Image

സ്വപ്‌നം കാണുന്ന ഭാവി (മുരളി തുമ്മാരക്കുടി)

മുരളി തുമ്മാരക്കുടി Published on 26 June, 2018
സ്വപ്‌നം കാണുന്ന ഭാവി  (മുരളി തുമ്മാരക്കുടി)
ഒരാഴ്ചയായി ഫേസ്ബുക്കില്‍ നാം ഒരു സ്വപ്ന ലോകത്താണ്. ടൈംലൈന്‍ തുറന്നാല്‍ നിപ്പയില്ല, പെട്രോള്‍ വിലയില്ല, അമ്പത്താറ് ഇഞ്ചും ഇരട്ട ചങ്കും ഇല്ല.
എല്ലാവരും പറയുന്നത് ഫുട്‌ബോളിനെ പറ്റി മാത്രം.ഈ പറയുന്നവരില്‍ ജാതി മത വ്യത്യാസങ്ങള്‍ ഇല്ല, അവരുടെ രാഷ്ട്രീയമോ സാമ്പത്തിക സ്ഥിതിയോ ഫുട്‌ബോള്‍ കമ്പത്തെ ബാധിക്കുന്നില്ല. കുറച്ചാണെങ്കിലും പെണ്‍കുട്ടികളും ഇത്തവണ ഫുട്‌ബോള്‍ കമ്പം പ്രകടിപ്പിക്കാന്‍ മുന്നിലാണ്. ഫുട്‌ബോള്‍ അവരുടെ മതത്തിന് വിരുദ്ധമാണെന്നോ സംസ്‌കാരത്തിന് എതിരാണെന്നോ പോലും ആരും പറയുന്നില്ല. ഒരു മാസം മുന്‍പ് വരെ മതവും രാഷ്ട്രീയവും പറഞ്ഞു പരസ്പരം പോരടിച്ചവര്‍ നീല ജേഴ്‌സിയുടെയും മഞ്ഞ ജേഴ്‌സിയുടെയും പേരില്‍ ഒന്നിക്കുന്നു. പരസ്പരം പിതൃസ്മരണ നടത്തിയവര്‍ രസകരമായി ട്രോളുന്നു. ഇതല്ലേ മാനുഷരെല്ലാരും ഒന്നുപോലെ ആകുന്ന മാവേലിനാട് ?

എന്നെ ഇത് ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. മലയാളികള്‍ക്ക് സത്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നും ജാതി മത കഌസ്സ് ലിംഗ ഭേദങ്ങള്‍ ഒക്കെ വേണ്ടി വന്നാല്‍ മാറ്റി വക്കാന്‍ പറ്റുന്നതാണെന്നും ആണ് ഞാന്‍ ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. ദരിദ്രമായിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നും സമ്പത്തുള്ള വര്‍ത്തമാനകാലത്തിലാണ് നാം നില്‍ക്കുന്നത്. ഇന്നലെകളില്‍ നമ്മെ സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്ത മത രാഷ്ട്രീയ ചിന്തകള്‍ക്ക് വാസ്തവത്തില്‍ ഈ നൂറ്റാണ്ടില്‍ ഒരു സ്ഥാനവും ഇല്ല. അതിന്റെ പുറകേ നടക്കുന്ന നമ്മള്‍ ലോകത്തോട് ഒപ്പമെത്താനും മുന്‍പില്‍ കയറാനും ഉള്ള അവസരവും സമയവും പാഴാക്കുകയാണ്.

ഈ കാര്യങ്ങള്‍ ഒക്കെ പുതിയ തലമുറ പതുക്കെ മനസ്സിലാക്കി തുടങ്ങുകയാണ്. ഇനി ഒരു പത്തു വര്‍ഷം കഴിയുമ്പോഴേക്കും ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ ജാതി മത ഭേദങ്ങള്‍ ഇല്ലാതെ മഞ്ഞയും നീലയും ചുവപ്പും കുപ്പായം ഇട്ട്, സ്‌പോര്‍ട്‌സ് എന്ന മതത്തില്‍, ഇഷ്ടപ്പെട്ട ടീം എന്ന ജാതിയില്‍, ഉള്ളവര്‍ കൂട്ടമായും കൂട്ടുപിരിഞ്ഞും ഇരിക്കുന്ന കാലം വരണം. ഫേസ്ബുക്കില്‍ നിന്നും നഗരത്തിലെ പബുകളിലേക്കും ഗ്രാമത്തിലെ കോഫിഷോപ്പുകളിലേക്കും ഇത്തരം സൗഹൃദങ്ങള്‍ മാറണം. സ്‌പോര്‍ട്‌സ് കൂടാതെ സാങ്കേതിത വിദ്യയിലേക്ക്, ജീവിത ശൈലിയിലേക്ക്, യാത്രകളിലേക്ക്, സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഒക്കെ ഇത്തരം ചര്‍ച്ചകള്‍ കടന്നു കയറണം. അതിന് ചേര്‍ന്ന രാഷ്ട്രീയം ആയിരിക്കണം നാം തിരഞ്ഞെടുക്കേണ്ടത്. അതിന് ചേരാത്തതൊക്കെ നാം കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഉപേക്ഷിക്കണം.

അതാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി. കേരളത്തിന് അത് സാധിക്കും.

സ്വപ്‌നം കാണുന്ന ഭാവി  (മുരളി തുമ്മാരക്കുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക