Image

സഭയിലെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ച് ഫാ. അഗസ്റ്റിന്‍ വട്ടോലി; ആത്മീയത എന്നുപറഞ്ഞാല്‍ വായ് പൂട്ടിയിരിക്കലല്ല

Published on 02 July, 2018
സഭയിലെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ച് ഫാ. അഗസ്റ്റിന്‍ വട്ടോലി; ആത്മീയത എന്നുപറഞ്ഞാല്‍ വായ് പൂട്ടിയിരിക്കലല്ല

ചേര്‍ത്തല:ക്രൈസ്തവ സഭകളിലെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയും കൂട്ടുത്തരവാദിത്തത്തിന്റെയും പങ്കാളിത്തത്തിന്റെയും കുറവുകളെ ചൂണ്ടിക്കാട്ടിയും പ്രമുഖ പരിസ്ഥിതി പ്രവത്തകന്‍ കൂടിയായ എറണാകുളം അങ്കമാലി അതിരൂപത വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി. കൂട്ടായ്മകളില്ലാത്തതാണ് സഭയും ഓരോ കുടുംബവും മക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രശ്‌നങ്ങളില്‍ കൂട്ടുനില്‍ക്കാന്‍ ആരുമില്ലെന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. ഭൂമി കുംഭകോണങ്ങളും പീഡന വാര്‍ത്തകളും ഇന്ന് വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന ആദിവാസികളുടെ മക്കള്‍ പട്ടിണി കിടന്ന് മരിക്കുന്ന ഈ കേരളത്തില്‍ നമ്മള്‍ ജീവിക്കുമ്പോഴാണ് ഈ ഭൂമി കുംഭകോണങ്ങള്‍ നടക്കുന്നത്. 130 വര്‍ഷത്തിനു മുന്‍പ്, പണം നല്‍കാന്‍ കഴിയാത്ത മനുഷ്യന്‍, തന്റെ വിയര്‍പ്പിന്റെ കൂടി വില പള്ളിക്ക് നല്‍കണമെന്ന് ആഗ്രഹിച്ച ഒരു തലമുറ പിടിയരി പിരിച്ച് സമാഹരിച്ച സ്വത്താണ് ധൂര്‍ത്തടിക്കപ്പെടുന്നത്. ജനത്തിന്റെ നിശ്വാസമാണ് ആ സ്വത്ത്. ജനം വിശ്വസിച്ചേല്‍പ്പിച്ച സ്വത്ത്. അത് ധൂര്‍ത്തടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കോക്കമംഗലം മാര്‍തോമാ തീര്‍ഥാടന ദേവാലയത്തില്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് സഭയിലെ അടിച്ചമര്‍ത്തലുകള്‍ക്കും ഏകാധിപത്യത്തിനുമെതിരെ അദ്ദേഹം സംസാരിച്ചത്.  

കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. എങ്ങനെ നമ്മുടെ അമ്മമാര്‍ ഈ ലോകത്ത് ജീവിക്കുന്നത്. നമ്മുടെ കന്യാസ്ത്രീകള്‍ ഈ ലോകത്ത് അനുഭവിക്കുന്ന പാടുപീഡകള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ അധ്വാനമാണ് നമ്മുടെ പല സ്വത്തും. അവര്‍ എന്ത് സ്വാതന്ത്ര്യം ആണ് അനുഭവിക്കുന്നത്. പുരോഹിത നേതൃത്വത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ ഒരു കന്യാസ്ത്രീയെ ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചു കളഞ്ഞു. ഭയന്നുപോയ അവര്‍ എഴുത്തുനിര്‍ത്തി. എന്നാല്‍ എഴുത്തുനിര്‍ത്തരുതെന്നും സംസാരം തുടരണമെന്നും അവരോട് നിര്‍ദേശിച്ചു. നാം സംസാരിക്കണം. സംസാരിക്കാത്തതാണ്, നിശബ്ദതയാണ് ഈ സമൂഹെത്ത ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. 

ലോകത്തെ 121 സംസ്‌കാരങ്ങളില്‍ 119 എണ്ണവും നശിക്കാന്‍ കാരണം പുറമേ നിന്നുള്ള ആക്രമണമല്ല, ഉള്ളില്‍ നിന്നുള്ള ചീഞ്ഞഴുകലായിരുന്നു. ഇതുതന്നെയാണ് ക്രിസ്തുവും പറഞ്ഞത്. അന്തഃഛി്രദമുള്ള ഭവനങ്ങള്‍ തകര്‍ന്നുപോകുമെന്ന്. യൂറോപ്പിലും മറ്റും നമ്മുടെ പല പള്ളികളും ഇന്ന് ബാറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഡാന്‍സ്ബാറുകളും ആയി മാറിക്കഴിഞ്ഞു. അതിന്റെ കാരണമന്വേഷിച്ചുപോകുമ്പോഴാണ് ചീഞ്ഞഴുകലിന്റെ ബാക്കിപത്രമാണ് അവിടെ സംഭവിച്ചതെന്ന് തിരിച്ചറിയുന്നത്. 

അകവും പുറവും ഒരുപോലെയാണെങ്കില്‍ ഉള്ളിലോട്ട് നോക്കാന്‍ ഭയപ്പെടേണ്ടതില്ല. ചിന്തയും പ്രവൃത്തിയും സമാനമാണെങ്കില്‍ ഉള്ളിലോട്ട് നോക്കാന്‍ ഭയപ്പെടേണ്ടതില്ല. അതുതന്നെയാണ് ക്രിസ്തുവിന്റെ ജീവിതവും. എന്നാല്‍ ചിന്തയും പ്രവൃത്തിയും വിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് നമ്മെ ഇല്ലാതാക്കുന്നത്. ക്രിസ്തുവിന്റെ ആത്മീയത ക്രിസ്തുവിന്റെ ജീവിതം തന്നെയാണ്. 

മധ്യകാല നൂറ്റാണ്ടുകളില്‍ സഭ ഇതിലും വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോയിട്ടുണ്ട്. അതുെകാണ്ട് ഭയപ്പെടേണ്ട. ഇതിലും ഭീകരമായ ചെയ്തികളാണ് നമ്മുടെ േനതാക്കള്‍ ചെയ്തത്. അതിന്റെ അടിസ്ഥാന കാരണം ചോദ്യം െചയ്യപ്പെടലുകളും വിലയിരുത്തലുകളും ഇല്ലാതെ പോയതാണ്. ഏതൊരു സംസ്‌കാരവും നശിക്കാന്‍ കാരണം വിമര്‍ശനങ്ങള്‍ ഇല്ലാതെ പോയതാണ്. ഏകാധിപത്യ പ്രവണതകള്‍ ഏെറ സജീവമാണ് എന്നു കാണാം. ലോകത്ത് ഒരുപാട് സംസ്‌കാരങ്ങള്‍ വന്നുപോയിട്ടുണ്ട്. ഒരിക്കലും നശിക്കാത്ത ഒരു സംസ്‌കാരം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ കൂട്ടുത്തരവാദിത്തമാണ്. കൂട്ടായ്മയാണ്. ഏകാധിപത്യ പ്രവണതകളാണ് പല സംസ്‌കാരങ്ങളെയും നശിപ്പിച്ചത്. പല പ്രസ്ഥാനങ്ങളെയും നാടുകളെയും ഭവനങ്ങളെയും ഇല്ലാതാക്കിയത്. ഒറ്റയ്ക്ക് തീരുമാനിക്കുന്ന പതിവ് ആദിവാസികള്‍ക്കിടയില്‍ ഇല്ല. അവിടെ താനാണ് രാജാവ് എന്ന ചിന്തയില്ല. എല്ലാവരും രാജാക്കന്മാരാണ്. കൂട്ടായ്മയിലേ തീരുമാനിക്കൂ. ഏതൊരു രാജ്യവും സ്ഥാപനവും ഭവനവും നിലനില്‍ക്കണമെങ്കില്‍ കൂട്ടുത്തരവാദിത്തമാണ് വേണ്ടത്. 

മുന്‍കാലത്ത് വന്ന വീഴ്ചകളില്‍, ഏകാധിപത്യ പ്രവവണതകളില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടത്തിയ സ്വയം തിരുത്തലുകളാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന നേതാവാക്കി തീര്‍ത്തത്. ഈശോസഭയുടെ പ്രൊവിന്‍ഷ്യാല്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തെ വിമര്‍ശിച്ചവരെ അദ്ദേഹം നിശബ്ദരാക്കിയിരുന്നു, അടിച്ചമര്‍ത്തിയിരുന്നു. അന്നത്തെ ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ത്തവരെ കുര്‍ബാന ചൊല്ലുന്നതില്‍ നിന്ന് വരെ വിലക്കിയിരുന്നു. ആ ജീവിതത്തില്‍ നിന്ന് അദ്ദേഹമെടുത്ത മാനസാന്തരമാണ്, തിരിച്ചറിവാണ് കൂട്ടുത്തരവാദിത്തവും കൂട്ടായ്മയും വളര്‍ത്തുന്ന ഒരു പ്രവര്‍ത്തന ശൈലിയിലേക്ക് മാറുമെന്ന് ഒരു തീരുമാനത്തിലെത്തിച്ചത്. ആ മാറ്റം ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ വാക്കിലും പ്രവര്‍ത്തിയിലും ഒളിഞ്ഞുനില്‍ക്കുന്ന സത്യം, അതുമാത്രല്ല, ആ സത്യം അദ്ദേഹം പ്രഘോഷിക്കുന്നതും നടപ്പാക്കുന്നതും കൂട്ടുത്തരവാദിത്തത്തിലും പങ്കാളിത്തത്തിലുമാണ്. ഇത്തരം കൂട്ടായ്മകളാണ് സഭയെ ഭവനത്തെ , വ്യക്തിയെ നിലനിര്‍ത്തുന്നത്. 

നമ്മുടെ സഭയെ, സംസ്‌കാരത്തെ നിലനിര്‍ത്തുന്നത് വിയോജിപ്പുകളാണ്. പറയാനുള്ളത് പറയാന്‍ ധൈര്യം കാണിക്കണം. വിശ്വാസി സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തവുമാണ്. മാര്‍തോമാ പാരമ്പര്യത്തിലേക്ക് തിരിച്ചുപോകണമെന്ന് എല്ലാവരും ഇപ്പോള്‍ പറയുന്നു. എന്താണ് മാര്‍ത്തോമ്മ ്രകസ്ത്യാനികളുടെ പാരമ്പര്യം. അവിടെ സ്ഥാപര ജംഗമ വസ്തുക്കള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത് വിശ്വാസി സമൂഹമാണ്. ക്രിസ്തുവിന്റെ കൂട്ടത്തിലും പണം സൂക്ഷിച്ചിരുന്നത് ആരാണ്? ആ പാരമ്പര്യമാണ് നമ്മുക്കുണ്ടായിരുന്നത്. 1599ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാനും മാര്‍പാപ്പയും ഏറ്റെടുത്തു. അന്നാരംഭിച്ചു മാര്‍ത്തോമ പാരമ്പര്യത്തിന്റെ തകര്‍ച്ച. ഒരുപക്ഷേ വിശ്വാസി സമൂഹം ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. അല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സഭ എന്നു പറയുന്ന ഉത്തരവാദിത്തം ഉണ്ടാവില്ല. യഥാര്‍ത്ഥ ആത്മീയതയിലേക്ക് ജ്ഞാനസ്‌നാനപ്പെടാന്‍ പ്രാര്‍ത്ഥിക്കാം. 'നമുക്കും അവനോടു കൂടി പോയി മരിക്കാമെന്ന്' മാര്‍തോമാ ശ്ലീഹാ എത്തിയ തീരുമാനം ക്രിസ്തുവിന്റെ കൂടെ നടന്ന് അനുഭവിച്ച സത്യമാണ്. 

ക്രിസ്തു പരിശോധിക്കാനാണ് പറഞ്ഞത്. വന്നു കാണുക എന്നാണ് പറഞ്ഞത്. എന്റെ അടുത്തുവരിക എന്നാണ് പറഞ്ഞത്. ഈ ആത്മാര്‍ത്ഥതയിലേക്കാണ് ്രകിസ്തു നമ്മെ വിളിക്കുന്നത്. മാര്‍തോമ്മാ ശ്ലീഹാ നമ്മെ ക്ഷണിക്കുന്നത്. ജീവിതങ്ങള്‍ ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ സഭ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ആ ദുരന്തത്തില്‍ നിന്ന് കരകയറണം. കരകയറും. അത് മിണ്ടാതിരിക്കുന്നതുകൊണ്ടല്ല, ചോദ്യം ചെയ്യാതിരിക്കുന്നതുകൊണ്ടല്ല, സംസാരിക്കാതിരിക്കുന്നത് കൊണ്ടല്ല, ഇടവക സംസാരിക്കണം. വിശ്വാസി സമൂഹം സംസാരിച്ചു തുടങ്ങേണ്ട കാലം അതിക്രമിച്ചു തുടങ്ങിയിരിക്കുന്നു. സന്യാസിനി സമൂഹം സംസാരിക്കണം. പെണ്‍കുട്ടികള്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകള്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ േനരിടുന്നത് കുഞ്ഞുങ്ങളാണ്. അവര്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള ഒരു കാലഘട്ടത്തില്‍ കൂട്ടായ്മയെ കുറിച്ച്, ഒന്നിച്ചുനില്‍ക്കേണ്ടതിനെ കുറിച്ച്  ചിന്തിക്കേണ്ട കാലമാണ്. സൗഹൃദങ്ങളും കൂട്ടായ്മകളും ബന്ധങ്ങളും ആണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത്. അതിനു കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ജാതിമതത്തിനും ലിംഗത്തിനും വര്‍ഗണത്തിനും ഭാഷയ്ക്കും ലോകത്തിനും അതീതമായിരിക്കണം ബന്ധങ്ങള്‍. ലോകത്ത് അത്രയക്കും ധ്രുവീകരണമുണ്ട്. ജാതി മത വര്‍ഗീയതകള്‍ ഏറ്‌റവും തീവ്രമാകുന്ന കാലഘട്ടമാണിത്. ഇത്തരം വര്‍ഗീയതകളെ നേരിടാന്‍ ഈ ക്രിസ്തീയ സമൂഹത്തിന് പറ്റുന്നില്ല എന്നത് അതി ഭീകരമാണ്. ഇപ്പോള്‍ ഭരിക്കുന്നവര്‍ വീണ്ടും വന്നാല്‍ എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ. ഇന്ത്യന്‍ ഭരണഘടന ഉണ്ടാകുമോ എന്ന് അറിഞ്ഞുകൂടാ. അതിനു വഴിവച്ചതും നമ്മെ മുന്‍പ് ഭരിച്ച പാര്‍ട്ടികളാണ്. 

അതുകൊണ്ട് ആത്മീയത എന്നു പറഞ്ഞാല്‍ വായ്പൂട്ടിയിരിക്കലല്ല, നിശബ്ദമായിരിക്കലല്ല, നിശബ്ദമായിരിക്കേണ്ടത് നിശബ്ദമായിരിക്കുകയും സംസാരിക്കേണ്ടത് സംസാരിക്കുകയും അറിയേണ്ടതും തിരിച്ചറിയേണ്ടതും അന്വേഷിക്കുകയും ചെയ്യണം. പറയാനുള്ളത് പറയുന്നതും മുഖത്തുനോക്കി സംസാരിക്കുന്നതും നിര്‍ഭയമായി പറയുന്നതുമാണ് ആത്മീയതല്ല. ഒളിച്ചിരിക്കുന്നതും മറഞ്ഞിരിക്കുന്നതും മൗനംപാലിക്കുന്നതും ഭയപ്പെട്ടിരിക്കുന്നതുമല്ല ആത്മീയത. തോമാശ്ലീഹായും ക്രിസ്തുവും ശിഷ്യന്മാരും അപ്രകാരമാണ്. വെളളയടിച്ച കുഴിമാടങ്ങളെ എന്ന് പുരോഹിത വര്‍ഗത്തെ നോക്കി ഗര്‍ജ്ജിച്ച സിംഹത്തിന്റെ ശിഷ്യന്മാരാണ നമ്മള്‍. ആ ആത്മീയത തിരിച്ചെടുക്കണം. ആ ആത്മീയതയിലേക്കാണ് തോമാശ്ലീഹാ നമ്മെ വിളിച്ചിരിക്കുന്നത്. നമ്മുക്കും ആ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്റെ കൂടെപോയി മരിക്കാം എന്നു പറയുന്ന ആത്മീയത. അതിലേക്ക് നമ്മെ ജ്ഞാനസ്‌നാപ്പെടുത്താന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് കൂട്ടായ്മകള്‍ക്ക് തിരുനാളുകള്‍ക്ക് കഴിയട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. 

സഭയെ നയിക്കുന്നത് നാം ഓരോരുത്തരുമാണ്. ഇപ്പോള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും നിരാശപ്പെടരുത്. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. പലതും വെളിച്ചത്തേക്ക് വരുന്നു. പലതും മറച്ചുവച്ചിരിക്കുന്നു. ഇന്ന് വെളിച്ചത്തേക്ക് വരികയാണ്. ഭയപ്പെടരുത്. ക്രിസ്തുവാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധാത്മാവാണ് നമ്മെ നയിക്കുന്നത്് വേറെ ആരുമല്ല നമ്മേ നയിക്കുന്നത് ആ തിരിച്ചറിവുണ്ടായാല്‍ മതി ഫാ. അഗസ്റ്റിന്‍ വട്ടോലി സന്ദേശത്തില്‍ പറയുന്നു.  

Join WhatsApp News
josecheripuram 2018-07-02 21:19:57
Now you are talking,may be too late?When I was growing up we were taught to shut up to any authorities even if they were wrong,If you train children like wise these thing tend to happen,at least you have the wisdom, to advise although it is too late to speak.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക