്‍ പിതാവ് ജെയിംസ് ജോസഫ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ അന്വേഷണസംഘം പരിശോധന നടത്തി. ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിര്‍മാണ കരാര്‍ ജെസ്‌നയുടെ പിതാവിന്റെ നിര്‍മാണക്കമ്പനിക്കാണ്. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണാണ് അന്വേഷണസംഘം ദൃശ്യം സിനിമയ്ക്കു സമാനമായ പരിശോധന നടത്തിയത്. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മ്മാണസ്ഥലത്താണ് പരിശോധന നടത്തിയത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലമാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതിരുന്നതെന്നാണ് വിവരം.
ജെസ്‌നയുടെ തിരോധാനത്തില്‍ സംശയനിവാരണത്തിന് വീട്ടുകാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്. അതിനിടെ, ജെസ്‌നയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ അന്വേഷണസംഘം വീണ്ടെടുത്തു. സന്ദേശങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ് ജെസ്‌നയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. എന്നാലിത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു. കാണാതായ മാര്‍ച്ച് 22ന് തലേദിവസം ജെസ്‌ന ആണ്‍സുഹൃത്തിന് അയച്ച സന്ദേശവും വീണ്ടെടുത്തവയില്‍പ്പെടുന്നു. താന്‍ മരിക്കാന്‍ പോവുന്നു എന്നതായിരുന്നു അവസാന സന്ദേശം.

മൊബൈല്‍ ഫോണിലേക്ക് വന്നതും തിരികെ വിളിച്ചതുമായ ഫോണ്‍കോളുകള്‍, സന്ദേശങ്ങള്‍, വിവരശേഖരണപ്പെട്ടികളില്‍നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങള്‍ എന്നിവ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്.പി ടി നാരായണന്‍ അറിയിച്ചു.
മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെയായി സ്ഥിരീകരിക്കാവുന്ന യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ജെസ്‌നയുടെ പിതാവിനെയും സഹോദരനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്.പി വ്യക്തമാക്കി. 

കാണാതായെന്ന പരാതി ലഭിച്ച ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്നു ലഭിച്ച രക്തക്കറയുളള വസ്ത്രത്തില്‍ കഴമ്പൊന്നുമില്ലെന്നും വ്യക്തമായി.
അന്വേഷണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്. ജെസ്‌നയുടെ സഹപാഠികള്‍, ആണ്‍സുഹൃത്ത്, കുടുംബാംഗങ്ങള്‍ തുടങ്ങിയ നൂറ്റിയമ്പതോളം പേരെ പോലിസ് ചോദ്യം ചെയ്യുകയുമുണ്ടായി. ലഭിക്കുന്ന വിവരങ്ങളില്‍ ഒന്നുപോലും തള്ളാതെയാണ് പോലിസ് അന്വേഷണം നടത്തിവരുന്നത്. അതേസമയം, പ്രത്യേകസംഘം നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ജെസ്‌നയുടെ പിതാവ് ജെയിംസ് രംഗത്തെത്തി.

പോലീസ് ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോവുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതിലൂടെ ജെസ്‌നയെ കണ്ടെത്താനുള്ള ദിവസങ്ങള്‍ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക