Image

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുന്നത്‌ വൈദികരുടെ മൊഴിയെടുത്ത ശേഷം

Published on 12 August, 2018
ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുന്നത്‌ വൈദികരുടെ മൊഴിയെടുത്ത ശേഷം

ജലന്ധര്‍: കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്‌ താല്‍ക്കാലിക ആശ്വാസം. ബിഷപ്പിനെ ഇന്ന്‌ ചോദ്യം ചെയ്യില്ലെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി. വൈദികരുടെ മൊഴി എടുത്തതിന്‌ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബിഷപ്പ്‌ ഹൗസിനടുത്തുള്ള പള്ളിയില്‍ വിശ്വാസികള്‍ വരുന്ന സാഹചര്യത്തില്‍, ചോദ്യം ചെയ്യല്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്‌ ഇന്നത്തെ ചോദ്യം ചെയ്യല്‍ മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്‌.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്ന്‌ പഞ്ചാബ്‌ പോലീസ്‌ നേരത്തെ അന്വേഷണ സംഘത്തോട്‌ നിര്‍ദേശിച്ചിരുന്നു. ഇത്‌ കൂടി പരിഗണിച്ചാണ്‌ തീരുമാനം.


കന്യാസ്‌ത്രീകളുടെയും വൈദികരുടെയും മൊഴിയെടുപ്പ്‌ തുടരുന്നതിനാല്‍ അന്വേഷണ സംഘം തിങ്കളാഴ്‌ച്ച ബിഷപ്പിനെ ചോദ്യം ചെയ്യാനാണ്‌ സാധ്യത. നേരത്തെ ബിഷപ്പിനെതിരെ കന്യാസ്‌ത്രീകളും വൈദികരും മൊഴി നല്‍കിയിരുന്നു. ഇടയനൊപ്പം ഒരുദിവസം എന്ന പേരില്‍ മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന പ്രത്യേക പ്രാര്‍ത്ഥനാ യോഗങ്ങളുടെ മറവില്‍ ബിഷപ്പ്‌ പീഡിപ്പിച്ചിരുന്നതായി കന്യാസ്‌ത്രീകള്‍ മൊഴി നല്‍കിയിരുന്നു.

മഠത്തിലെ കമ്പ്യൂട്ടറില്‍ നിന്ന്‌ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ബിഷപ്പിനെതിരാണെന്ന്‌ അന്വേഷണ സംഘം പറഞ്ഞു. വിവിധ കാരണങ്ങളാല്‍ സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്‌ത്രീകളുടെ മൊഴിയും അന്വേഷണ സംഘം എടുക്കുന്നുണ്ട്‌. ഇടയനൊപ്പം ഒരുദിവസം എന്ന പേരില്‍ ബിഷപ്പ്‌ നടത്തിയിരുന്ന പ്രാര്‍ഥനാ യോഗത്തെ കുറിച്ച്‌ അന്വേഷണ സംഘം വിശദമായി അന്വേഷിക്കുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക