Image

സുധാകര്‍ റെഡ്ഡി സി.പി.ഐ. ജനറല്‍ സെക്രട്ടറി

Published on 31 March, 2012
സുധാകര്‍ റെഡ്ഡി സി.പി.ഐ. ജനറല്‍ സെക്രട്ടറി
പാറ്റ്‌ന: എസ്. സുധാകര റെഡ്ഡിയെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നാലു തവണ സിപിഐ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച എ.ബി.ബര്‍ദന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇത്. പാറ്റ്‌നയില്‍ നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. 138 അംഗ ദേശീയ കൗണ്‍സിലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 13 പേര്‍ കാന്‍ഡിഡേറ്റ് അംഗങ്ങളാണ്.

പന്യന്‍ രവീന്ദ്രനെ ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സി.കെ. ചന്ദ്രപ്പന്‍ ദേശീയ സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നു. ഈ ഒഴിവിലേക്കാണ് പന്യന്‍ രവീന്ദ്രനെ എടുത്തിരിക്കുന്നത്. ഒന്‍പത് അംഗങ്ങളാണ് ദേശീയ സെക്രട്ടറിയേറ്റിലുള്ളത്. കാനം രാജേന്ദ്രനും കെ.ഇ. ഇസ്മയിലും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളാകും. കേരളത്തില്‍ നിന്നുള്ള 11 പേരാണ് ദേശീയ കൗണ്‍സിലില്‍ ഉള്ളത്. ബിനോയ് വിശ്വവും ചിഞ്ചുറാണിയും ആണ് പുതുതായി സ്ഥിരം അംഗങ്ങളായത്. ലീഗിലേക്ക് ചേക്കേറിയ എം. റഹ്മത്തുള്ളയുടെയും അനാരോഗ്യം മൂലം കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പ്രഫ. മീനാക്ഷി തമ്പാന്റെയും ഒഴിവുകളിലേക്കാണ് ഇവരുടെ നിയമനം. വി.എസ്. സുനില്‍കുമാറിന് പകരം കെ. രാജന്‍ കാന്‍ഡിഡേറ്റ് അംഗമാകും.

വെളിയം ഭാര്‍ഗവന്‍, സി. ദിവാകരന്‍, കെ.ആര്‍. ചന്ദ്രമോഹന്‍, പി. സോമസുന്ദരം, സത്യന്‍ മൊകേരി, സി.എന്‍. ചന്ദ്രന്‍, കമലാ സദാനന്ദന്‍, ആനിരാജ, പി. സന്തോഷ്‌കുമാര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ കേരളത്തെ പ്രതിനിധീകരിക്കുക. നിലവില്‍ സിപിഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ് സുധാകര്‍ റെഡ്ഡി.

1942 മാര്‍ച്ച് 25 ന് ആന്ധ്രയിലെ കൊന്ധ്രാവ്പള്ളി ജില്ലയിലെ മെഹബൂബ് നഗറിലായിരുന്നു സുരവറാം സുധാകര്‍ എന്ന എസ്. സുധാകര്‍ റെഡ്ഡിയുടെ ജനനം. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സുധാകര്‍ റെഡ്ഡി കമ്മ്യൂണിസ്റ്റ് വഴിയിലെത്തുന്നത്. ആന്ധ്രയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയായിരുന്നു തുടക്കം.ബിരുദ പഠനത്തിന് ശേഷം ഹൈദരാബാദിലെ യൂണിവേഴ്‌സിറ്റി ലോ കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദം സ്വന്തമാക്കി. സിപിഐയുടെ ആന്ധ്ര സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്. 1998 ല്‍ ആന്ധ്രയിലെ നല്‍ഗോണ്ട മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക