Image

ജപ്‌തിയുണ്ടായാല്‍ ആത്മഹത്യ ചെയ്യും: പ്രീത ഷാജി

Published on 09 July, 2018
ജപ്‌തിയുണ്ടായാല്‍ ആത്മഹത്യ ചെയ്യും: പ്രീത ഷാജി


കൊച്ചി: സുഹൃത്തിന്റെ ബാങ്ക്‌ വായ്‌പയ്‌ക്ക്‌ ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്തെ വീടും സ്ഥലവും ബാങ്ക്‌ ജപ്‌തി ചെയ്‌താല്‍ ആത്മഹത്യ ചെയ്യുമെന്ന്‌ പ്രീത ഷാജി.
രണ്ടരക്കോടിയുടെ വസ്‌തു നോട്ടീസ്‌ പോലും തരാതെ അവര്‍ ജപ്‌തി ചെയ്യാന്‍ വരികയാണെന്നും ഭൂമാഫിയക്ക്‌ ഒത്താശ ചെയ്‌ത്‌ ബാങ്ക്‌ അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും പ്രീത ഷാജി പറയുന്നു.

`പല സ്ഥലത്തും ഞങ്ങള്‍ ചര്‍ച്ചയ്‌ക്ക്‌ ചെന്നു. 50 ലക്ഷം രൂപ വരെ തിരിച്ചടക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌. പക്ഷേ അവര്‍ തയ്യാറാകുന്നില്ല. പരിഹാരം കാണുന്നത്‌ വരെ ജപ്‌തി ഉണ്ടാവില്ലെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്‌.

ഞങ്ങളെ ഇവിടെ നിന്നും കുടിയിറക്കണമെന്ന്‌ ബാങ്കിനല്ല ഭൂമാഫിയക്കാണ്‌ നിര്‍ബന്ധം. പെട്രോളില്‍ കുളിച്ചാണ്‌ ഞാന്‍ നില്‍ക്കുന്നത്‌. ജപ്‌തിക്കായി ഇങ്ങോട്ട്‌ ആരെങ്കിലും കയറിയാല്‍ ഞങ്ങള്‍ അപ്പോള്‍ കത്തിക്കും.

എന്തിനാണ്‌ ഇങ്ങനെയൊരു ജീവിതം. എല്ലാവരോടും ഞങ്ങള്‍ പറഞ്ഞു. കാര്യമുണ്ടായില്ല. ഒരു കോടി രൂപ വേണം ഇല്ലെങ്കില്‍ കുടിയിറക്കുമെന്നാണ്‌ അവര്‍ പറയുന്നത്‌.

മനസാക്ഷിയില്ലാത്ത റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയകള്‍ക്കൊപ്പമാണ്‌ കോടതിയും സര്‍ക്കാരും നില്‍ക്കുന്നത്‌. പാവപ്പെട്ട കുടുംബത്തോട്‌ എന്തിന്‌ വേണ്ടിയാണ്‌ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്‌.` പ്രീത ഷാജി ചോദിക്കുന്നു.

പ്രീത ഷാജിക്ക്‌ പിന്തുണയുമായി നിരവധി നാട്ടുകാരാണ്‌ പ്രദേശത്ത്‌ സംഘടിച്ചിരിക്കുന്നത്‌. പന്തങ്ങളും പെട്രോള്‍ കന്നാസുകളുമേന്തി പ്രതിഷേധക്കാര്‍ ആത്മഹത്യാ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌.
ഒരു ഘട്ടത്തില്‍ നാട്ടുകാരടങ്ങിയ പ്രതിഷേധക്കാര്‍ ശരീരത്തിലേക്ക്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയും ചെയ്‌തു. ഉടന്‍ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന ഫയല്‍ഫോഴ്‌സ്‌ സംഘം തീയണക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്‌തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷന്‍ തിങ്കളാഴ്‌ച  ഇവിടേക്ക്‌ എത്തുമെന്നാണ്‌ വിവരം. ആവശ്യമെങ്കില്‍ അറസ്റ്റ്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഈ വിവരം അറിഞ്ഞതു മുതല്‍ സ്ഥലത്ത്‌ കനത്ത പ്രതിഷേധമാണ്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്നത്‌.

രണ്ടു ലക്ഷം രൂപ വായ്‌പയെടുക്കാന്‍ സുഹൃത്തിനായി പ്രീത ഷാജിയുടെ കുടുംബം 1994ല്‍ ജാമ്യം നിന്നിരുന്നു. കുടിശ്ശിക 2.7 കോടി രൂപയായെന്നും പറഞ്ഞ്‌ എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌ ജപ്‌തി നടപടികളിലേക്ക്‌ കടക്കുകയായിരുന്നു. 18.5 സെന്റ്‌ വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപയ്‌ക്കാണ്‌ ഡെബ്‌റ്റ്‌ റിക്കവറി െ്രെടബ്യൂണല്‍ (ഡിആ ര്‍ടി) ലേലത്തില്‍ വിറ്റത്‌.

കിടപ്പാടം പിടിച്ചെടുക്കാന്‍ അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും ജനകീയ പ്രതിഷേധം മൂലം സാധിച്ചില്ല. തുടര്‍ന്നാണ്‌ ലേലം നേടിയ എം എന്‍ രതീഷ്‌ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചത്‌. രണ്ടാഴ്‌ചയ്‌ക്കകം കിടപ്പാടം ഏറ്റെടുക്കണമെന്ന്‌ ജൂണ്‍ 18ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക