Image

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണോയെന്ന് സുപ്രീം കോടതിക്ക് തീരുമാനിക്കാം; നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍

Published on 11 July, 2018
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണോയെന്ന് സുപ്രീം കോടതിക്ക് തീരുമാനിക്കാം; നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍
സ്വവര്‍ഗ ലൈംഗിക നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ തീരുമാനം പൂര്‍ണമായും സുപ്രീംകോടതിക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന 377ാം വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കാതെയാണ് സത്യവാങ്മൂലം. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്ന ആവശ്യം രാജ്യത്തെ എല്‍ജിബിടി ഗ്രൂപ്പുകള്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്നതാണ്. 

377ാം വകുപ്പിന്റെ ഭരണഘടനാ സാധുതയില്‍ കോടതി തീരുമാനം കൈക്കൊണ്ടാല്‍ ആവശ്യമെങ്കില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. സ്വവര്‍ഗതി നിയമവിധേയമാക്കിയാല്‍ ഇടപെടുമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ചിലെത്തിയതോടെ കേന്ദ്രം നിലപാട് മാറ്റുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. 

ലൈംഗികത സംബന്ധിച്ച മൗലികാവകാശം നിഷേധിക്കുന്ന 377ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, നര്‍ത്തകന്‍ എന്‍ എസ് ജോഹര്‍, പാചകവിദഗ്ധ റിതു ഡാല്‍മിയ എന്നിവരുടെ ഹര്‍ജികളാണു കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

അതേസമയം, സ്വവര്‍ഗരതി നിയേമവിധേയമാക്കിയേക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പരാമര്‍ശം. സ്വകാര്യത, ഭരണഘടനാവകാശമായ രാജ്യത്തു നിയമത്തെ താഴ്ത്തിക്കെട്ടാന്‍ സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്നതു ഭരണഘടനാപരമായി ശരിയാണോ എന്നും സ്വവര്‍ഗാനുരാഗികള്‍ക്കുള്ള അവകാശങ്ങള്‍ ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലേ എന്നും പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. 

377ാം വകുപ്പു ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി 2009 ജൂലൈ രണ്ടിനു വിധിച്ചിരുന്നു. അതിനെതിരെയുള്ള അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി, 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും, അത് ശിക്ഷാനിയമത്തില്‍ നിലനിര്‍ത്തുന്ന കാര്യം പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും 2013 ഡിസംബര്‍ 11നു വിധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക