Image

രാമായണം:നഷ്ട്ടപ്പെട്ട വാക്കിനെ വീണ്ടെടുക്കാനുള്ള അന്വേഷണം (രാമായണ ചിന്തകള്‍ 5: അനില്‍ പെണ്ണുക്കര)

Published on 21 July, 2018
രാമായണം:നഷ്ട്ടപ്പെട്ട വാക്കിനെ വീണ്ടെടുക്കാനുള്ള അന്വേഷണം (രാമായണ ചിന്തകള്‍ 5: അനില്‍ പെണ്ണുക്കര)
കര്‍ക്കിടകത്തിലെ കറുത്ത ചിന്തകള്‍ക്കും,സങ്കല്പങ്ങള്‍ക്കും മീതെ ശുഭ സന്ദേശവുമായി എത്തുന്ന രാമസങ്കീര്‍ത്തനങ്ങളുടെ നാളുകളില്‍ ഓരോ വീടുകളില്‍ നിന്നും രാമായണ ശീലുകള്‍ പുനര്‍വായനയുടെ ശ്രുതിക്ക് കാതോര്‍ക്കുന്നു ആദി ദ്രാവിഡന് ആടിമാസവും മലയാളിക്ക് കര്‍ക്കിടകവുമായ രാമായണമാസം.ഉമ്മറത്തിരുന്ന് നിറസന്ധ്യയില്‍ രാമനാമമന്ത്രം ജപിക്കുന്ന മുത്തശി പെരക്കിടാവിനുമുന്‍പില്‍ ഒരു പഴയ സംസ്കാരത്തിന്‍റെ പ്രതീകമാകുന്നു .

രാമായണം രാമന്റെ അയനമാണ് .എന്നാല്‍ രാമന്റെ മാത്രം അയനമാണോ ?.അയനം കേവലമായ യാത്രയല്ല.കണ്ടെത്തുന്നതിനുവേണ്ടിയുള്ള പരമമായ ആത്മസഞ്ചാരമാണ് .അനാസ്ക്തിയാണ് അവിടെ ആയുധം.പുരുഷനില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട പ്രകൃതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം .നഷ്ട്ടപ്പെട്ട വാക്കിനെ വീണ്ടെടുക്കാനുള്ള അന്വേഷണം ആണ് രാമന്റെ അയനം .ശിവനും ശക്തിയും തമ്മിലുള്ള സംവാദത്തിലൂടെയാണ് രാമായണത്തിന്റെ ആരംഭം .സീത പ്രകൃതിയാണ് .ഉഴവുചാലില്‍നിന്നും കണ്ടെടുക്കപ്പെട്ടവള്‍.ഉമയും ലക്ഷ്മിയും .

ഉമാമഹേശ്വര സംവാദം അത്യന്തം രഹസ്യമായ വചനമാണെന്നും രാമായണത്തിന്റെ മുഖകുറിപ്പാണെന്നും തുടര്‍ന്നുള്ള കാവ്യഭാഗത്തിന്റെ അടിസ്ഥാനമാണെന്നും മറന്നുകൂട.
പ്രമാനന്ദമൂര്‍ത്തിയായ ശിവനാണ് പറയുന്നത്, രാമന്‍ പരമാന്ദമൂര്‍ത്തിയാണെന്ന്. അതിനര്‍ത്ഥം രാമായണം രാമന്റെ തപസ്സിന്റെ കഥയാണെന്നാണ്, രാമന്‍ പുരുഷനാണ്, സീത പ്രകൃതിയാണ്. ഇത് പറയാന്‍ ശിവനല്ലാതെ മറ്റാര്‍ക്കും അര്‍ഹതയില്ല.

"കാരുണ്യാംബുധേ, കനിഞ്ഞരുളിച്ചെയ്തീടണ
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍"
എന്ന വരികള്‍ ഇപ്പോള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാവുന്നു.
ഉമാമഹേശ്വരന്‍ എന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് തപസിന്റെ പരമാവസ്ഥയായ ആനന്ദം എന്ന ആശയമാണ്. പ്രപഞ്ചമനസ്സായി മറിക്കഴിഞ്ഞ വ്യക്തിമനസ്സില്‍ ആനന്ദം മാത്രമേ ഉള്ളു. ഇതേ അവസ്ഥയുടെ ദ്യോതകമാണ് സീതാരാമസങ്കല്പം . രാമായണം കേവലം വൈഷ്ണവമല്ല. അത് ശൈവ വൈഷ്ണവ സമന്വയത്തിന്റെ ഇതിഹാസമാണ്. അതിനപ്പുറം യോഗശാസ്ത്രപരമായ വ്യാഖ്യാന സാധ്യതയുമാണ്.

രാമയണത്തിന്റെ ഈ രഹസ്യതത്ത്വം അറിയാന്‍ പ്രാപ്തനായ വ്യക്തി "നിത്യബ്രഹ്മചാരികള്‍ മുമ്പനാം ഹനുമാനാണ്" രാമന്റെ നിര്‍ദ്ദേശപ്രകാരം സീത ഈ കാര്യങ്ങള്‍ ഹനുമാനോട് പറയുന്നു. അവസാന വാക്യം

"ജന്മനാശാദികളില്ലാതൊരു വസ്തുപരബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ"

തപശ്ശക്തിയുടെ മികവാണ് ശിവന്‍; ശ്രീരാമനും.
പ്രകൃതിയാണ് പാര്‍വ്വതി; സീതയും.
ഇവരുടെ തത്ത്വം എല്ലാം മറിയുന്നവന്‍ നിത്യബ്രഹ്മചാരിയായ ഹനുമാന്‍. വ്യക്തി നിരപേക്ഷമായ ഒരു തലത്തിലേയ്ക്ക് രാമായണകഥ ഉയര്‍ത്തപ്പെടേണ്ടതുണ്ട്. അതാണ് അതിന്റെ ദര്‍ശികപാഠം.

.രാമായണത്തില്‍ എന്നും കണ്ടെത്തെണ്ടാളവായിത്തീരുന്നു സീത .
ധര്‍മ്മസ്വരൂപനായ രാമന്റെ സ്തുതിയും സ്മൃതിയും കര്‍ക്കിടകത്തില്‍ മാത്രമുള്ളതല്ല.എല്ലാ കാലത്തും ഓരോ നിമിഷവും രാമനാമം വേണ്ടതാണ് .നരന് എങ്ങനെ നരെന്ദ്രനായിത്തീരാമെന്നു രാമന്‍ സ്വവതാരം കൊണ്ട് തെളിയിക്കുന്നു.രാഇരുട്ട് ;മായണം .ഇരുട്ട് മാറണം .ബാഹ്യമായ ഇരുട്ടല്ല .മനസിലെ ഇരുട്ടാണ് മാറേണ്ടത് .അജ്ഞതയും അവിദ്യയും മാറി ജ്ഞാനവും വിദ്യയും ഉണ്ടാകണം .അതാണ് രാമായണത്തിന്റെ നിരുക്തിയും .അന്തസ്സാരവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക