Image

ആത്മീയനിറവില്‍ ഫാമിലി കോണ്‍ഫറന്‍സിനു തിരിതെളിഞ്ഞു

വര്‍ഗീസ് പോത്താനിക്കാട് Published on 19 July, 2018
ആത്മീയനിറവില്‍ ഫാമിലി കോണ്‍ഫറന്‍സിനു തിരിതെളിഞ്ഞു
കലഹാരി (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന 2018 ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു ഉത്സവതിമിര്‍പ്പോടെ തിരശീല ഉയര്‍ന്നു. പെന്‍സില്‍വേനിയ കലഹാരി റിസോര്‍ട്ട് സെന്ററില്‍ വച്ച് ജൂലൈ 18 മുതല്‍ 21 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് തുടക്കം കുറിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30-ന് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ പങ്കെടുത്ത വര്‍ണ്ണാഭമാര്‍ന്ന ഘോഷയാത്രക്കു ശേഷം ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കോണ്‍ഫറന്‍സ് നടപടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കഷ്ടതകളെ പൂര്‍ണ്ണ മനസ്സോടെ നേരിടുന്നതാണ് അല്ലാതെ അവയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതല്ല ക്രിസ്തീയ സാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗരേഖയെന്നും അതിനുള്ള സഹനശക്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അതിലൂടെ സിദ്ധതയും പ്രത്യാശയും വളരട്ടെയെന്നും തന്റെ അധ്യക്ഷപ്രസംഗത്തില്‍ മാര്‍ നിക്കോളോവോസ് ആശംസിച്ചു. തുടര്‍ന്നു നിലവിളക്കു തെളിച്ചു കൊണ്ട് കോണ്‍ഫറന്‍സ് പരിപാടികള്‍ക്കു തുടക്കമായി.
മുഖ്യാതിഥി റവ.ഡോ.ജേക്കബ് കുര്യന്‍ ചിന്താവിഷയത്തെ സ്പര്‍ശിച്ചു കൊണ്ടു സംസാരിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ഉദ്ധരിച്ചു കൊണ്ട് മുന്നിലിരിക്കുന്നതു അമേരിക്കയില്‍ വസിക്കുന്ന മലയാളികളാണെന്ന ബോധ്യം തനിക്കു ഉണ്ടെന്ന് അച്ചന്‍ ഭംഗ്യാന്തരേണ സൂചിപ്പിക്കുകയും ചെയ്തു. കോണ്‍ഫറന്‍സിന്റെ ചിന്താവിഷയമായ കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന വിഷയത്തെ പരിചയപ്പെടുത്തിയാണ് കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവര്‍ക്കായി റവ. ഡോ. ജേക്കബ് കുര്യന്‍ സംസാരിച്ചത്. യുവജനങ്ങള്‍ക്കായി മുഖ്യപ്രഭാഷണം നടത്തുന്ന ഫാ. ജേക്ക് കുര്യന്‍ കോണ്‍ഫറന്‍സ് ചിന്താവിഷയം പരിചയപ്പെടുത്തി ചെയ്ത പ്രഭാഷണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അമേരിക്കയിലുണ്ടായിട്ടുള്ള വളര്‍ച്ചയെ സ്വാനുഭവത്തെ ഉദ്ധരിച്ചു സാക്ഷ്യപ്പെടുത്തി. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന തനിക്കും മറ്റ് അനവധി ചെറുപ്പക്കാര്‍ക്കൊപ്പം പൗരോഹിത്യം സ്വീകരിക്കുന്നതിന് കിട്ടിയ പ്രചോദനം സഭയുടെ ആത്മീയ വളര്‍ച്ചയായി കാണേണ്ടിയിരിക്കുന്നു എന്നു പ്രസ്താവിച്ചു. 
സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ് പി. തോമസ് കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട നിയമാവലിയുടെ പ്രസക്തഭാഗങ്ങള്‍ പ്രതിപാദിച്ചു. എബി കുര്യാക്കോസ് റാഫിളിനെപ്പറ്റിയും, നിതിന്‍ എബ്രഹാം മൊബൈല്‍ ആപ്പിനെപ്പറ്റിയും, ആശാ ജോര്‍ജ് വ്യാഴാഴ്ച നടക്കുന്ന ടാലന്റ് നൈറ്റിനെപ്പറ്റിയും സംസാരിച്ചു. അമേരിക്കന്‍ ദേശീയഗാനം റിന്‍സു ജോര്‍ജ് ആലപിച്ചു. ഗായകസംഘം കാതോലിക്ക മംഗളഗാനം പാടി.
സെമിനാരിയന്‍ അമല്‍ പുന്നൂസ്, ട്രഷറര്‍ മാത്യു വറുഗീസ്, ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കോണ്‍ഫറന്‍സ് പ്രാസംഗികന്‍ ഫാ. വിജയ് തോമസ്, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോ എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. തോമസ് മാത്യു,ഡോ. ഫിലിപ്പ് ജോര്‍ജ്, സജി. എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. 
കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വറുഗീസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ യോഗനടപടികള്‍ നിയന്ത്രിച്ചു.
ആത്മീയനിറവില്‍ ഫാമിലി കോണ്‍ഫറന്‍സിനു തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക