Image

സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുന്നതിന്റെ കാരണം സ്ത്രീകള്‍ തന്നെയെന്ന് മംമ്ത; മറുപടിയുമായി റീമ കല്ലിങ്കല്‍

Published on 20 July, 2018
സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുന്നതിന്റെ കാരണം സ്ത്രീകള്‍ തന്നെയെന്ന് മംമ്ത; മറുപടിയുമായി റീമ കല്ലിങ്കല്‍
ഒരു സ്ത്രീ കുഴപ്പത്തില്‍ ചാടുന്നുണ്ടെങ്കില്‍ അവള്‍ക്ക് അതില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന വിവാദ പ്രസ്താവനയുമായി എത്തിയ നടി മംമ്ത മോഹന്‍ദാസിനു മറുപടിയുമായി നടി റീമ കല്ലിങ്കല്‍. ''എനിക്കെതിരെ ഒരു ലൈംഗിക അതിക്രമമോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ ഉണ്ടായാല്‍ അത് ഒരളവോളമെങ്കിലും ഞാന്‍ വിളിച്ചുവരുത്തിയതാണെന്ന് കരുതും '' എന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞിരുന്നു.

ഇതിനു ശക്തമായ മറുപടിയുമായി മംമ്തയെ കൂടി ടാഗ് ചെയ്തുകൊണ്ടാണ് റീമ കല്ലിങ്കല്‍ ഫേസ് ബുക്ക് പൊസ്റ്റിട്ടത്. ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ സ്ത്രീകളല്ലെന്നും അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന ലോകവുമാണെന്ന് റീമ പോസ്റ്റില്‍ പറയുന്നു
'പ്രിയപ്പെട്ട മംമ്ത മോഹന്‍ദാസ് ജീവിതത്തില്‍ പീഡനങ്ങളും ബലാത്സംഗങ്ങളും ഉപദ്രവങ്ങളും സഹിച്ച് മുന്നോട്ട് പോകുന്ന എന്റെ സഹോദരികളേ, സഹോദരന്‍മാരേ, എല്‍.ജി.ബി.ടി വിഭാഗത്തില്‍പ്പെടുന്നവരേ.. 
വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുന്നതിന്റെയും ആക്രമിക്കപ്പെടുന്നതിന്റെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുന്നതിന്റേയും കാരണക്കാര്‍ ഒരിക്കലും നിങ്ങളല്ല. മറിച്ച് നിങ്ങളെ ബലാത്സംഗത്തിനിരയാക്കിയവരും പീഡിപ്പിച്ചവരും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചവരുമാണ്. ഈ തെറ്റുകളെയെല്ലാം നിസ്സാരവത്ക്കരിക്കുന്ന ഒരു സമൂഹവും ഇതിന് ഉത്തരവാദികളാണ്. തെറ്റുകാരെ സംരക്ഷിക്കുന്ന ലോകവും അതിന് ഉത്തരവാദികളാണ്.റീമ പറയുന്നു.
താനുള്‍പ്പെടെയുള്ള 141 വനിതാ കായിക താരങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ഡോക്ടര്‍ക്കെതിരെ പ്രതികരിച്ച 
അലി റെയ്‌സ്മാന്റെ വാക്കുകളും റീമ ഉദ്ധരിയ്ക്കുന്നു.
''നമ്മളുടെ ചെയ്തികളുടെ അല്ലെങ്കില്‍ നിഷ്‌ക്രിയത്വത്തിന്റെ അലയടികള്‍ വളരെ വലുതായിരിക്കും. തലമുറകളോളം നിലനില്‍ക്കുന്നതായിരിക്കും''
മറ്റൊരു വ്യക്തിയുടെ ചെയ്തികള്‍ക്ക് നമുക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല. ഓരോരുത്തര്‍ക്കുവേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും സംസാരിച്ചുകൊണ്ടേയിരിക്കുക. ..നിശ്ബദതയുടേയും അജ്ഞതയുടേയും മതിലുകള്‍ നമുക്ക് തകര്‍ക്കാം.റീമ പോസ്റ്റില്‍ പറയുന്നു.
ഡബ്ലിയു സിസി യുടെ രൂപീകരണത്തെ വിമര്‍ശിയ്ക്കുന്ന പരാമര്‍ശവും മമ്തയുടെ അഭിമുഖത്തിലുണ്ട്. താന്‍ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ല. ഈ സംഘടന രൂപീകരിക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്നില്ലെന്നും രൂപീകരണ സമയത്ത് ഇവിടെയുണ്ടായിരുന്നാലും ഒരു പക്ഷെ ആ സംഘടനയില്‍ ചേരാന്‍ തയ്യാറാവുമായിരുന്നില്ലെന്നും മംമ്ത പറയുന്നു. 

സ്ത്രീകള്‍ക്ക് മാത്രമായി ഡബ്ല്യൂ.സി.സി എന്ന ഒരു സംഘടന രൂപീകരിച്ചതു കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക