Image

ബിയാന്ത് സിംഗ് വധം: രജോനയെ 31 ന് തൂക്കിലേറ്റണമെന്ന് കോടതി

Published on 27 March, 2012
ബിയാന്ത് സിംഗ് വധം: രജോനയെ 31 ന് തൂക്കിലേറ്റണമെന്ന് കോടതി
ഛണ്ഡീഗഡ്: ബബ്ബര്‍ ഖല്‍സ തീവ്രവാദിയായിരുന്ന ബല്‍വന്ത് സിങ് രജോനയുടെ വധശിക്ഷ വൈകരുതെന്ന് ഛണ്ഡീഗഢ് സെഷന്‍സ് കോടതിയുടെ നിര്‍ദേശം. മാര്‍ച്ച് 31 ശനിയാഴ്ച്ച ബല്‍വന്ത് സിങിനെ തൂക്കിക്കൊല്ലണമെന്നാണ് കോടതിയുടെ നിര്‍ദേശം. പഞ്ചാബ് മുന്‍മുഖ്യമന്ത്രി ബിയാന്ത്‌സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബല്‍വന്ത് സിങ് രജോന.

ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) വധശിക്ഷയ്‌ക്കെതിരെ നേരത്തെ ദയാഹര്‍ജി നല്‍കിയിരുന്നു. കൂട്ടുപ്രതി ജഗത് സിങ് ഹവാരയുടേതുപോലെ രജോനയുടെയും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നാണ് ദയാഹര്‍ദജിയിലെ ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.


എന്നാല്‍ തൂക്കിക്കൊല്ലണമെന്ന ഉത്തരവ് ആവര്‍ത്തിച്ച കോടതി ഇതിനുള്ള കോടതി ഉത്തരവിന്റെ രേഖ മടക്കി അയച്ച ജയില്‍ മേധാവിയ്‌ക്കെതിരെ കോടതിയലക്ഷ്യക്കുറ്റത്തിനും കേസെടുക്കാനും ഉത്തരവിട്ടു. പട്യാല ജയില്‍ സൂപ്രണ്ട് എല്‍.എസ്.ലഖര്‍ വധശിക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഇതിന് സൂപ്രണ്ടിന് നിയമപരമായ അവകാശമില്ലെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു.


കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മറ്റൊരു പ്രതി ലഖ്‌വീന്ദര്‍ സിങ്ങിന്റെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതാണ് വധശിക്ഷ നീട്ടിവെക്കാനുള്ള ന്യായമായി ജയില്‍ സൂപ്രണ്ട് ചൂണ്ടിക്കാണിച്ചത്. 1995 ആഗസ്റ്റ് 31നാണ് കോണ്‍ഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ബിയാന്ത് സിങ്ങിനെ ചണ്ഡീഗഢിലെ ഓഫീസിന് മുന്നില്‍വെച്ച് ബബ്ബര്‍ ഖല്‍സ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണ് കേസ്.


ദിലാവര്‍ എന്ന തീവ്രവാദി മനുഷ്യബോംബായി പൊട്ടിത്തെറിച്ച സംഭവത്തില്‍ മറ്റ് 17 പേരും മരിച്ചു. ദിലാവറിന്റെ ദൗത്യം വിജയിച്ചില്ലെങ്കില്‍ ദൗത്യം നിറവേറ്റാന്‍ തയ്യാറായി നിന്ന രണ്ടാമത്തെ മനുഷ്യബോംബായിരുന്നു രജോന. കേസില്‍ രജോനയ്ക്കും ജഗ്താര്‍ സിങ് ഹവാരയ്ക്കും വധശിക്ഷയും മറ്റുമൂന്നുപേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമായിരുന്നു വിധിച്ചത്. അപ്പീല്‍ ഹര്‍ജിയില്‍ ഹവാരയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക