Image

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റില്‍

Published on 23 July, 2018
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റില്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റില്‍. കര്‍ണാടകയിലെ ഹൂബ്‌ളിയില്‍നിന്നാണ് അമിത്, ഗണേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്. ഇതോടെ ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്പതായി. കേസുമായി ബന്ധപ്പെട്ട് മോഹന്‍ നായിക് എന്നയാളെ കഴിഞ്ഞ ദിവസം എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്കു കടക്കുകയാണെന്നും അന്വേഷണ സംഘം സൂചന നല്‍കി. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗൗരി ലങ്കേഷ് ബംഗളുരുവിനെ വീടിനു പുറത്ത് വെടിയേറ്റു കൊല്ലപ്പെടുന്നത്. ഇവര്‍ക്കു നേരെ നിറയൊഴിച്ചത് നേരത്തെ അറസ്റ്റിലായ പരശുറാം വാഗ്മാരെയെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകരായിരുന്ന ഗോവിന്ദ് പന്‍സാരെ, എം.എം.കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചത്. പക്ഷേ, ഈ തോക്ക് ഇതേവരെ അന്വേഷണ സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

അഞ്ചു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹിന്ദു വലതുപക്ഷ തീവ്രവാദ സംഘടനയുടെ ഭാഗമാണ് കൊലയാളികള്‍. മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 60 അംഗ സംഘടനയ്ക്ക് നിശ്ചിത പേരില്ല. ഹിന്ദു ജാഗ്രതി സമിതി, സനാതന്‍ സന്‍സ്ത എന്നീ തീവ്രവാദ സംഘടനകളില്‍നിന്നാണ് കൊലയാളി സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന ആരോപണം ഈ സംഘടനകള്‍ നിഷേധിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക