Image

ദാസ്യവേല: ഗവാസ്‌കറിനെതിരെ പരാതി, പരിക്കേറ്റത് വാഹനം മര്യാദയ്ക്ക് ഓടിക്കാത്തതിനാല്‍

Published on 21 June, 2018
ദാസ്യവേല: ഗവാസ്‌കറിനെതിരെ പരാതി, പരിക്കേറ്റത് വാഹനം മര്യാദയ്ക്ക് ഓടിക്കാത്തതിനാല്‍
ദാസ്യവേലയുടെ ഭാഗമായി മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ എഡിജിപി സുദേഷ് കുമാര്‍. ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് സുദേഷ് കുമാര്‍. ഗവാസ്‌കറിന് പരിക്കേറ്റത് അലക്ഷ്യമായി വാഹനം ഓടിച്ചതിനെ തുടര്‍ന്നാണെന്ന് പരാതിയില്‍ പറയുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് സുദേഷ് കുമാര്‍ പരാതി നല്‍കിയത്. അതേസമയം മകള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഡ്രൈവര്‍ക്ക് പരിക്കേറ്റതെന്ന് തെളിഞ്ഞിട്ടും പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഡിജിപി. മകളെ രക്ഷിക്കാനാണ് ഈ നീക്കമെന്ന് വരെ ആരോപണമുണ്ട്.

എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്ന ഗവാസ്‌കറുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഒരുവശത്ത് നടക്കുന്നുണ്ട്. പരിക്കേറ്റതായിട്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സുദേഷ് കുമാര്‍ പരാതിയുമായി എത്തിയിട്ടുള്ളത്. തന്റെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. സംഭവം നടന്ന ദിവസം അലക്ഷ്യമായിട്ടാണ് ഗവാസ്‌കര്‍ വണ്ടിയോടിച്ചത്. അതും ഔദ്യോഗിക വാഹനമായിരുന്നു ഇത്. അതേസമയം പരാതി ബെഹ്‌റ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നേരത്തെ തന്നെ സുദേഷ് കുമാറിന്റെ മകള്‍ സ്‌നിക്തയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനെ ന്യായീകരിക്കുന്നതാണ് ഈ പരാതി.

അതേസമയം ഗവാസ്‌കറിന് മര്‍ദനമേറ്റ സംഭവം വിവാദമായതിന് പിന്നാലെ എഡിജിപി സുദേഷ് കുമാറിനെ ബറ്റാലിയന്റെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. സുദേഷിന്റെ മകള്‍ ഗവാസ്‌കറിനെ മര്‍ദിച്ചെന്നും ദാസ്യവേലയ്ക്ക് നിര്‍ബന്ധിച്ചെന്നും അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സ്‌നിക്തയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഗവാസ്‌കറിന് ക്രൂരമായ മര്‍ദനമാണേറ്റതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ഡിജിപിയോട് പരാതി പറഞ്ഞതിന്റെ ദേഷ്യമാണ് ഇതിന് പിന്നിലെന്നാണ് ഗാവസ്‌കര്‍ പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക