Image

മുഖ്യമന്ത്രി നാളെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി മാറ്റിയേക്കും; ഗവര്‍ണര്‍ സ്വാതന്ത്ര്യദിന വിരുന്ന് ഉപേക്ഷിച്ചു

Published on 10 August, 2018
മുഖ്യമന്ത്രി നാളെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി മാറ്റിയേക്കും; ഗവര്‍ണര്‍ സ്വാതന്ത്ര്യദിന വിരുന്ന് ഉപേക്ഷിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 7.30ന് സന്ദര്‍ശനം ആരംഭിക്കും. ഹെലികോപ്റ്ററിലാകും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമുണ്ടാകും.  കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും നാളെ കൊച്ചിയില്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു.

മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷം മാറ്റിവച്ചേക്കുമെന്ന് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണാഘോഷം മാറ്റിവച്ച് അതിനായി മാറ്റിവച്ച തുക ദുരിതബാധിതര്‍ക്ക് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ നടത്താനിരുന്ന വിരുന്ന് റദ്ദാക്കി. ഓഗസ്റ്റ് 15ന് വൈകുന്നേരം ആറരയ്ക്ക് നടത്താനിരുന്ന വിരുന്ന് സല്‍ക്കാരമാണ് അദ്ദേഹം റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കാനും ഗവര്‍ണര്‍ തീരുമാനിച്ചു. രാജ്ഭവന്‍ ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക