Image

30 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 110 അടി താഴ്‌ചയുള്ള കുഴിയില്‍ നിന്ന്‌ മൂന്ന്‌ വയസുകാരിയെ രക്ഷപ്പെടുത്തി

Published on 02 August, 2018
30 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 110 അടി താഴ്‌ചയുള്ള കുഴിയില്‍ നിന്ന്‌ മൂന്ന്‌ വയസുകാരിയെ രക്ഷപ്പെടുത്തി
പാറ്റ്‌ന: വീടിന്‌ സമീപം കളിക്കുന്നതിനിടെ 110 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന്‌ വയസുകാരിയെ രക്ഷപ്പെടുത്തി. 30 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ കുഞ്ഞിനെ പൊലീസും സേനയും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും സുരക്ഷിതമായി പുറത്തെത്തിച്ചത്‌.

110 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടി 45 അടി താഴ്‌ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്‌ച വൈകീട്ട്‌ 4 മണിയോടെയാണ്‌ കുഞ്ഞ്‌ കുഴല്‍ക്കിണറില്‍ വീണത്‌. ബുധനാഴ്‌ച രാത്രി പത്ത്‌ മണിയോടെയാണ്‌ കുഞ്ഞിനെ പുറത്തെടുക്കാനായതെന്ന്‌ മഗര്‍ പൊലീസ്‌ സൂപ്രണ്ട്‌ ഗൗരവ്‌ മംഗ്ല പറഞ്ഞു.

ഉടന്‍ തന്നെ കുഞ്ഞിനെ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മ സുധാ ദേവിയും അച്ഛന്‍ നികികേതയും കുഞ്ഞിനൊപ്പം ആശുപത്രിയില്‍ ഉണ്ട്‌.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ വഹാബ്‌ പറഞ്ഞു. എന്നാല്‍ കുഞ്ഞ്‌ രണ്ട്‌ തവണ ശര്‍ദ്ദിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനയ്‌ക്കായി പാറ്റ്‌നയിലേക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റണോ എന്ന കാര്യത്തില്‍ ഇന്ന്‌ തീരുമാനമെടുക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തവരെ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ അഭിനന്ദിച്ചു. കുഞ്ഞിനെ പുറത്തെത്തിച്ച ആര്‍മി, എന്‍.ഡി.ആര്‍.എഫ്‌ സേനാ അംഗങ്ങളെ നിറഞ്ഞ കൈയടികളോടെയാണ്‌ ജനം സ്വീകരിച്ചത്‌.

കുഴല്‍ക്കിണറിന്‌ സമാന്തരമായി മറ്റൊരു കുഴിയെടുത്തായിരുന്നു കുഞ്ഞിനെ പുറത്തെത്തിച്ചത്‌. കുഴല്‍ക്കിണറിനകത്തേക്ക്‌ സിലിണ്ടര്‍ പൈപ്പ്‌ വഴി ഓക്‌സിജന്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങളായിരുന്നു ആദ്യം ഒരുക്കിയത്‌.

കുഞ്ഞിനോട്‌ സംസാരിക്കാനായി അമ്മയെ ചുമതലപ്പെടുത്തി. കുഞ്ഞിന്‌ ധൈര്യം പകരാനായിരുന്നു ഇത്‌. അമ്മയുടെ ശബ്ദം കുഞ്ഞ്‌ കേള്‍ക്കുന്നുണ്ടെന്നും കുഞ്ഞ്‌ അതിനോട്‌ പ്രതികരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തിയിരുന്നു. മഴവെള്ളം കുഴിയിലേക്ക്‌ എത്താതിരിക്കാനായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌.

ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്‌. വീടിന്‌ മുന്‍വശത്ത്‌ കളിച്ചുകൊണ്ടിരുന്ന കുട്ടി പണി പൂര്‍ത്തിയാവാത്ത കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒറീസയില്‍ സമാനമായ സംഭവം നടന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക