Image

അണക്കെട്ട് തുറക്കുന്നതിന് മുന്‍പേ (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 26 July, 2018
അണക്കെട്ട് തുറക്കുന്നതിന് മുന്‍പേ  (മുരളി തുമ്മാരുകുടി)
കേരളത്തിലെ ഡാമുകള്‍ പലതും പൂര്‍ണ്ണ സംഭരണ ശേഷിയുടെ അടുത്തെത്തിയിരിക്കുകയാണെന്നും അവ തുറന്നേക്കും എന്നൊക്കെ ചില വാര്‍ത്തകള്‍ വരുന്നുണ്ട്. കുറച്ചു പേരെങ്കിലും ആശങ്കകള്‍ അറിയിക്കാന്‍ വിളിക്കുന്നുമുണ്ട്. ഇത് ശരിയാണോ എന്നറിയില്ല. കേരള ഡിസാസ്റ്റര്‍ മാനേജമെന്റ്‌റ് അതോറിറ്റിയും ഡാം സേഫ്റ്റി അതോറിറ്റിയും ഒക്കെ അത് ക്ലാരിഫൈ ചെയ്യും എന്ന് കരുതാം.

ഈ വിഷയത്തെ പറ്റി കഴിഞ്ഞ മാസം ജൂണ്‍ പതിനാലിന് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ നിന്ന് പ്രസക്തമായ ഒരു ഭാഗം ഇവിടെ പറയുന്നു.

'ഒരു ക്ലൂ തരാം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തന്നെ മഴ തുടങ്ങി, ജൂണില്‍ തന്നെ നല്ല മഴ ഉണ്ട്. ഇക്കണക്കിന് പോയാല്‍ ജൂലൈ ആകുമ്പോഴേക്കും നമ്മുടെ അണക്കെട്ടുകള്‍ ഒക്കെ നിറയാന്‍ തുടങ്ങും. കേരളത്തിലെ ഏറ്റവും വലിയ മഴകള്‍ ഉണ്ടായിട്ടുള്ളത് ജൂലൈ മാസത്തില്‍ ആണ്. വലിയ മഴയോടൊപ്പം അണക്കെട്ടും തുറന്നു വിട്ടാല്‍ താഴെ വെള്ളം പൊങ്ങും, സ്ഥിതി പിടിച്ചാല്‍ കിട്ടാതാകും.

കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പ് എത്രയാണ് എന്ന് ഇപ്പോഴേ അന്വേഷിക്കുക,അവിടുത്തെ റിസര്‍വോയര്‍ മാനേജ്‌മെന്റ് പോളിസി എന്തെന്ന് ചോദിച്ചു മനസിലാക്കുക, മഴക്കാലത്തിന്റെ പകുതി ആകുമ്പോഴേക്കും അണക്കെട്ട് നിറയാന്‍ സാധ്യത ഉണ്ടെങ്കില്‍ ഷട്ടര്‍ തുറക്കുന്നതിന്റെ പോളിസി എന്തെന്ന് ചോദിക്കുക. ഇതൊക്കെ എല്ലാ ദിവസവും ജനങ്ങളെ അറിയിക്കുക. എന്നാല്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കും. അല്ലാതെ ഇപ്പോള്‍ മഴയും കൊണ്ട് ഏചജഇ യും നോക്കി ഇരുന്നിട്ട് ജൂലൈ മഴയില്‍ വെള്ളം പൊങ്ങുകയും അണക്കെട്ട് തുറക്കുകയും സ്പ്രിങ്ങ് ടൈഡ് വരുകയും ഒക്കെ ചെയ്യുന്ന ദിവസം 'എന്റമ്മേ' എന്ന് വിളിച്ചിട്ടും സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ടും എന്ത് കാര്യം ?

നാളത്തെ ദുരന്ത സാധ്യതയെ പറ്റി ചര്‍ച്ച ചെയ്യാനാണ് ജനീവക്ക് വിളിക്കേണ്ടത്. ദുരന്തം ഒഴിവാക്കാനാണ് ഉണ്ടായിക്കഴിഞ്ഞിട്ട് അതിനെ നേരിടുന്നതിലും എനിക്കിഷ്ടം.'

പറഞ്ഞത് പോലെ തന്നെ മഴ ജൂണിലും ജൂലൈയിലും പെയ്തു. വെള്ളം പൊങ്ങി. വേലിയേറ്റം ഏറ്റവും മുകളില്‍ നിന്ന ആഴ്ചയില്‍ ആണ് വെള്ളപ്പൊക്കം ഉണ്ടായതെന്നും ശ്രദ്ധിക്കുക. ഇതൊക്കെ മുന്‍കൂട്ടി പ്രവചിക്കാന്‍ ജ്യോല്‍സ്യമോ സൂപ്പര്‍ കമ്പ്യൂട്ടറോ ഒന്നും വേണ്ട, വിഷയത്തില്‍ താല്പര്യവും, പരിചയവും അല്പം സാമാന്യ ബുദ്ധിയും മതി.

ഭാഗ്യത്തിന് മഴ കനക്കുകയും വേലിയേറ്റം കൂടുകയും ചെയ്ത ആഴ്ചയില്‍ അണക്കെട്ട് നിറഞ്ഞില്ലായിരുന്നു, അല്ലെങ്കില്‍ പണി കംപ്ലീറ്റ് പാളിയേനെ. പക്ഷെ മഴ തീര്‍ന്നിട്ടില്ല, പക്ഷെ ഈ വര്‍ഷത്തെ വെള്ളപ്പൊക്ക സാധ്യത തീര്‍ന്നിട്ടില്ല. പോരാത്തതിന് അണക്കെട്ടുകള്‍ നിറഞ്ഞു വരുന്നു. ഇനിയും മുന്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വികസിത രാജ്യങ്ങളില്‍ നമ്മള്‍ താമസിക്കുന്ന സ്ഥലത്തിന് മുകളില്‍ അണക്കെട്ട് ഉണ്ടാവുകയും അണക്കെട്ട് തുറക്കുകയോ തകരുകയോ ചെയ്താല്‍ നമ്മള്‍ താമസിക്കുന്ന ഇടത്ത് വെള്ളം കേറാന്‍ സാധ്യത ഉണ്ടെന്ന് അവരുടെ പഠനം തെളിയിക്കുകയോ ചെയ്താല്‍ നമ്മള്‍ അവിടെ വീട് താമസിക്കുമ്പോള്‍ തന്നെ ഈ വിവരം അറിയിച്ചിരിക്കും. അങ്ങനെ ഉണ്ടായാല്‍ എങ്ങനെയാണ് മുന്നറിയിപ്പ് വരുന്നതെന്നും അറിയിപ്പ് വന്നാല്‍ ആളുകള്‍ എങ്ങോട്ടാണ് പോകേണ്ടതെന്നും ഉള്ള പ്ലാനും മുന്‍കൂട്ടി തരും. അപ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ പ്ലാന്‍ അനുസരിച്ചു ചെയ്താല്‍ മതി.

ഈ പറഞ്ഞ മോഡലിംഗ് വളരെ എളുപ്പമുള്ളതാണ്. ഒരു അണക്കെട്ട് തകരുകയോ തുറന്നു വിടുകയോ ചെയ്താല്‍ അണക്കെട്ടിന്റെ താഴെ ഓരോ കിലോമീറ്ററിലും എത്ര സമയത്തിനകത്ത് വെള്ളം എത്തും, അത് എത്ര ഉയരത്തില്‍ ആയിരിക്കും, എത്ര മാത്രം ദൂരത്തേക്ക് അത് പരക്കും എന്നൊക്കെ ഈ മോഡലിന് പറയാന്‍ പറ്റും. നമ്മുടെ എല്ലാ എന്‍ജിനീയറിങ് കോളേജിലെയും കുട്ടികള്‍ക്ക് ഒരു വര്‍ഷം പ്രോജക്റ്റ് ആയി കൊടുത്താല്‍ ഒറ്റ വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കാം. എന്നിട്ട് ആ വിവരം ആളുകള്‍ക്ക് ലഭ്യമാക്കുക. പുതിയ സാങ്കേതിക വിദ്യ അനുസരിച്ച് വെള്ളം പൊങ്ങാന്‍ സാധ്യത ഉള്ളയിടത്ത് ഉള്ള മൊബൈല്‍ ഫോണിലേക്ക് മാത്രം വെള്ളം വരാനുള്ള സാധ്യതയെ പറ്റി മെസ്സേജ് അയക്കാനുള്ള സാധ്യത ഉണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെ അല്ല. ഇടുക്കി തുറന്നു വിടുമെന്നോ ഇടമലയാര്‍ തുറന്നു വിടുമെന്നോ ഒക്കെ വാര്‍ത്ത വന്നാല്‍ നമുക്ക് ഒരു ഐഡിയയും ഇല്ല. . കാലടിയിലും ആലുവയിലും ഒക്കെ ഉള്ള ആളുകള്‍ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറയേണ്ടേ ?. വെള്ളം വിമാനത്താവളത്തില്‍ എത്തിക്കഴിയുമ്പോള്‍ ആണ് പലപ്പോഴും. രണ്ടായിരത്തി പതിമൂന്നില്‍ ടര്‍മാക്കില്‍ വെള്ളം കയറിയപ്പോള്‍ ആണ് ' ഭൂതത്താന്‍ കേട്ട് അണക്കെട്ട് തുറന്നാല്‍ നെടുമ്പാശ്ശേരിയില്‍ വെള്ളം കയറും' എന്ന് അണക്കെട്ടുകാര്‍ക്കും വിമാനത്താവളത്തിലുള്ളവര്‍ക്കും മനസ്സിലായത്. പൊതുജനങ്ങളുടെ കാര്യം ചിന്തിക്കാമല്ലോ.

ഈ വര്‍ഷം ഇനിയിപ്പോള്‍ മോഡലിംഗിനും റിസ്‌ക് കമ്മ്യൂണിക്കേഷനും മൊബൈല്‍ ട്രാക്കിങ്ങിനും ഒന്നും സമയമില്ല. പക്ഷെ കേരളത്തില്‍ ഈ വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ടവരോട് കുറച്ച് ആശയങ്ങള്‍ പറയാം. ഈ വകുപ്പുകളില്‍ പരിചയം ഉള്ളവര്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ മതി. (കേരള ഡാം സേഫ്റ്റി അതോറിറ്റിയുടെ വെബ്‌സൈറ്റ് പോലും ഗൂഗിള്‍ നോക്കിയിട്ട് കിട്ടുന്നില്ല)

1. ഡാമിലെ വെള്ളത്തിനെ പറ്റിയുള്ള ആശങ്കകള്‍ അറിയിക്കാനും പരിഹരിക്കാനും വേണ്ടി ഒരു ഹോട് ലൈന്‍ തുടങ്ങുക. വെബ്‌സൈറ്റ് ഉണ്ടെങ്കില്‍ അത് പബ്ലിഷ് ചെയ്യുക.
2.കേരളത്തിലെ ഓരോ അണക്കെട്ടുകളുടെയെയും മാപ്പും അവിടെ നിന്നും വെള്ളം തുറന്നു വിട്ടാല്‍ ബാധിക്കാന്‍ സാധ്യതയുള്ള ഏകദേശ പ്രദേശങ്ങളുടെ ഗൂഗിള്‍ എര്‍ത്ത് മാപ്പും പ്രസിദ്ധീകരിക്കുക 
3 . അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പും എത്രയാണ് പരമാവധി കപ്പാസിറ്റി എന്നും പ്രസിദ്ധീകരിക്കുക. ഏത് നില വരുമ്പോള്‍ ആണ് അണക്കെട്ട് തുറക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത് എന്നും പറയുക.
4 . അണക്കെട്ട് തുറക്കും എന്ന വാര്‍ത്ത വന്നാല്‍ ആളുകള്‍ എന്ത് ചെയ്യണം, ഇങ്ങനെ വ്യാജ വാര്‍ത്ത വന്നാല്‍ എവിടെ നിന്നും ആധികാരിക വാര്‍ത്ത ലഭിക്കും എന്നൊക്കെ ഇപ്പോഴേ പ്ലാന്‍ പബ്ലിഷ് ചെയ്യുക.
5. അണക്കെട്ട് തുറക്കുന്നതിന്റെ ഇരുപത്തി നാല് മണിക്കൂര്‍ മുന്‍പെങ്കിലും വാര്‍ത്ത എല്ലാ മാധ്യമങ്ങളും വഴി പബ്ലിഷ് ചെയ്യുക.
6. വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കുക. വന്നാല്‍ ഉടന്‍ നിഷേധിക്കുക, വാര്‍ത്ത ഉണ്ടാക്കിയവരെ ഉടന്‍ കണ്ടുപിടിച്ചു അറസ്റ്റ് ചെയ്യാനുള്ള സംവിധാനം റെഡിയാക്കുക.

കേരളത്തിലെ അണക്കെട്ടുകള്‍ തുറക്കാന്‍ അത് നിറഞ്ഞു തുളുമ്പേണ്ട ആവശ്യം ഒന്നുമില്ല. മഴ തുടരുകയാണല്ലോ. മഴക്കാലം അവസാനിക്കുന്ന സമയത്ത് അണക്കെട്ടില്‍ പരമാവധി വെള്ളം സംഭരിക്കുക എന്നതാണല്ലോ ഒരു ലക്ഷ്യം അപ്പോള്‍ അതനുസരിച്ചു വേണം റിസര്‍വോയര്‍ സ്‌റ്റോറേജ് ഒപ്ടിമൈസ് ചെയ്യാന്‍. ഈ ട്വന്റി ട്വന്റിയില്‍ ഒക്കെ റണ്‍ റേറ്റ് വച്ച് ഫൈനല്‍ സ്‌കോര്‍ പ്രെഡിക്ട് ചെയ്യുന്ന പദ്ധതി ഉപയോഗിച്ചാല്‍ മതി.

ഇത് വായിക്കുന്നവര്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഡാം സുരക്ഷ നോക്കുന്നവര്‍ ഒന്നും എന്റെ പോസ്റ്റ് വായിക്കുന്നില്ല. അത് കൊണ്ട് നിങ്ങള്‍ ഗൂഗിള്‍ എര്‍ത്ത് എടുത്ത് നിങ്ങളുടെ വീടിനടുത്ത് ഒരു പുഴയുണ്ടോ, ആ പുഴയില്‍ ഒരു അണക്കെട്ട് ഉണ്ടോ എന്നൊന്ന് നോക്കുക. ഉണ്ടെങ്കില്‍ ആ അണക്കെട്ട് തുറന്നു എന്ന വാര്‍ത്ത വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന് ചിന്തിക്കുരുക്. ഉയര്‍ന്ന ഏത് പ്രദേശം ആണ് അടുത്തുള്ളത്, അല്ലെങ്കില്‍ നദിയില്‍ നിന്നും അകലെ അല്ലെങ്കില്‍ ഉയര്‍ന്ന പ്രദേശത്ത് ഏത് ബന്ധു വീടാണുള്ളത്, സ്വന്തം വീടിനകത്ത് വെള്ളം പൊങ്ങിയാല്‍ നശിച്ചു പോകുന്ന എന്ത് വസ്തുക്കള്‍ ആണ് ഉള്ളത്, രണ്ടു നിലയുള്ള വീടാണെങ്കില്‍ എന്ത് വസ്തുക്കള്‍ ആണ് രണ്ടാമത്തെ നിലയിലേക്ക് കയറ്റി വക്കാന്‍ പറ്റുന്നത് എന്നൊക്കെ ഒന്ന് ചിന്തിച്ചു വക്കണം. വെള്ളം പൊങ്ങുന്നതിന് മണിക്കൂറുകള്‍ ഒന്നും വേണ്ട, അത് ചിന്തിക്കാനുള്ള സമയം അല്ല. സ്ഥലം വിടാന്‍ ഉള്ളതാണ്. (പലപ്പോഴും പുഴയില്‍ നിന്നും ഒരു കിലോമീറ്ററിന് അടുത്ത് താമസിക്കുന്നവര്‍ പോലും അവരുടെ അടുത്ത് പുഴയുണ്ടെന്ന് അറിയാറില്ല, ഉദാഹരണം പെരുമ്പാവൂര്‍ നഗരം. കാലടിയും ആലുവയും പുഴയുടെ തീരത്താണ്, അതുകൊണ്ട് അണക്കെട്ട് തുറക്കും എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കും, പക്ഷെ പെരുമ്പാവൂരില്‍ ഉള്ളവര്‍ പുഴ കാണുന്നില്ല, പക്ഷെ പുഴയില്‍ നിന്നും ഒട്ടും ദൂരെ അല്ല പെരുമ്പാവൂരും, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്).

രാത്രി പതിനൊന്നു മണിക്ക് അണക്കെട്ട് തുറക്കുന്ന തീരുമാനം എടുക്കുന്നതും രാവിലെ നാലുമണിക്ക് ആളുകള്‍ വീട്ടിനുള്ളില്‍ വെള്ളം കയറുന്നത് കാണുന്നതും ഈ വര്‍ഷം ഉണ്ടാകില്ല എന്ന പ്രതീക്ഷയോടെ.





അണക്കെട്ട് തുറക്കുന്നതിന് മുന്‍പേ  (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക