Image

വയറു നിറഞ്ഞൊന്ന്‌ ആഹാരം കഴിക്കും മുമ്പേയാണ് അഭിയുടെ ജീവന്‍ അവര്‍ എടുത്തത്; അഭിമന്യുവിനെക്കുറിച്ച് ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനയുടെ വാക്കുകള്‍.

Published on 03 July, 2018
വയറു നിറഞ്ഞൊന്ന്‌ ആഹാരം കഴിക്കും മുമ്പേയാണ് അഭിയുടെ ജീവന്‍ അവര്‍ എടുത്തത്; അഭിമന്യുവിനെക്കുറിച്ച് ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനയുടെ വാക്കുകള്‍.
   
വയറു നിറഞ്ഞൊന്ന് ആഹാരം കഴിക്കുന്നൊരു ജീവിതം നേടിയെടുക്കും മുന്നേയാണ് അവനെയവര്‍ കൊന്നു കളഞ്ഞത്. എത്രയോ രക്തസാക്ഷികളുടെ വീടുകളില്‍ പോയിരിക്കുന്നു. പക്ഷെ അന്നൊന്നും തോന്നാത്തയത്ര വേദനയാണ് ഈ ക്യാമ്പസില്‍ നില്‍ക്കുമ്പോള്‍ എനിക്കുള്ളത്. അവനത്രയ്ക്ക് പാവമായിരുന്നു. ജീവിതത്തെ ഒരുപാട് സ്നേഹിച്ചവന്‍. ഒട്ടും കൊതി തീരാതെയാണവന്‍ പോയത്. ബ്രീട്ടോയുടെ യാത്രാ വിവരണം കേട്ടെഴുതിയെടുക്കുന്നതിനു വേണ്ടിയായിരുന്നു അഭി ഞങ്ങളുടെ വീട്ടില്‍ ആദ്യം വരുന്നത്. പിന്നെയവന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളായി മാറി. ബ്രിട്ടോയെപ്പോലെ ഒരാളുടെ കൂടെ നില്‍ക്കണമെങ്കില്‍ അപാരമായ ക്ഷമാശക്തിയും സഹനവും വേണം. പക്ഷെ അഭി ബ്രിട്ടോയെ കീഴടക്കുകയായിരുന്നു. അവന്‍റെ പെരുമാറ്റം കൊണ്ട് ആരെയും അവന്‍ കീഴടക്കും. പിന്നെയവന്‍റെ എഴുത്ത്. അതൊരു അത്ഭുതമായിരുന്നു. തമിഴ് പശ്ചാത്തലത്തില്‍ നിന്നും വന്നൊരാളാണ്. പഠിച്ചതും തമിഴ് മീഡിയത്തില്‍. മലയാളം അവന്‍ പിന്നീട് പഠിച്ചെടുക്കുകയായിരുന്നു. നല്ല വൃത്തിയായി വലുതായി അവന്‍ എഴുതും. ബ്രിട്ടോയുടെ സംസാരം വേഗത്തിലാണ്. അതുപിന്‍തുടര്‍ന്ന് എഴുതിയെടുക്കുക ബുദ്ധിമുട്ടാണ്. അഭി പക്ഷെ അതേ വേഗത്തില്‍ എഴുതും. ആഴ്ചയില്‍ മൂന്നു ദിവസത്തോളം അഭി ഞങ്ങളുടെ വീട്ടില്‍ എത്തും. വ്യാഴം മുതല്‍ ശനി വരെ കാണും. ഞായര്‍ വീട്ടില്‍ പോകും. ഈ ദിവസങ്ങളില്‍ അവന് സന്തോഷമാണെന്ന് പറയും. കാരണം മൂന്നു ദിവസം ഞങ്ങളുടെ വീട്ടില്‍ നിന്നും കഴിക്കാം. വയര്‍ നിറച്ച് ആഹാരം കഴിക്കാന്‍ കഴിവില്ലാത്തൊരു കുഞ്ഞായിരുന്നു അഭി. അതവന്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഞാനെന്‍റെ വയര്‍ നിറച്ച് ഭക്ഷണം കഴിച്ചിട്ടില്ല ചേച്ചീയെന്ന്. അഭിയെപ്പോലെയുള്ളവര്‍ വീട്ടില്‍ വരുമ്പോള്‍ ബ്രീട്ടോ പറയും അവര്‍ക്ക് എന്തെങ്കിലും ഇറച്ചിയോ മറ്റോ വാങ്ങി വെച്ചുകൊടുക്കാന്‍. അഭി അപ്പോഴും ചോദിച്ചിരുന്നത് ചിക്കനൊക്കെ വാങ്ങി എന്തിനാ ചേച്ചി കാശുകളയുന്നതെന്ന്. എന്തെങ്കിലും കറിയൊക്കെ വേണ്ടേടാ എന്നു തിരിച്ചു ചോദിച്ചാല്‍ ഞങ്ങള്‍ പലപ്പോഴും പച്ചച്ചോറാണ് ചേച്ചി കഴിക്കുന്നതെന്നായിരുന്നു അവന്‍റെ ചിരിയോടുള്ള മറുപടി. അങ്ങനെ വളര്‍ന്നൊരു കുഞ്ഞിനെയാണ്..... വിതുമ്പലോടെ സീന പറഞ്ഞു നിര്‍ത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക