Image

കമ്പകക്കാനം കൂട്ടക്കൊലപാതകം : മന്ത്രവാദിയെ കൊലപ്പെടുത്തിയതു ശിഷ്യന്‍; പിടിക്കപ്പെടാതിരിക്കാനും മന്ത്രവാദം

Published on 06 August, 2018
കമ്പകക്കാനം കൂട്ടക്കൊലപാതകം : മന്ത്രവാദിയെ കൊലപ്പെടുത്തിയതു ശിഷ്യന്‍; പിടിക്കപ്പെടാതിരിക്കാനും മന്ത്രവാദം

തൊടുപുഴ: കമ്പകക്കാനത്തു നടന്നതു തന്റെ മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കൃഷ്ണന്റെ മുന്‍ ശിഷ്യന്‍ നടത്തിയ ഗുരുഹത്യ! കൃഷ്ണന്റെ ഭാര്യയെ യും മക്കളെയും വകവരുത്തിയത് ആക്രമണം തടയാനെത്തിയപ്പോള്‍. കൃഷ്ണന്റെ ശിഷ്യനും സഹായിയുമായിരുന്ന അടിമാലി സ്വദേശി അനീഷിനു വേണ്ടി തെരച്ചില്‍ തുടരുന്നതായാണു പോലീസ് ഭാഷ്യമെങ്കിലും ഇയാള്‍ കസ്റ്റഡിയിലുള്ളതായാണു സൂചന.  കൂട്ടുപ്രതി തൊടുപുഴ കീരികോടി സാലി ഭവനില്‍ ലിബീഷ് ബാബു (28)വിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

 വര്‍ഷങ്ങളോളം കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പരികര്‍മിയായി ഒപ്പംനിന്നുള്ള പരിചയത്തില്‍ സ്വന്തമായി മന്ത്രവാദം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. കൃഷ്ണന്‍ തന്റെ മന്ത്രസിദ്ധി അപഹരിച്ചതാണു കാരണമെന്നു കരുതി അതു തിരിച്ചുപിടിക്കാനായാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൃഷ്ണനു 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്നും കൊലപ്പെടുത്തിയാല്‍ ആ ശക്തി തനിക്കു കിട്ടുമെന്നും അനീഷ് വിശ്വസിച്ചു. കൃഷ്ണന്റെ പക്കലുണ്ടെന്നു കരുതുന്ന മന്ത്രവാദ താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനും പദ്ധതിയിട്ടു. കൃഷ്ണന്റെ വീട്ടില്‍ വന്‍ തുകയും ഒട്ടേറെ സ്വര്‍ണാഭരണങ്ങളുമുണ്ടെന്നും കൊലപ്പെടുത്തിയാല്‍ അതു പങ്കിടാമെന്നും പ്രലോഭിപ്പിച്ച് തൊടുപുഴയില്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന ലിബീഷിനെ ഒപ്പംകൂട്ടി. 

കഴിഞ്ഞ 29നു രാത്രിയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്നു കൊലപ്പെടുത്തിയത്. പിറ്റേന്നു രാത്രി തിരിച്ചെത്തി നാലു പേരെയും കുഴിച്ചുമൂടി. കൃഷ്ണന്റെ വീട്ടില്‍നിന്ന് 20 പവനിലേറെ സ്വര്‍ണാഭരണങ്ങളും 3,500 രൂപയും കവര്‍ന്നു. പിടിക്കപ്പെടാതിരിക്കാനായി ഇവര്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദ കര്‍മ്മങ്ങളും നടത്തിയെന്നു ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക